ഇടുക്കി: കട്ടപ്പന വെള്ളയാംകുടിയിൽ അമിത വേഗതയിലെത്തിയ ബൈക്ക് ട്രാൻസ്‌ഫോമറിന്‍റെ വേലിക്കെട്ടിനുള്ളിൽ പതിച്ച ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം കണ്ടിരുന്നു. ബൈക്ക് ഓടിച്ച ചെറുപ്പക്കാരൻ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടല്ലോയെന്നാകും ആ ദൃശ്യങ്ങൾ കണ്ടവർ ചിന്തിച്ചിട്ടുണ്ടാവുക. ഈ അപകടം ഉണ്ടായത് മത്സര ഓട്ടത്തിനിടയാണോയെന്ന സംശയവും ഉയരുകയാണ്. ഇത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് മോട്ടോർ വാഹന വകുപ്പ് വകുപ്പ്. ഇതിന് പൊലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരമാണ് വെള്ളയാംകുടിയിൽ അമിത വേഗതയിലെത്തിയ ബൈക്ക് റോഡ് സൈഡിലെ കട്ടിംഗിൽ തട്ടി ട്രാൻസ്ഫോർമറിൻറെ വേലിക്കുള്ളിലേക്ക് വീണത്. ബൈക്ക് ഓടിച്ചിരുന്ന കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
പുറകെയെത്തിയ ബൈക്കുകളിലൊന്നിലാണ് ഇയാൾ സ്ഥലത്തു നിന്നും പോയത്. സംഭവം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് മത്സരയോട്ടം നടത്തിയതായി മനസ്സിലായത്. ഇതേ തുടർന്നാണ് ഒപ്പമുണ്ടായിരുന്ന നാലു ബൈക്കുകൾ ഓടിച്ചിരുന്നവരെ കണ്ടെത്താൻ ഇടുക്കി എൻഫോഴ്സമെൻറ് ആർടിഒ കട്ടപ്പന ഡിവൈഎസ്പിക്ക് കത്തു നൽകിയത്.
അപടകത്തിൽ പെട്ട വാഹനം ഓടിച്ച വിഷ്ണു പ്രസാദിനെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും കേസെടുത്തിട്ടുണ്ട്. അമിത വേഗതയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കാൻ നോട്ടീസ് നൽകി. അടുത്ത ദിവസം വാഹനത്തിൻറെ രേഖകളുമായി ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനു ശേഷം ലൈസൻസ് സസ്പെൻഡ് ചെയ്യും.
നടപടികൾ സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ 12,500 രൂപയുടെ നഷ്ടമുണ്ടായതായി കെഎസ്ഇബി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൽ ഇല്ട്രിസിറ്റി ആക്ട് അടക്കം ഉൾപ്പെടുത്തിയാണ് വിഷ്ണു പ്രസാദിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.