താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ആറാംവളവിൽ നവീകരണപ്രവർത്തനങ്ങൾക്കിടെ താഴ്ചയിലേക്കു മറിഞ്ഞ എസ്‌കവേറ്റർ ഉയർത്തിയെടുക്കുന്നതിനായി ചുരത്തിൽ ബുധനാഴ്ച പകൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഖലാസിമാരെ ഉപയോഗിച്ച് രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമിടയിലുള്ള സമയത്തായിരിക്കും പ്രവൃത്തി. സംരക്ഷണഭിത്തിയുടെ പ്രവൃത്തിക്കിടയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് എസ്‌കവേറ്റർ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു പതിച്ചത്.

ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണനിയന്ത്രണവും മറ്റു വാഹനങ്ങൾക്ക് ഭാഗികനിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. ഒൻപതാംവളവിൽ പുതിയ കൈവരിയൊരുക്കുന്നതിന്റെ തുടർപ്രവൃത്തിയും ബുധനാഴ്ച നടക്കും. വ്യൂ പോയിന്റിൽ പാറയിടിഞ്ഞ ഭാഗത്ത് ഗാബിയോൺ നെറ്റ് ഇടുന്ന പ്രവൃത്തിയും നടക്കും. ഈ പ്രവൃത്തികൾ നടക്കുന്ന സമയങ്ങളിൽ ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News