24 C
Kottayam
Wednesday, May 15, 2024

ഞാനും മക്കളും ഒപ്പമുണ്ട്, പരിപൂർണ പിന്തുണ: അച്ചു ഉമ്മന് പിന്തുണയുമായി ഭർത്താവിന്റെ കുറിപ്പ്

Must read

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനിടെ, അവർക്ക് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച് ഭർത്താവ് ലീജോ ഫിലിപ് രംഗത്ത്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ലീജോ, അച്ചുവിന് പിന്തുണ പ്രഖ്യാപിച്ചത്.

കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലുള്ള ‌അച്ചു ഉമ്മന്റെ യാത്രയിൽ പൂർണ ഹൃദയത്തോടെ ഒപ്പം നിൽക്കുന്നെന്ന് ലീജോ കുറിച്ചു. അച്ചുവിന്റെ സമൂഹമാധ്യമ അക്കൗണ്ടിലെ ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച് മനോരമ ന്യൂസ് ഉൾപ്പെടെയുള്ള ചാനലുകളുടെ ലോഗോയും മറ്റും വ്യാജമായി ചേർത്ത് പ്രചാരണം വ്യാപകമായിരുന്നു. ഇതിനിടെയാണ് ഭർത്താവ‌ു തന്നെ അച്ചുവിന് പിന്തുണയുമായി രംഗത്തെത്തിയത്.

‘‘കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലുള്ള എന്റെ ഭാര്യ അച്ചു ഉമ്മന്റെ യാത്രയിൽ ഞാൻ പൂർണ ഹൃദയത്തോടെ ഒപ്പം നിൽക്കുന്നു. ആദ്യം മുതലേ അചഞ്ചലമായ അഭിമാനത്തോടും ആദരവോടും കൂടെ ഞാൻ അവർക്കു പരിപൂർണ പിന്തുണ നൽകുന്നുണ്ട്. അശ്രാന്തമായ അർപ്പണബോധത്തിന്റെയും സർഗാത്മകതയുടെയും തെളിവാണ് അവളുടെ നേട്ടങ്ങളെല്ലാം.

അവൾ നേരിടുന്ന എല്ലാ ആരോപണങ്ങളും നീതിരഹിതവും അസത്യവുമാണ്. ആത്മാർഥമായ പരിശ്രമത്തിന്റെയും ധാർമ്മിക നിലപാടിന്റെയും ഫലമാണ് അച്ചുവിന്റെ വിജയം. കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലുള്ള സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ഞാനും എന്റെ കുട്ടികളും ഏറ്റവും അഭിമാനത്തോടെ അവൾക്കൊപ്പമുണ്ടായിരുന്നു. അത് ഇനിയും തുടരും.’ – ലീജോ ഫിലിപ് കുറിച്ചു.

ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിലെ കണ്ണിയെന്ന നിലയിൽ, ആ പൈതൃകം ഉയർത്തിപ്പിടിച്ച് കുടുംബത്തിന് പരിപൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും ലീജോ വ്യക്തമാക്കി. ഭാര്യയുടെയും കുട്ടികളുടെയും പരിപൂർണ ക്ഷേമം ഉറപ്പാക്കാനുള്ള കഴിവുണ്ട്. അതു ചെയ്യുന്നുണ്ടെന്നും പൂർണ ബോധ്യമുണ്ട്. തന്റെ അചഞ്ചലമായ പിന്തുണ എക്കാലവും അച്ചുവിനുണ്ടാകുമെന്ന് വ്യക്തമാക്കിയാണ് ലീജോ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

നേരത്തെ, അച്ചുവിനെതിരായ സൈബർ ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.. അച്ചു ഉമ്മൻ ദുബായിൽ അംഗീകൃത സമൂഹമാധ്യമ ഇൻഫ്ലുവൻസറും പരസ്യങ്ങളും മറ്റും ചെയ്യുന്ന കമ്പനിയുടെ ഉടമയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് തന്റെ പിതാവെന്നും അധികാരം ദുർവിനിയോഗം നടത്തി ഒരു രൂപ പോലും സമ്പാദിച്ചതായി തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയർന്നിട്ടില്ലെന്നും അച്ചു ഉമ്മനും പ്രതികരിച്ചിരുന്നു. പിതാവിനെ ജീവിതകാലം മുഴുവൻ വേട്ടയാടിയിരുന്നവർ അദ്ദേഹത്തിന്റെ മരണശേഷം മക്കളെ വേട്ടയാടുകയാണ്.

അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് സൈബർ ആക്രമണം. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിയില്ല. ധൈര്യമുള്ളവർ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെയെന്നും അച്ചു ഉമ്മൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week