ടി.പി കേസ് പ്രതികൾ കീഴടങ്ങി; ജ്യോതിബാബുവെത്തിയത് ആംബുലൻസിൽ, പ്രതികൾക്കൊപ്പം സി.പി.എം.നേതാക്കളും

കോഴിക്കോട്: ആർ.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടുപ്രതികള്‍ കീഴടങ്ങി. പത്താം പ്രതി കെ. കെ. കൃഷ്ണനും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവുമാണ് കീഴടങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇരുവരും കീഴടങ്ങിയത്.

പ്രതികള്‍ രണ്ട് പേരും മാറാട് പ്രത്യേക കോടതിയില്‍ ഹാജരാകുകയായിരുന്നു. രോഗബാധിതനായ ജ്യോതി ബാബു ആംബുലൻസിലെത്തിയാണ് കോടതിയിൽ ഹാജരായത്. ഡയാലിസിസ് രോ​ഗിയാണ് ഇയാളെന്ന് ഡോക്ടർമാർ കോടതിയെ അറിയിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും. ഇവർക്കൊപ്പം സി.പി.എം നേതാക്കളുമുണ്ടായിരുന്നു.‌‌

കേസിലെ എല്ലാ പ്രതികളും ഈമാസം 26-ന് ഹാജരാകണമെന്ന് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം. ഒഞ്ചിയം ഏരിയ കമ്മിറ്റി മുൻ അംഗമായിരുന്നു കെ.കെ. കൃഷ്ണൻ, കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റിൻ മുൻ അംഗമാണ് ജ്യോതിബാബു. 12 പ്രതികൾ ശിക്ഷാവിധിക്കെതിരേ നൽകിയ അപ്പീലും പരമാവധിശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും സി.പി.എം. നേതാവ് പി. മോഹനനടക്കമുള്ളവരെ കേസിൽ വെറുതേവിട്ടതിനെതിരേ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എം.എൽ.എ. നൽകീയ അപ്പീലുമായിരുന്നു ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

2012 മേയ് നാലിനാണ് ആര്‍എംപി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കോട് വെച്ച് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മില്‍നിന്ന് വിട്ടുപോയി സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോടുള്ള പകവീട്ടുന്നതിന് സിപിഎമ്മുകാരായ പ്രതികള്‍ കൊലപാതകം നടത്തി എന്നാണ് കേസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News