മികച്ച അഭിനയത്തിലൂടെ ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് വിദ്യാ ബാലന്‍. അഭിനയപ്രാധാന്യമുള്ള സിനിമകള്‍ മാത്രം തിരഞ്ഞെടുത്ത് ചെയ്യുന്ന വിദ്യയുടെ സിനിമകള്‍ മിക്കതും നിരൂപക പ്രശംസ പിടിച്ചുപറ്റാറുണ്ട്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജല്‍സയാണ് വിദ്യ അവസാനം അഭിനയിച്ച ചിത്രം. ഷെഫാലി ഷായ്‌ക്കൊപ്പം അഭിനയിച്ച ഈ ചിത്രം ഏറെ പ്രശംസ നേടിയിരുന്നു.
ഇപ്പോള്‍ തനിക്കുണ്ടായ ഒരു അപകര്‍ഷതാബോധത്തെ കുറിച്ചും സ്വയം സ്‌നേഹിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും തുറന്നുപറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് വിദ്യ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലൂടെയാണ് വിദ്യ ‘സെല്‍ഫ് ലൗ’വിനെ കുറിച്ച് സംസാരിക്കുന്നത്. ഒരു ആരാധികയാണ് ഈ ചിന്തകള്‍ തന്നിലുണ്ടാക്കിയതെന്നും കുറിപ്പില്‍ വിദ്യ പറയുന്നു.
‘അടുത്തിടെ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ ഒരു പെണ്‍കുട്ടി എന്റെയടുത്ത് വന്ന് സെല്‍ഫി എടുക്കട്ടെ എന്നു ചോദിച്ചു. വലിയ ആള്‍ക്കൂട്ടം അവിടെ ഉണ്ടായിരുന്നു. കുറേ പേരോടൊപ്പം ഞാന്‍ സെല്‍ഫിക്ക് പോസ് ചെയ്തു. ഈ പെണ്‍കുട്ടിയാകട്ടെ, രണ്ടാം തവണയാണ് ഫോട്ടോ ചോദിച്ചുവരുന്നത്. ഇനി പറ്റില്ലെന്ന് അവരോട് എന്റെ മാനേജര്‍ പറഞ്ഞു. എന്നാല്‍ താനെടുത്ത ഫോട്ടോ ശരിയായില്ലെന്നും അതു പോസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്നും അവര്‍ അറിയിച്ചു. എന്നാല്‍ മാനേജര്‍ സമ്മതിച്ചില്ല. ഒടുവില്‍ അവര്‍ എന്റെ കാറിന് അരികില്‍വരെ വന്നു. തന്റെ ജീവിതംതന്നെ ആ ഫോട്ടോയെ ആശ്രയിച്ചാണ് എന്ന തരത്തിലായിരുന്നു പെണ്‍കുട്ടിയുടെ പെരുമാറ്റം. ഒടുവില്‍ ഞാന്‍ വീണ്ടും സെല്‍ഫിയെടുക്കാന്‍ ഞാന്‍ സമ്മതിച്ചു.
പെണ്‍കുട്ടിപോയ ശേഷം കാറിലിരുന്ന് ഞാന്‍ ഇതിനെ കുറിച്ചാണ് ചിന്തിച്ചത്. ഞാനും ഒരുകാലത്ത് ഇതുപോലെയായിരുന്നു. എന്റെ വലതുവശത്തേക്കാള്‍ ഇടതുവശത്തു നിന്നുള്ള ചിത്രങ്ങളായിരുന്നു എനിക്ക് ഇഷ്ടം. ഫോട്ടോഗ്രാഫര്‍മാരോട് എന്റെ വലതുവശത്ത് നിന്ന് ഫോട്ടോ എടുക്കരുതെന്ന് ഞാന്‍ പറയാറുണ്ടായിരുന്നു. കാരണം ആ വശത്തു നിന്ന് എന്നെ കാണാന്‍ ഭംഗിയില്ലെന്നായിരുന്നു എന്റെ കണ്ടുപിടിത്തം. ഇതാരെങ്കിലും കണ്ടുപിടിക്കുമോ എന്ന ഭയവുമുണ്ടായിരുന്നു. പിന്നീട് ഞാന്‍ എന്നെ സ്വയം അംഗീകരിക്കാന്‍ തുടങ്ങി. ഇടതു വശം ഇഷ്ടപ്പെടുന്നത് വലതു വശത്തെ അവഗണിക്കുന്നതു പോലെയാണെന്ന് തിരിച്ചറിഞ്ഞു. എന്റെ എല്ലാ ശരീര ഭാഗങ്ങളേയും ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ ഏതു വശത്തുനിന്നാണ് ഫോട്ടോ എടുക്കുന്നതെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല.
ഈ സംഭവത്തിന് ശേഷം ഞാന്‍ റൂമിലെത്തി കുറച്ചു സെല്‍ഫിയെടുത്തു. ഒരു നീണ്ട ദിവസത്തിന്‌ശേഷം മേക്കപ്പില്ലാത്ത സെല്‍ഫികള്‍. അതു ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. കാരണം ഞാന്‍ എങ്ങനെയാണോ അങ്ങനെത്തന്നെ ഞാന്‍ എന്നെ ഇഷ്ടപ്പെടുന്നു. വിദ്യ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു.