ഡി.വൈ.എഫ്.ഐ. പ്രഥമ സംസ്ഥാന പ്രസിഡന്റും മുൻ കോഴിക്കോട് മേയറുമായ ടി.പി. ദാസൻ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് മുൻ മേയറും സി.പി.എം. നേതാവുമായ ടി.പി. ദാസൻ (76) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ സി.പി.എം. കോഴിക്കോട് ടൗൺ ഏരിയാകമ്മിറ്റി അംഗമാണ്. ദീർഘകാലം സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.

കോർപ്പറേഷൻ മുൻ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ-ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്ട്രാറുമായ ടി.വി. ലളിതപ്രഭയാണ് (സി.പി.എം. ടൗൺ ലോക്കൽ കമ്മിറ്റിയംഗം) ഭാര്യ. മക്കൾ: മിലി (ആർക്കിടെക്ട്, യു.എൽ.സി.സി.എസ്‌.), മിനി (എച്ച്.ആർ. ഓഫീസർ, കെൽട്രോൺ-തിരുവനന്തപുരം), മിഥുൻ (എൻജിനിയർ, യു.കെ.). മരുമക്കൾ: ബൈജു (പ്രിന്റിങ് പ്രസ്, വെസ്റ്റ്ഹിൽ), സജീഷ് (ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ, ചലച്ചിത്ര നിരൂപകൻ), നീതു (യു.കെ.).

1950 ജൂൺ ഒന്നിന് കൊയിലാണ്ടിയിലാണ് ടി.പി. ദാസന്റെ ജനനം. കാരയാട് എൽ.പി., കൽപ്പത്തൂർ യു.പി., മേപ്പയ്യൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഉൾനാടൻ ഗ്രാമീണ കമ്മ്യൂണിസ്റ്റ് കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. പഠനത്തിനുശേഷം കോഴിക്കോട് ഫിസിക്കൽ എജുക്കേഷൻ കോളേജിൽനിന്ന് ഡിപ്ലോമ നേടി തളി ഗവ. യു.പി. സ്കൂളിൽ താത്കാലിക കായികാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ, 1973-ലെ ചരിത്രപ്രസിദ്ധമായ അധ്യാപകസമരത്തിൽ പങ്കെടുത്ത് ജയിലിലായതോടെ അദ്ദേഹത്തിന് ജോലി നഷ്ടപ്പെടുകയായിരുന്നു. അഡ്വ. ശങ്കരനുശേഷം ഗ്രാമത്തിൽനിന്ന് (അരിക്കുളം പഞ്ചായത്തിലെ കാരയാട്) ചേക്കേറി കോഴിക്കോടിന്റെ നഗരപിതാവായ വ്യക്തിയാണ് ടി.പി. ദാസൻ.

1992 മുതൽ 1994 വരെയാണ് അദ്ദേഹം കോഴിക്കോട് കോർപ്പറേഷൻ മേയറായി സേവനമനുഷ്ഠിച്ചത്. കോൺഗ്രസ് ഐയിലെ സി. കൃഷ്ണൻകുട്ടിയെ 16 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ദാസൻ മേയർ പദവിയിലെത്തിയത്. കോൺഗ്രസ് എസിലെ തെക്കുവീട്ടിൽ വിജയനായിരുന്നു അന്ന് ഡെപ്യൂട്ടി മേയർ. 1996 മുതൽ 2001 വരെ നഗരാസൂത്രണ സ്ഥിരംസമിതി ചെയർമാനായും എൽ.ഡി.എഫ്. കൗൺസിൽ പാർട്ടി നേതാവായും അദ്ദേഹം തിളങ്ങി.

യുവജന പ്രസ്ഥാനങ്ങളുടെ മുൻനിര പോരാളിയായിരുന്ന ടി.പി. ദാസൻ, കെ.എസ്.എഫ്., കെ.എസ്.വൈ.എഫ്. എന്നിവയുടെ സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിച്ചു. 1980-ൽ ഡി.വൈ.എഫ്.ഐ. (DYFI) രൂപവത്കരണ വേളയിൽ സംഘടനയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായും മികച്ച രീതിയിൽ പ്രവർത്തിച്ചു.

1967-ൽ സി.പി.എം. അംഗമായ അദ്ദേഹം പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം, കോഴിക്കോട് മണ്ഡലം കമ്മിറ്റി അംഗം, ടൗൺ ഏരിയാസെക്രട്ടറി എന്നീ നിലകളിൽ ജില്ലയിലുടനീളം പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. സഹകരണ മേഖലയിലും കായിക രംഗത്തും വലിയ സംഭാവനകൾ നൽകിയ അദ്ദേഹം കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാൻ, കേരള അർബൻ ബാങ്ക് ഫെഡറേഷൻ ചെയർമാൻ എന്നീ പദവികൾ വഹിച്ചു. കൂടാതെ സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ, ഉപാധ്യക്ഷൻ, കെ.ടി.ഡി.സി. ഡയറക്ടർ, കല (KALA) പ്രസിഡന്റ്, നടക്കാവിലെ ബാബുരാജ് മ്യൂസിക് അക്കാദമി സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സി.പി.എം. നേതൃത്വവും വിവിധ സാമൂഹിക-സാംസ്കാരിക പ്രമുഖരും അനുശോചിച്ചു.

English Summary

Former Kozhikode Mayor and veteran CPM leader T.P. Dasan (76) passed away at a cooperative hospital in Kozhikode. He served as the first State President of DYFI during its formation in 1980 and later became its State Secretary. Dasan was the Mayor of Kozhikode Corporation from 1992 to 1994 and also served as the President of the Kerala State Sports Council. He is survived by his wife, T.V. Lalithaprabha, and three children.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News