FeaturedHome-bannerKeralaNews

ഇന്ന് തിരുവോണം,ആഘോഷത്തിമിര്‍പ്പില്‍ മലയാളികള്‍

പൊന്നിൻ തിരുവോണത്തെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികൾ. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം. നാടും നഗരവും മറുനാടൻ മലയാളികളും ആഘോഷ ലഹരിയിലാണ്. കാലം മാറിയാലും ആഘോഷത്തിന്‍റെ തനിമയ്ക്ക് മാറ്റമില്ല. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ് മലയാളികൾ ഓണദിനം ആഘോഷിക്കുന്നത്. പൊന്നോണ പൂവട്ടവുമായി പൂമുഖവും സദ്യവട്ടങ്ങളുമായി അടുക്കളയും തിരുവോണ നാളില്‍ ഒരുങ്ങി കഴിഞ്ഞു. 

തിരുവോണ ദിനമായ ഇന്ന് കേരളത്തിലെ ഏക വാമനമൂർത്തി ക്ഷേത്രമായ തൃക്കാക്കര ക്ഷേത്രത്തിൽ തിരുവോണ മഹോത്സവം നടക്കും. രാവിലെ ഏഴരക്കാണ് മഹാബലി എതിരേൽപ്പ് ചടങ്ങ് നടക്കുക. തൃക്കാക്കരയിൽ വച്ചാണ് മഹാബലിക്ക് വാമനൻ മോക്ഷം നൽകിയതെന്നാണ് വിശ്വാസം. ശ്രീബലിക്ക് ശേഷം പത്തരയോടെയാണ് നഗരസഭയുടെ നേതൃത്ത്വത്തിൽ തിരുവോണ സദ്യ നടക്കുക. ഇരുപതിനായിരത്തോളം പേർ സദ്യക്ക് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

എല്ലാവർക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ്. സാഹോദര്യം പടരാനും  പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു. 

മലയാളികള്‍ക്ക് ഓണാശംസയുമായി എം കെ സ്റ്റാലിന്‍

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭാഷാ അടിസ്ഥാനത്തിൽ നമ്മൾ സഹോദരങ്ങളാണെന്നും തെക്കെയിന്ത്യയിലെ പുരോഗമന ആശയങ്ങൾ രാജ്യം മുഴുവനും പടരുന്ന വർഷമാകട്ടെയെന്നും എം കെ സ്റ്റാലിൻ ആശംസയിൽ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും മലയാളികൾക്ക് ഓണാശംസകൾ അറിയിച്ചിരുന്നു. സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പരിമിതിക്കുള്ളിൽ നിന്നു കൊണ്ടാണെങ്കിലും ഓണം ഐശ്വര്യ പൂർണമാക്കാൻ വേണ്ടതൊക്കെ ചെയ്തുവെന്നും ക്ഷേമ പെൻഷൻ മുതൽ ന്യായ വിലക്കുള്ള പൊതു വിതരണംവരെ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു. ഐശ്വര്യ – വികസനത്തിന്റെ ആഘോഷമാകട്ടെ ഓണമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

മാനുഷികമായ മൂല്യങ്ങൾ എല്ലാം മനസ്സിൽ ആവർത്തിച്ച് ഉറപ്പിക്കുന്ന ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ ഓണമെന്നും കേരളത്തിന്റെ ഈ ദേശീയോത്സവം ജാതിമത വേർതിരിവുകൾക്കൊക്കെ അതീതമായ മാനവിക ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് നമുക്ക് ആഘോഷിക്കാമെന്നും മുഖ്യമന്ത്രി ആശംസിച്ചു. വേർതിരിവുകൊണ്ടും ഭേദചിന്തകൾകൊണ്ടും കലുഷമാകാത്ത മനസ്സുകളുടെ ഒരുമ, അതാവട്ടെ നമുക്ക് ഇക്കൊല്ലത്തെ ഓണമെന്നും ഏവർക്കും സ്‌നേഹം നിറഞ്ഞ ഓണാശംസകൾ എന്നും കൂടി കൂട്ടിച്ചേർത്താണ് മുഖ്യമന്ത്രി ആശംസാ സന്ദേശം പൂർത്തിയാക്കിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button