EntertainmentKeralaNews

‘ഇന്ന് നിങ്ങൾ പരിഹസിക്കുമായിരിക്കും, ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തും’

‘മിന്നൽ മുരളി’യിലൂടെ പാൻഇന്ത്യൻ സ്റ്റാറായി മാറുകയാണ് ടൊവിനോ തോമസ്. ഇന്ത്യയിൽ നെറ്റ്ഫ്ലിക്സിന്റെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നാമതായി തുടരുന്ന ‘മിന്നൽ മുരളി’യിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരമായി ടൊവിനോ മാറിക്കഴിഞ്ഞു. എളുപ്പമായിരുന്നില്ല ടൊവിനോയുടെ ഈ ജൈത്രയാത്ര. ദീർഘനാളത്തെ പരിശ്രമങ്ങൾക്കും കഷ്ടപ്പാടിനും ശേഷമാണ് ടൊവിനോ ഈ നിലയിൽ എത്തുന്നത്. അദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെയും നേരിടേണ്ടി വന്ന വെല്ലുവിളികളുടെയും വ്യാപ്തി വ്യക്തമാക്കുന്ന പഴയൊരു പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.’– 2011 ജൂണിൽ ടൊവിനോ ഫെയ്‌സ്ബുക്കിൽ കുറിച്ച വാക്കുകളാണിത്.

രണ്ടു വർഷം മുൻപും ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ‘മിന്നൽ മുരളി’യുടെ വിജയത്തിന് പിന്നാലെ വീണ്ടും ഇതേ കുറിപ്പ് ആരാധകർ ഏറ്റെടുക്കുന്നു. തമിഴ് ആരാധകർ അടക്കമുളളവർ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

2012 ൽ സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പ്രഭുവിന്റെ മക്കള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഗപ്പി, ഒരു മെക്സിക്കന്‍ അപാരത, തരംഗം, ഗോദ, മായാനദി, തീവണ്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ ടൊവിനോ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറുകയായിരുന്നു. ‘മാരി 2’ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴകത്തും ടൊവിനോ വരവറിയിച്ചു.

‘മിന്നൽ മുരളി’ വമ്പൻ വിജയമായതോടെ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാനുള്ള തയാറെടുപ്പിലാണ് ടൊവിനോയും ബേസിൽ ജോസഫും. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നാരദൻ’ ആണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button