തെലങ്കാന: തിരുവനന്തപുരത്ത് അച്ഛനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്ത സംഭവം വിവാദമായിരിക്കെ സമാനമായ സംഭവം തെലങ്കാനയിലും. എട്ട് വയസുകാരിയായ മകളുടെ മുന്നില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥന്‍ കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ചതാണ് സംഭവം.
തെലങ്കാനയിലെ മഹബൂബ്നഗര്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. തന്റെ മകളെ കൂട്ടി പച്ചക്കറി വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് പിതാവിന് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ ശ്രീനിവാസിനെ പോലീസ് കോണ്‍സ്റ്റബിള്‍ തടയുകയും പിന്നീട് സംഭവത്തില്‍ ഇടപെട്ട എസ്‌ഐ മകളുടെ മുന്നില്‍ വച്ച് പിതാവിനെ അടിച്ചതായാണ് ആരോപണം.
വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങുന്നതിനായി എട്ടു വയസ്സുകാരി മകള്‍ക്കൊപ്പം മാര്‍ക്കറ്റില്‍ എത്തിയതായിരുന്നു പിതാവ്. ആളുകള്‍ ഹെല്‍മറ്റ്, മാസ്‌ക് എന്നിവ ധരിക്കുന്നത് ഉറപ്പുവരുത്താന്‍ രൂപീകരിച്ച പ്രത്യേക സംഘത്തിലെ അംഗമായ സബ് ഇന്‍സ്പെക്ടര്‍ മുനീറുല്ല ആണ് തെലങ്കാന സ്വദേശി ശ്രീനിവാസിന്റെ കരണത്തടിച്ചത്.
ഹെല്‍മറ്റ് ധരിക്കാതെ ശ്രീനിവാസും മകളും പച്ചക്കറി വാങ്ങാന്‍ പോയതു കണ്ട കോണ്‍സ്റ്റബിള്‍ ഇവരെ തടഞ്ഞുനിര്‍ത്തി. ഈ സമയം അവിടെ എത്തിയ എസ്‌ഐ വിഷയത്തില്‍ ഇടപെടുകയും മകളുടെ മുന്‍പില്‍ വച്ചു ശ്രീനിവാസിന്റെ കരണത്തടിക്കുകയും ചെയ്തു. ‘നിങ്ങള്‍ക്ക് എന്റെ പേരില്‍ ചലാന്‍ അടിക്കാം, പിഴയും ഈടാക്കാം.
പക്ഷെ എന്തിനാണ് കരണത്തടിച്ചത്?’ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയില്‍ ശ്രീനിവാസ് ചോദിക്കുന്നു. അതേസമയം മുഖത്തടിക്കുന്ന ദൃശ്യം വീഡിയോയില്‍ ഇല്ല. പോലീസിന്റെ പെരുമാറ്റത്തില്‍ ഞെട്ടിപ്പോയ പെണ്‍കുട്ടി പൊട്ടിക്കരയുകയായിരുന്നു. തെറ്റ് ചെയ്യാത്ത സ്ഥിതിക്ക് ഒന്നിനെ കുറിച്ചും ആശങ്കപ്പെടേണ്ട എന്ന് പറഞ്ഞ് ശ്രീനിവാസ് മകളെ ആശ്വസിപ്പിക്കുന്നതും കാണാം.