ബാങ്കോക്ക്: നിർമാണപ്രവൃത്തിയുടെ ഭാഗമായുള്ള ക്രെയിൻ മുകളിലേക്ക് വീണ് ട്രെയിൻ പാളംതെറ്റി തീപ്പിടിച്ചു. തായ്‌ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിൽനിന്ന് 230 കിലോമീറ്റർ വടക്കുകിഴക്കായുള്ള സിഖിഹോ ജില്ലയിലെ നഖോൻ രചസിമ പ്രവിശ്യയിലാണ് അപകടം നടന്നത്. ദുരന്തത്തിൽ 22 പേർ മരിച്ചതായാണ് റിപ്പോർട്ട്. 30-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ബുധനാഴ്ച രാവിലെയാണ് തായ്‌ലാൻഡിനെ നടുക്കിയ അപകടമുണ്ടായത്. ബാങ്കോക്കിൽനിന്ന് യുബോൻ രചത്താനി പ്രവിശ്യയിലേക്ക് സർവീസ് നടത്തുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
നിലവിൽ ട്രെയിനുകൾ സർവീസ് നടത്തുന്ന റെയിൽവേ ട്രാക്കിനോട് ചേർന്ന് ഹൈ-സ്പീഡ് റെയിൽ പദ്ധതിയുടെ നിർമാണപ്രവൃത്തികൾ നടന്നുവരികയായിരുന്നു. തൂണുകൾ നിർമിച്ചാണ് പുതിയ ഹൈ-സ്പീഡ് റെയിൽ നിർമിക്കുന്നത്. ഇതിന്റെ നിർമാണപ്രവൃത്തിക്കായി ഉപയോഗിച്ചിരുന്ന കൺസ്ട്രക്ഷൻ ക്രെയിനാണ് ട്രെയിനിന് മുകളിലേക്ക് വീണത്. പിന്നാലെ ട്രെയിൻ പാളംതെറ്റുകയും ട്രെയിനിന് തീപ്പിടിക്കുകയുമായിരുന്നു.
കോച്ചുകളിൽ ആളിപ്പടർന്ന തീ വളരെവേഗം അണയ്ക്കാനായെങ്കിലും യാത്രക്കാരിൽ പലരും അകത്ത് കുടുങ്ങിയത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. അഗ്നിരക്ഷാസേനാംഗങ്ങൾ ഏറെ പണിപ്പെട്ടാണ് കുടുങ്ങികിടന്ന പലരെയും പുറത്തെടുത്തത്.
അപകടത്തിൽപ്പെട്ട ട്രെയിനിൽ 195-ഓളം യാത്രക്കാരുണ്ടായിരുന്നതായി തായ്‌ലാൻഡ് ഗതാഗത മന്ത്രി ഫിപാത് രചകിത്പ്രാകരൻ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.


