തിരുവനന്തപുരം : കാട്ടാക്കടയിലെ ഷാപ്പില്‍ നിന്ന് 38 കുപ്പി കള്ളും ആഹാര സാധനങ്ങളും മോഷണം പോയി . 38 കുപ്പി കള്ള്, 15 പ്ലേറ്റ് ഇറച്ചി, 10 പ്ലേറ്റ് കപ്പ, 2 കുപ്പി അച്ചാര്‍, ഒരു ട്രേ മുട്ട, 1500 രൂപ എന്നിവയാണ് ഷാപ്പില്‍ നിന്ന് മോഷ്ടിച്ചത്
കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂട്ടിലുള്ള എഐടിയുസി തൊഴിലാളി കമ്മിറ്റി നടത്തുന്ന കള്ള് ഷാപ്പിലാണ് മോഷണം നടന്നത്. ജീവനക്കാരാനായ പ്രഭാകരന്‍ രാവിലെ വന്ന് ഷാപ്പ് തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കുന്നത്. പൂട്ട് പോലും തകര്‍ക്കാതെയായിരുന്നു മോഷണം. അതിവിദഗ്ധമായിട്ടാണ് മോഷണം നടന്നിട്ടുള്ളത്.
അകത്തേക്ക് കള്ളന്‍മാര്‍ കയറിയതിന്‍റെ ഒരു തെളിവും എവിടെയും അവശേഷിപ്പിച്ചിട്ടില്ല. ഒരു മാസം മുമ്പ് കള്ള് ഷാപ്പിന് അടുത്ത് മീന്‍ വളര്‍ത്തുന്ന കുളത്തില്‍ വിഷം കലക്കിയിരുന്നു. സാമൂഹ്യ വിരുദ്ധരുടെ താവളമാണ് രാത്രി ആയാല്‍ ഈ പ്രദേശമെന്നാണ് കള്ള് ഷാപ്പിലെ തൊഴിലാളികള്‍ പറയുന്നത്.
മോഷ്ടിച്ച കള്ള് കുടിച്ചാല്‍ വലിയ വിപത്താകുമെന്നാണ് തൊഴിലാളികൾ പറയുന്നത് .കാരണം ഇതില്‍ 9 കുപ്പി കള്ള് കഴിഞ്ഞ വര്‍ഷത്തെ പരിശോധനയ്‌ക്ക് ശേഷം മാറ്റി വച്ചിരുന്ന സാമ്ബിളുകളാണ്. ഇത് വീര്യമേറിയതും അപകടകാരിയുമാണ്. കാട്ടാക്കട പോലീസ് കേസെടുത്തു.