കൊച്ചി:വർഷങ്ങളായി ചെറുതും വലുതുമായ വേഷങ്ങളിലൂടെ കരിയറിൽ തുടരുന്ന നടനാണ് ബൈജു സന്തോഷ്. സിനിമകൾക്കപ്പുറം എന്ത് കാര്യവും തുറന്ന് സംസാരിക്കുന്ന പ്രകൃതമായതിനാൽ തന്നെ ഓഫ് സ്ക്രീനിലും ബൈജു സന്തോഷ് പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ചെറിയ വേഷങ്ങളാണെങ്കിലും ഡയലോഗ് ഡെലിവറിയിലൂടെ ബൈജു തന്റെ കഥാപാത്രത്തെ വ്യത്യസ്തമാക്കാറുണ്ട്.
ലൂസിഫറിലുൾപ്പെടെ നടൻ ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമാ രംഗത്ത് നിന്നുള്ള രാഷ്ട്രീയ പ്രവർത്തകരെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബൈജു സന്തോഷ്.
‘സുരേഷ് ഗോപി എംപിയായിരുന്നു സമയത്ത് അദ്ദേഹത്തിന്റെ ഫണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന എല്ലാം ചെയ്തിട്ടുണ്ട്. സ്വന്തം കൈയിൽ നിന്ന് കാശ് ചെലവാക്കി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ നല്ല മനസ്സ്’
‘സുരേഷ് ഗോപി ഇത്തവണ മത്സരിക്കുന്നുണ്ടല്ലോ. നമുക്ക് വിജയിക്കുമോ ഇല്ലയോ എന്ന് നോക്കാം’
‘സെൻട്രലിൽ ബിജെപി വരുമെന്നാണ് നിഗമനം. അദ്ദേഹം തൃശൂരിൽ നിന്ന് ജയിച്ചാൽ ആ ജില്ലയ്ക്ക് എന്തെങ്കിലും ഗുണമുണ്ടാലും. വന്നാൽ എന്തെങ്കിലും ചെയ്യുന്ന ആളാണ്. സാധ്യതയുണ്ട് ജയിക്കാൻ’
‘ഇത്തവണ ജയിച്ചില്ലെങ്കിൽ ഇനി ഒരിക്കലും മത്സരത്തിന് പോവരുതെന്ന് ഞാൻ സുരേഷ് ഗോപിയോട് പറഞ്ഞു. ഇത് അവസാനത്തെ മത്സരമായിരിക്കണമെന്ന്. ഇനി ഞാൻ മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു’
‘ഇന്നസെന്റ് ചേട്ടൻ ചുമ്മാ രസത്തിന് നിന്നതാണ്. ഒരിക്കലും വിചാരിച്ചില്ല ജയിക്കുമെന്ന്. പക്ഷെ ജയിച്ച് പോയി. പുള്ളി പെട്ട് പോയി. അദ്ദേഹം ജയിക്കല്ലേ എന്ന് മനസ്സിൽ വിചാരിച്ച ആളാണ്. പക്ഷെ ജയിച്ച് പോയി. ഞാനീ പറയുന്നത് ഇന്നസെന്റ് ചേട്ടൻ കേട്ടാൽ പറയും ഇവനെങ്ങനെങ്ങനാ എന്റെ മനസ്സ് വായിച്ചതെന്ന്’
‘മുകേഷും ഞാനും വളരെ അടുപ്പമുള്ളയാളാണ്. രണ്ടാമത്തെ ഇലക്ഷനിൽ നിന്നപ്പോൾ അദ്ദേഹത്തോട് ഞാൻ പറഞ്ഞു പ്രവർത്തനം കാര്യക്ഷമമാക്കണം. കാരണം കുറച്ച് പ്രശ്നമുണ്ടെന്ന്. സിനിമയും രാഷ്ട്രീയവും കൂടെ കാെണ്ട് പോയാൽ നമ്മൾ വേഗത്തിൽ മരിച്ച് പോവും’
‘നമ്മളൊരു മനുഷ്യനാണ്. അഭിനയിക്കാൻ പോണം, ചാനൽ പരിപാടിക്ക് പോണം, പൊതു പ്രവർത്തനത്തിന് പോണം ഇതിനുള്ള ആരോഗ്യം വേണ്ടേ,’ ബൈജു സന്തോഷ് പറഞ്ഞു.
പുതുമുഖ നായികമാരെക്കുറിച്ചും നടൻ സംസാരിച്ചു. ‘ഇപ്പോഴത്തെ നായികമാരുടെ സിനിമകൾ ഞാനധികം കണ്ടിട്ടില്ല. എന്റെ കാഴ്ചപ്പാടിൽ ഞാൻ കണ്ടിട്ടുള്ള ഗംഭീര നടിമാർ ശോഭനയും ഉർവശിയും തന്നെയാണ്. ഉർവശി ഹ്യൂമർ ചെയ്യും’
‘ഇവിടെയുള്ള എത്ര നടിമാർക്ക് ചെയ്യാൻ പറ്റും. ശോഭനയ്ക്ക് എന്തിന് അധികം സിനിമ വേണം. മണിച്ചിത്രത്താഴ് എന്ന സിനിമ പോരെ. പുതിയ നടിമാർ അധികം സിനിമകളിലഭിനയിച്ച് അവരുടെ പ്രതിഭ തെളിയിച്ചിട്ടില്ല. ഇപ്പോഴത്തെ നടിമാർ ഇവിടെ മൂന്ന് സിനിമകളിൽ അഭിനയിച്ച് കന്നഡയിലേക്ക് പോവും’
‘അവിടെ നിന്ന് തെലുങ്കിൽ പോയി തമിഴിൽ പോയി ഒരു പോക്കാണ്. എല്ലാവരുമല്ല കുറേപേർ. പണ്ടത്തെ നായികമാർ സിനിമയിൽ കാലങ്ങൾ നില നിന്ന പോലെ ഇപ്പോഴത്തെ നടിമാർക്ക് കഴിയുന്നില്ല. അത് അവരുടെ കുഴപ്പമല്ല. സിനിമ അങ്ങനെയായി മാറി’
‘അവർ നോക്കുമ്പോൾ വെറുതെ ഇവിടെ നിൽക്കുന്നതിലും നല്ലത് അന്യഭാഷയിൽ പോയി കുറേ കാശുമുണ്ടാക്കാം,’ ബൈജു സന്തോഷ് പറഞ്ഞു.