കൊച്ചി:വര്‍ഷങ്ങള്‍ക്കു മുമ്പ് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചു തുറന്നു പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. സഹനിർമാതാവുകയും അഭിനയിക്കുകയും ചെയ്ത ‘ഗാര്‍ഗി’ എന്ന സിനിമയെക്കുറിച്ച് ‘സിനിമ വികടനു’ നൽകിയ അഭിമുഖത്തിലാണ് തനിക്കുണ്ടായ മോശം അനുഭവത്തെപ്പറ്റിയും അതുണ്ടാക്കിയ ആഘാതത്തെപ്പറ്റിയും ഐശ്വര്യ പറഞ്ഞത്.
‘‘എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ മോശമായ സ്പര്‍ശം നേരിടേണ്ടിവന്നിട്ടുണ്ടാവും. മോശമായി സ്പര്‍ശിക്കുന്നത് ഇപ്പോഴും ഒരു പ്രശ്‌നമാണ്. ഇപ്പോഴും നമ്മളതിലൂടെ കടന്നു പോവുന്നു. ചെറുപ്പത്തില്‍ ഗുരുവായൂരിൽവച്ച് അങ്ങനെ ഒരു സംഭവം എനിക്കും നേരിടേണ്ടിവന്നു.
കോയമ്പത്തൂരില്‍ വച്ച് ഒരു സിനിമാ പ്രമോഷനിടെയും അങ്ങനെ സംഭവിച്ചു.
ഇപ്പോള്‍ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഞാൻ പ്രതികരിക്കും. പക്ഷേ ചെറിയ പ്രായത്തിൽ എങ്ങനെ പ്രതികരിക്കണമെന്നു നമുക്ക് അറിയില്ലല്ലോ. അത്തരം കാര്യങ്ങള്‍ പിന്നീടും നമ്മുടെ മനസ്സില്‍ നില്‍ക്കും. അന്ന് ഗുരുവായൂരിൽ മഞ്ഞയില്‍ സ്‌ട്രോബറി പ്രിന്റുകള്‍ ഉള്ള ഉടുപ്പായിരുന്നു ധരിച്ചത്. മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചാല്‍ മോശമായെന്തെങ്കിലും നടക്കുമെന്ന് പിന്നീടു കുറേക്കാലം ഞാന്‍ കരുതിയിരുന്നു. പക്ഷേ പിന്നെ ഞാനതിനെ തരണം ചെയ്തു. ഇപ്പോള്‍ ഞാന്‍ കൂടുതലായും ധരിക്കുന്ന കളര്‍ മഞ്ഞയാണ്.
ഇത്തരം പ്രശ്‌നങ്ങളില്‍ മാറ്റമുണ്ടാകുമോ എന്ന് എനിക്കറിയില്ല. ഗാര്‍ഗി പോലുള്ള സിനിമകളില്‍ അവ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത്തരം സിനിമകള്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോവുന്നവരുടെ മാനസിക സംഘര്‍ഷങ്ങള്‍ ചര്‍ച്ചയാവണം’’–ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഐശ്വര്യ ലക്ഷ്മിയുടെ പുതിയ തമിഴ് ചിത്രമാണ് ഗാട്ട ഗുസ്തി. രാക്ഷസന്‍ സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ വിഷ്ണു വിശാല്‍ ആണ് നായകന്‍. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തമിഴ്നാട്ടിൽ ലഭിക്കുന്നത്. പൊന്നിയിൻ സെൽവനു ശേഷം റിലീസ് ചെയ്യുന്ന ഐശ്വര്യയുടെ തമിഴ് ചിത്രം കൂടിയാണിത്. മലയാളത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം കുമാരിയായിരുന്നു. നിര്‍മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്തത്.