KeralaNews

ഐ.എ.എസിനും മേലേ; ടി.എന്‍ സീമക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി

തിരുവനന്തപുരം: നവകേരള കര്‍മ്മ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ ടി.എന്‍ സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി നല്‍കി സര്‍ക്കാര്‍. സിപിഐ എം നേതാവായ സീമക്ക് ഒരു ഡ്രൈവറേയും ഒരു പ്യൂണിനേയും അനുവദിക്കാന്‍ മാര്‍ച്ച് 30ന് കൂടിയ മന്ത്രിസഭാ യോഗം അനുമതി നല്‍കി.

ഈ മാസം നാലിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇതു സംബന്ധിച്ച ഉത്തരവിറക്കി. പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി ലഭിച്ചതോടെ ടി.എന്‍ സീമക്ക് പ്രതിമാസം 2.25 ലക്ഷം രൂപ ശമ്പളമായി ലഭിക്കും. ഐ.എ.എസ് ലഭിക്കുന്നയാള്‍ക്ക് മിനിമം 25 വര്‍ഷംസര്‍വീസാകുമ്പോള്‍ ലഭിക്കുന്ന പദവിയാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്ഥാനം. അതത് കേഡറില്‍ ഒഴിവ് വരുന്ന മുറക്ക് മാത്രമാണ് ഐ.എ.എസുകാര്‍ക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി ലഭിക്കുന്നത്.

1.82 ലക്ഷം രൂപയാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം. കൂടാതെ 30,000 രൂപ ഗ്രേഡ് പേയും, ഡി.എ , അടിസ്ഥാന ശമ്പളത്തിന്റെ 8 മുതല്‍ 24 ശതമാനം വീട്ട് വാടക അലവന്‍സ് (HRA) ആയും ഇവര്‍ക്ക് ലഭിക്കും. എച്ച്.ആര്‍.എ ജോലി ചെയ്യുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കും.

കാര്‍, പേഴ്സണല്‍ സ്റ്റാഫ് ( സി.എ, ഡ്രൈവര്‍, പ്യൂണ്‍) എന്നിവരും ഇവര്‍ക്കുണ്ടാകും. ഫോണ്‍ ചാര്‍ജ്, മെഡിക്കല്‍ ഫെസിലിറ്റി തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവര്‍ക്ക് ലഭിക്കും. ഈ പദവിയിലേക്കാണ് ടി.എന്‍. സീമ ഉയര്‍ത്തപ്പെട്ടത്. അതിന്റെ ഭാഗമായാണ് പേഴ്സണല്‍ സ്റ്റാഫിനെ നീയമിക്കാന്‍ അനുമതി നല്‍കിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മൂന്നിനാണ് ടി.എന്‍. സീമയെ നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്ററായി നിയമിച്ചത്. ശമ്പളം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ജനുവരി 17ന് ടി.എന്‍. സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി നല്‍കിയതെന്നാണ് ധനകാര്യ വകുപ്പിലെ പേര് വെളിപെടുത്താനാഗ്രഹിക്കാത്ത ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എട്ടുമാസത്തെ ശമ്പള കുടിശ്ശികയും ടി.എന്‍ സീമക്ക് ലഭിക്കും.

ഏകദേശം 18 ലക്ഷം രൂപയോളം പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി ലഭിച്ചതോടെ ശമ്പള കുടിശികയായി ടി.എന്‍. സീമക്ക് ലഭിക്കും. ലൈഫ് , ആര്‍ദ്രം, ഹരിത കേരള മിഷന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാലു മിഷനുകള്‍ കൂട്ടിച്ചേര്‍ന്നാണ് നവകേരള കര്‍മ്മ പദ്ധതി രൂപികരിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ഹരിത കേരള മിഷന്‍ കോ -ഓര്‍ഡിനേറ്ററായിരുന്നു ടി എന്‍ സീമ.

നവ കേരള മിഷന്റെ തലപ്പത്ത് ചെറിയാന്‍ ഫിലിപ്പായിരുന്നു. ചെറിയാന്‍ ഫിലിപ്പിന് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി ഇല്ലായിരുന്നു. നാലു മിഷനും ശമ്പളം നല്‍കിയ വകയില്‍ മാത്രം മൂന്നുകോടി രൂപയോളം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായി. രാജ്യസഭ എം.പി യായിരുന്ന ടി.എന്‍. സീമക്ക് എം.പി പെന്‍ഷനും ലഭിക്കും. ഒരു ടേം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എം.പി. പെന്‍ഷന്‍ 25,000 രൂപയാണ്. പെന്‍ഷന് പുറമേയാണ് ടി.എന്‍ സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവിയില്‍ ശമ്പളം നല്‍കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker