കൊച്ചി: കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ ജാസി ഗിഫ്റ്റ് പാട്ടുപാടിക്കൊണ്ടിരിക്കെ പ്രിന്‍സിപ്പാള്‍ മൈക്ക് പിടിച്ച് വാങ്ങിയ സംഭവത്തില്‍ വിമർശനവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത്. കഠിനാധ്വാനം കൊണ്ട് സംഗീതരംഗത്ത് സ്വന്തമായി ഒരു പാത വെട്ടിത്തെളിച്ചു ജനഹൃദയം കീഴടക്കിയ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ ഇടപെട്ട കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണെന്നാണ് സജി ചെറിയാന്റെ പ്രതികരണം. സാംസ്‌കാരിക കേരളത്തിന്റെ പിന്തുണ പ്രിയപ്പെട്ട ജാസി ഗിഫ്റ്റിനൊപ്പമുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
സജി ചെറിയാന്റെ കുറിപ്പ്:
മലയാളത്തിന്റെ അഭിമാനമായ കലാകാരനാണ് ജാസി ഗിഫ്റ്റ്. കഠിനാധ്വാനം കൊണ്ട് സംഗീതരംഗത്ത് സ്വന്തമായി ഒരു പാത വെട്ടിത്തെളിച്ചു ജനഹൃദയം കീഴടക്കിയ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ ഇടപെട്ട കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവുമാണ്. ഈ വിഷയത്തിൽ കോളേജിന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റ് തിരുത്തി അദ്ദേഹത്തോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമായ കാര്യം. സാംസ്‌കാരിക കേരളത്തിന്റെ പിന്തുണ പ്രിയപ്പെട്ട ജാസി ഗിഫ്റ്റിനൊപ്പമുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവമുണ്ടായത്. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീതനിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നാണ് മൈക്ക് പിടിച്ചു വാങ്ങി പ്രിന്‍സിപ്പാള്‍ പറഞ്ഞത്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു ജാസി ഗിഫ്റ്റ്.
പാടുന്നതിനിടെ ഉദ്ഘാടകന്‍ ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നല്‍കിയിരുന്നതെന്ന നിലപാടെടുത്ത പ്രിന്‍സിപ്പാള്‍ മൈക്ക് പിടിച്ച് വാങ്ങുകയായിരുന്നു. പ്രിന്‍സിപ്പാളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോയി. പിന്നീട് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെ ജാസി ഗിഫ്റ്റ് പങ്കിട്ടിരുന്നു.