ട്രെയിൻ പാലത്തിലെത്തിയാൽ വടികൊണ്ട് അടി; ആലുവയിൽ ട്രെയിൻ യാത്രക്കാരെ കൊള്ളയടിക്കുന്നവർ പിടിയിൽ

കൊച്ചി: ട്രെയിനിലെ പിടിച്ചുപറി സംഘം പിടിയിലായി. യാത്രക്കാരുടെ മൊബൈലും പണവും മോഷ്ടിക്കുന്ന സംഘമാണ് പോലീസിന്റെ പിടിയിലായത്. ഷൈന്‍, അഭിഷേക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആലുവ കേന്ദ്രീകരിച്ചാണ് ഇവരുടെ കവര്‍ച്ച. കഴിഞ്ഞ മാസം 11 ന് മുംബൈയ്ക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസില്‍ ഇവര്‍ കവര്‍ച്ച നടത്തിയിരുന്നു. ട്രെയിനിന്റെ മുന്‍ഭാഗത്തെ കോച്ചിന്റെ വാതിലില്‍ ഇരുന്ന് യാത്രചെയ്തിരുന്ന യാത്രക്കാരന്റെ ഒരു ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ ആണ് സംഘം തട്ടിയെടുത്തത്. പെരിയാര്‍ പാലത്തിലൂടെ ട്രെയിന്‍ വേഗംകുറച്ച് പോകുമ്പോള്‍ ഇത്തരത്തില്‍ യാത്രക്കാരുടെ കൈയിലുള്ള ഫോണും മറ്റും വടികൊണ്ട് അടിച്ചിട്ടാണ് ഇവര്‍ കൈവശപ്പെടുത്തിയിരുന്നത്. കൊച്ചി സ്വദേശിയാണ് ഷൈന്‍, കണ്ണൂര്‍ സ്വദേശിയാണ് അഭിഷേക്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി ഇവര്‍ക്കൊപ്പമുണ്ടെന്ന് റെയില്‍വേ ക്രൈം ഇന്റലിജന്‍സ് സംഘം പറഞ്ഞു.

ഒരാഴ്ച മുന്‍പും ആലുവയില്‍ സമാനരീതിയില്‍ കവര്‍ച്ച നടത്തുന്നവരെ റെയില്‍വേ പോലീസ് പിടികൂടിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെയുള്ള ആറംഗസംഘമാണ് അന്ന് പിടിയിലായത്.

ആലുവ റെയില്‍വേ സ്റ്റേഷനു സമീപമുള്ള പെരിയാര്‍ പാലത്തിലൂടെ വേഗം കുറച്ചാണ് തീവണ്ടികൾ പോകാറുള്ളത്. ഈ അവസരം മുതലാക്കിയാണ് കവര്‍ച്ച നടത്തുന്നത്. മേല്‍പ്പാലത്തിനും റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള ഭാഗത്താണ് കവര്‍ച്ചാസംഘം നിലയുറപ്പിക്കുന്നത്. തീവണ്ടിയെത്തുമ്പോള്‍ വാതിലിന് അടുത്തു നില്‍ക്കുന്നവരെ നീളന്‍ വടികൊണ്ട് ആക്രമിക്കും. കൈയില്‍നിന്ന് താഴേക്ക് വീഴുന്ന വസ്തുക്കള്‍ കൈക്കലാക്കും. അടികൊണ്ട് ആളടക്കം താഴേക്കുവീണാല്‍ മുഴുവൻ സാധനങ്ങളുമായി സംഘം കടന്നു കളയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News