കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ടൊവിനോ തോമസ്. മിന്നൽ മുരളി എന്ന ഹിറ്റ് ചിത്രത്തിലൂടെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർന്ന നടൻ ഏറ്റവും പുതിയ ചിത്രമായ തല്ലുമാലയിലൂടെ തന്റെ സ്റ്റാർഡം ഉയർത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിൽ ഉണ്ടനീളമുള്ള തീയറ്ററുകളിൽ ചിത്രം ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്.
2012 ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു ടൊവിനോയുടെ സിനിമ അരങ്ങേറ്റം. പിന്നീട് പുറത്തിറങ്ങിയ എബിസിഡി എന്ന ചിത്രത്തിലെ വില്ലൻ വേഷം ടോവിനോയ്ക്ക് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിക്കൊടുത്തു. എന്നാൽ 2015 ൽ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രമാണ് നടന്റെ കരിയറിൽ വഴിതിരിവായത്.
പിന്നീട് അങ്ങോട്ട് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ടൊവിനോ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഇന്ന് മലയാള സിനിമയുടെ അഭിവാജ്യ ഘടകമാണ് ടൊവിനോ തോമസ് എന്ന നാടൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സിനിമയിലേക്ക് ഉള്ള തന്റെ കഷ്ടതകൾ നിറഞ്ഞ യാത്രയെ കുറിച്ചും അതിനിടയിലെ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം താരം പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്.
2014 ൽ ആയിരുന്നു ടൊവിനോ തോമസിന്റെ വിവാഹം. തന്റെ പ്രണയിനി ലിഡിയയെ ആണ് ടൊവിനോ വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇപ്പോൾ പ്രണയം വീട്ടിൽ പിടിച്ചപ്പോൾ ഉണ്ടായ രസകരമായ സംഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ടൊവിനോ. ധന്യ വർമയുമായുള്ള അഭിമുഖത്തിൽ തന്റെ ചേട്ടനെ കുറിച്ച് വാചാലനാകുന്നതിന് ഇടയിലാണ് താരം പ്രണയം വീട്ടിൽ പിടിച്ചപ്പോൾ ഉണ്ടായ രസകരമായ സംഭവവും വിവരിച്ചത്. ടൊവിനോയുടെ വാക്കുകൾ ഇങ്ങനെ.
‘എനിക്ക് വേണ്ടി എപ്പോഴും സംസാരിച്ചിരുന്നത് ചേട്ടനാണ്, എല്ലാ കാര്യങ്ങളിലും അങ്ങനെ ആണ്. എന്റെ പ്രണയകാര്യം പോലും വീട്ടിൽ പപ്പയോട് സംസാരിച്ചത് ചേട്ടനാണ്. അവനിഷ്ടമുള്ള ആളെയല്ലേ അവൻ കല്യാണം കഴിക്കേണ്ടത്? എന്നൊക്കെ ചോദിച്ചു. അതും ഏത് പ്രായത്തിലാണെന്ന് നോക്കണം, എന്നേക്കാൾ ഒരു വയസ്സേ അവനു മൂപ്പുള്ളൂ.’
‘പ്രേമം വീട്ടിൽ അറിഞ്ഞപ്പോൾ അപ്പൻ ആദ്യം കുറച്ചു കലിപ്പായിരുന്നു. അന്ന് എനിക്ക് 19 വയസ്സായിരുന്നു പ്രായം. ഞാൻ പറഞ്ഞിട്ട് അറിഞ്ഞതല്ല, വേറൊരു വഴിയ്ക്ക് അറിഞ്ഞതാണ്. അന്ന് കോടതി മുറി പോലെയായിരുന്നു വീട്. അപ്പൻ അവിടെ ഇരിക്കുന്നു, ചേട്ടൻ ഒരു സൈഡിലിരിക്കുന്നു, അമ്മയും ചേച്ചിയും അപ്പുറത്തെ വശത്ത്. അവർ കോടതിയിലെ കാഴ്ചക്കാർ, ചേട്ടൻ എന്റെ വക്കീൽ, അപ്പൻ ജഡ്‌ജി, ഞാൻ മറ്റേ പ്രതി. അപ്പന്റെ ഓഫീസ് റൂമിലാണ് ഇരിക്കുന്നത്’
‘എനിക്ക് അവളില്ലാതെ പറ്റില്ല എന്നൊക്കെ പറഞ്ഞ് ഞാൻ സങ്കടപ്പെടുന്നു. നോക്കട്ടെ, പഠനമൊക്കെ കഴിഞ്ഞ് അന്നും ഇതു നിലനിൽക്കുന്നുണ്ടെങ്കിൽ നമുക്ക് ആലോചിക്കാം എന്നൊക്കെ പറഞ്ഞു. അതും കഴിഞ്ഞ് എന്നെ മാറ്റി നിർത്തിയിട്ട് പുള്ളി വേറൊരു കാര്യം കൂടി പറഞ്ഞു.’
‘ഇഷ്ടമുള്ള പെണ്ണിനെ കല്യാണം കഴിച്ചു കഴിഞ്ഞാൽ നിന്നെ വീട്ടിൽ നിന്ന് പുറത്താക്കി പാതി സ്വത്ത് തരില്ല എന്നു പറയുന്ന സിനിമയിലെ അപ്പന്മാരെ പോലെയൊന്നുമല്ല ഞാൻ. നീ ആരെ കല്യാണം കഴിച്ചാലും കല്യാണം കഴിക്കുന്ന അന്നു മുതൽ അവളെന്റെ മോളാണ്. അതിൽ മാറ്റമൊന്നുമില്ല. പക്ഷേ നിന്റെ പ്രായം ഇതായതോണ്ട് നിനക്കൊരു തീരുമാനമെടുക്കാനുള്ള പക്വതയുണ്ടോ എന്നനിക്കറിയില്ല. ഇങ്ങനത്തെ ഒരു അപ്പനാണ് അദ്ദേഹം,’ ടൊവിനോ തോമസ് ഓർത്തു.