മുംബൈ: പീഡന കേസിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനോയ് കോടിയേരിയുടെ (Binoy Kodiyeri) ഡിഎന്‍എ ഫലം (dna result) പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബിഹാർ സ്വദേശിനി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടുമെന്നും യുവതി പറഞ്ഞു. ഡിഎന്‍എ ഫലം കോടതിയിലെത്തി ഒരു വർഷം പിന്നിടുമ്പോഴാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് മാറ്റി.
കേസ് തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജിയിലാണ് ബോംബെ ഹൈക്കോടതി ഡിഎൻഎ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടത്. 2019 ജൂലൈ 29 നാണ് ബൈക്കുളയിലെ ജെജെ ആശുപത്രിയിൽ ബിനോയി കോടിയേരിയുടെ ഡിഎൻഎ പരിശോധനയ്ക്കായി രക്ത സാമ്പിൾ ശേഖരിച്ചത്. കഴിഞ്ഞ വർഷം ഡിസംബറില്‍ സീൽ ചെയ്ത കവറിൽ ഫലം കോടതിയിൽ സമർപ്പിച്ചിരുന്നു. ബിഹാർ സ്വദേശിനിയായ യുവതി 2019 ജൂൺ 13-നാണ് ബിനോയിക്കെതിരെ പീഡന പരാതി നൽകിയത്. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്നാണ് യുവതിയുടെ പരാതി.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ യുവതി പറയുന്നു. കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസില്‍ കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15 ന് മുംബൈ പൊലീസ് അന്ധേരിയിലെ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരുന്നു. 678 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമര്‍പ്പിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് ഒന്നരവർഷത്തിന് ശേഷമായിരുന്നു മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.