ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ട്രാക്ടര്‍ റാലി നടത്തുന്ന കര്‍ഷകര്‍ ചെങ്കോട്ടയ്ക്ക് മുന്‍പില്‍ എത്തി. ചെങ്കോട്ടയ്ക്ക് മുന്‍പിലും പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടെ ഡല്‍ഹി ഐടിഒയില്‍ കര്‍ഷകരെ നിയന്ത്രിക്കാന്‍ കേന്ദ്രസേനയെ വിന്യസിപ്പിച്ചു.
ട്രാക്ടര്‍ റാലിക്കിടെ നടന്ന സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. പോലീസ് ധാരണകള്‍ ലംഘിച്ചുവെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. എട്ടുമണിക്ക് ബാരിക്കേട് തുറന്നുനല്‍കിയില്ല. ട്രാക്ടര്‍ റാലിക്ക് അനുവദിച്ച വഴികള്‍ ബാരിക്കേട് ഉപയോഗിച്ച് അടച്ചുവെന്നും കര്‍ഷകര്‍ ആരോപിച്ചു. അതേസമയം, കര്‍ഷക റാലിക്കെതിരെ ഡല്‍ഹി പൊലീസ് സുപ്രിംകോടതിയെ സമീപിക്കും. സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടും.
അതിനിടെ ട്രാക്ടര്‍ റാലിക്ക് പിന്നാലെ പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ഡല്‍ഹി മെട്രോ ഭാഗികമായി അടച്ചു. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ എത്തിയ കര്‍ഷകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കര്‍ഷകരെ അടിച്ചോടിച്ച പൊലീസ് കര്‍ഷകര്‍ വന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. ട്രാക്ടറുകളുടെ കാറ്റ് അഴിച്ചുവിടുകയും ഇന്ധനടാങ്ക് തുറന്നുവിടുകയും ചെയ്തു.
നേരത്തെ, സിംഗുവില്‍ നിന്ന് തുടങ്ങിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പൊലീസ് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായി. പൊലീസ് കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. ട്രാക്ടര്‍ റാലി റിപ്പബ്ലിക് ദിന പരേഡിന് ശേഷം ആരംഭിക്കണമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ എട്ടുമണിയോടെ റാലി ആരംഭിക്കാന്‍ പൊലീസ് അനുവാദം നല്‍കിയെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.