മുംബൈ:സ്‌പോര്‍ട്‌സില്‍ നിന്നും സിനിമയിലേക്ക് കരിയര്‍ ഷിഫ്റ്റ് ചെയ്ത ഒരുപാട് താരങ്ങളുണ്ട്. ദീപിക പദുക്കോണ്‍ മുതല്‍ റിതിക സിങ് വരെയുള്ളവര്‍ ആ പട്ടികയിലുള്ളവരാണ്. അക്കൂട്ടത്തില്‍ ഒരാളാണ് യുവ നടി സയാമി ഖേര്‍. ക്രിക്കറ്റില്‍ നിന്നുമാണ് സയാമി ഖേര്‍ സിനിമയിലെത്തുന്നത്. തെലുങ്കിലൂടെയായിരുന്നു സയാമിയുടെ തുടക്കം. 2016 ല്‍ പുറത്തിറങ്ങിയ മിര്‍സ്യാ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തി.
പിന്നീട് നിരവധി സിനിമകളിലും സീരീസുകളിലുമൊക്കെ സയാമി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തുണ്ടായ മോശം അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സയാമി ഖേര്‍. തന്നോട് കോസമെറ്റിക് സര്‍ജറിയ്ക്ക് വിധേയയാകാന്‍ ആവശ്യപ്പെട്ടുവെന്നാണ് സയാമിയുടെ വെളിപ്പെടുത്തല്‍. 18 വയസുള്ളപ്പോഴാണ് തനിക്ക് ആ അനുഭവമുണ്ടായതെന്നാണ് സയാമി പറയുന്നത്.
”തുടക്കകാലത്ത് എന്നോട് ലിപ് ജോബും നോസ് ജോബുമൊക്കെ ചെയ്യാന്‍ പറഞ്ഞവര്‍ ഒരുപാടുണ്ട്. ഒരു പതിനെട്ടുകാരിയോട് അങ്ങനെ പറയുന്നത് തെറ്റാണെന്ന് കരുതുന്നു. സമൂഹം നമ്മളെ നമ്മളായി അംഗീകരിക്കുന്നുണ്ട്. പക്ഷെ ഈ ഇന്‍ഡസ്ട്രിയുടെ രീതികളോട് നമുക്ക് ചേര്‍ന്നു പോകാന്‍ പറ്റില്ല” എന്നാണ് സയാമി പറയുന്നത്. ”ഈ അളവുകള്‍ എന്നെ യാതൊരു തരത്തിലും ബാധിക്കുന്നില്ല. പക്ഷെ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ നിന്നും ഇത് എന്നന്നേക്കുമായ ഇല്ലാതാകട്ടെ എന്ന് കരുതുന്നു. നമുക്ക് വൈവിധ്യങ്ങളെ അംഗീകരിക്കാനാകണം” എന്നും സയാമി പറയുന്നു.
താന്‍ കുടുംബത്തിന്റേയും സുഹൃത്തുകളുടേയും അഭിപ്രായങ്ങള്‍ മാത്രമാണ് സ്വീകരിക്കാറുള്ളതെന്നും താരം പറയുന്നു. ക്രിയാത്മക വിമര്‍ശനങ്ങള്‍ നമ്മളെ വളര്‍ത്തുന്നതാണ്. തന്നെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ് ചുറ്റുമുള്ളത് എന്നതില്‍ താന്‍ സന്തോഷിക്കുന്നതായും സയാമി പറയുന്നു. നേരത്തെ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവവും സയാമി പങ്കുവച്ചിരുന്നു.
”ഞാനൊരു ഫില്‍മി കിഡ് അല്ല. നാഗ്പൂരിലാണ് വളര്‍ന്നത്. ഷോബിസില്‍ നിന്നെല്ലാം വളരെ ദൂരെ. ഞാനും എന്റെ ആന്റിയും (തന്‍സി അസ്മി) ആരെന്ന് ആര്‍ക്കും അറിയില്ല. ഒരു വൃത്തികെട്ടവന്‍ ഫോണിലൂടെ എന്നോട് മോശമായി പെരുമാറി. എന്റെ സിനിമാ പാരമ്പര്യം എന്തെന്ന് അവന് അറിയില്ലായിരുന്നു. അവന്‍ കരുതി ഞാന്‍ ആ കെണിയില്‍ വീഴുമെന്നാണ്. അതിനെ കാസ്റ്റിംഗ് കൗച്ച് എന്ന് വിളിക്കാമോ എന്നറിയില്ല. പക്ഷെ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുന്ന ഒരുപാട് പേരുണ്ട്” എന്നായിരുന്നു സയാമി പറഞ്ഞത്.
”ഞാന്‍ 16-ാം വയസിലാണ് മോഡലിംഗ് തുടങ്ങുന്നത്. എന്റെ കൂട്ടുകാരി കാരണമാണത്. ഞാന്‍ ആദ്യത്തെ പോര്‍ഫോളിയോ ചെയ്യുന്നതിന് മുമ്പ് അവള്‍ എന്നെ പിടിച്ചിരുത്തി ഉപദേശിച്ചു. ഇന്‍ഡസ്ട്രിയിലെ രീതികളെക്കുറിച്ച് പറഞ്ഞു തന്നു. മയക്കുമരുന്ന് ഉപയോഗിക്കരുത്, മദ്യപിക്കുകയോ അടുത്ത പത്ത് വര്‍ഷത്തേക്ക് പ്രണയത്തിലാവുകയോ ചെയ്യരുതെന്ന് പറഞ്ഞു”.
”എന്നെ സംരക്ഷിക്കുകയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയവരുമായി കുറേ ആളുകളുണ്ട്. സ്ത്രീകള്‍ ചൂഷണം നേരിടുന്നുവെന്നത് സങ്കടകരമാണ്. ഞാനും സമാന അവസ്ഥ നേരിട്ടിട്ടുണ്ട്. അന്ന് അവരോട് മേലാല്‍ എന്നെ വിളിക്കരുതെന്ന് തറപ്പിച്ച് പറഞ്ഞു. ഇവിടെ ഒരു സപ്പോര്‍ട്ട് സിസ്റ്റം ഇല്ലെങ്കില്‍ ഭയങ്കര ബുദ്ധിമുട്ടാണ്. എന്റെ കുടുംബം പിന്തുണയുമായി ഉണ്ടായിരുന്നുവെന്നതില്‍ ഒരുപാട് സന്തോഷമുണ്ട്” എന്നും സയാമി പറഞ്ഞു.