പൊള്ളാച്ചി: തക്കാളി വില കുത്തനെ കുറഞ്ഞു. കിണത്തുക്കടവ് മാർക്കറ്റിൽ കഴിഞ്ഞ ദിവസം അഞ്ച് രൂപയായിരുന്നു കിലോയ്ക്ക് വില. 110 രൂപയിൽ നിന്നുമാണ് ഈ വിലയിടിവ് . കിണത്തുക്കടവ്, ആനമല ,വേട്ടക്കാരൻ പുതൂർ, മടത്ത്ക്കുളം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും തക്കാളി വരവ് വർധിച്ചതോടെയാണ് വില കുത്തനെ ഇടിഞ്ഞത്. കഴിഞ്ഞ ചില മാസങ്ങളായി തക്കാളി വില കൂടുന്ന നിലയിലായിരുന്നു.
ഒരാഴ്‌ച മുൻപ് കിലോയ്‌ക്ക് ഇരുനൂറ് രൂപ വരെ വില എത്തിയപ്പോൾ കേരളത്തിൽ തക്കാളി ഉൽപാദനം കുറവായിരുന്നു. ഇപ്പോൾ വിളവെടുപ്പ് തുടങ്ങിയപ്പോൾ തക്കാളി വില പടവലങ്ങ പോലെ താഴോട്ട് പോയി. നാലും അഞ്ചും രൂപയ്‌ക്കാണ് തക്കാളി വിൽക്കുന്നത്.
തക്കാളി വില ഉയർന്നപ്പോൾ പിടിച്ചു കെട്ടാൻ സർക്കാർ പല മാർഗങ്ങളും സ്വീകരിച്ചു. എന്നാൽ വില താഴോട്ട് വരുമ്പോൾ നടപടി ഇല്ലാത്തത് എന്തു കൊണ്ടാണെന്ന് കർഷകർ ചോദിക്കുന്നു. 16 ഇനം പച്ചക്കറികൾക്ക് താങ്ങുവില പ്രഖ്യാപിച്ചെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.