കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവിക്ക് പിന്നാലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ (TMC) കൊഴിഞ്ഞുപോക്കും ആഭ്യന്തര തർക്കങ്ങളും രൂക്ഷമാകുന്നു. പാർട്ടിയിലെ ഭിന്നതകൾ പരസ്യമായതിനിടെ രണ്ട് പ്രമുഖ എം.എൽ.എമാരെ തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽനിന്ന് അടിയന്തിരമായി പുറത്താക്കി. എം.എൽ.എമാരായ സന്ദീപൻ സാഹ, ഋത്പ്രത ബാനർജി എന്നിവർക്കെതിരെയാണ് പാർട്ടി നേതൃത്വം ശക്തമായ നടപടി സ്വീകരിച്ചത്.
ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ഇരുവരെയും പുറത്താക്കിയതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്ച നടത്താനിരുന്ന പുതിയതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എം.എ.ൽഎമാരുടെ നിർണ്ണായക യോഗം ഭൂരിപക്ഷം പേരും എത്താത്തതിനെ തുടർന്ന് റദ്ദാക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകിയവർക്കെതിരെ അച്ചടക്ക നടപടിയുണ്ടായിരിക്കുന്നത്.
യോഗം ബഹിഷ്കരിച്ചു, നേതൃത്വത്തെ വെല്ലുവിളിച്ചു
പാർട്ടി നേതൃത്വം ഔദ്യോഗികമായി വിളിച്ചുചേർത്ത യോഗങ്ങളിൽ മനഃപൂർവ്വം പങ്കെടുക്കാതിരിക്കുകയും നിരന്തരം സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് പുറത്താക്കൽ നോട്ടീസിൽ വ്യക്തമാക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ താല്പര്യങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പരസ്യ പ്രസ്താവനകൾ നടത്തുകയും ചെയ്തതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പാർട്ടിയുടെ വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ഒപ്പിട്ട ഔദ്യോഗിക കത്തിൽ കൂട്ടിച്ചേർത്തു.
തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെയും പാർട്ടി എം.പി കല്യാൺ ബാനർജിക്കെതിരെയും സ്വന്തം അണികളിൽ നിന്ന് തന്നെ പ്രതിഷേധങ്ങളും ആക്രമണങ്ങളും ഉണ്ടായ പശ്ചാത്തലത്തിലാണ് അടിയന്തിര സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ഞായറാഴ്ച എം.എൽ.എമാരുടെ യോഗം വിളിച്ചത്. എന്നാൽ ആകെയുള്ള 80 എം.എൽ.എമാരിൽ യോഗത്തിനെത്തിയത് കേവലം 20 പേർ മാത്രമായിരുന്നു. വലിയൊരു വിഭാഗം എം.എൽ.എമാർ നേതൃത്വത്തോട് അതൃപ്തി രേഖപ്പെടുത്തി യോഗത്തിൽ നിന്ന് വിട്ടുനിന്നത് മമതാ ബാനർജിക്കും പാർട്ടിക്കും വലിയ തിരിച്ചടിയായി.
എന്നാൽ യോഗം റദ്ദാക്കിയതിൽ അസ്വാഭാവികതയില്ലെന്നും ഇത് മുൻകൂട്ടി നിശ്ചയിച്ചതായിരുന്നുവെന്നുമാണ് ഔദ്യോഗിക വിശദീകരണം. എം.എൽ.എമാർ വിവിധയിടങ്ങളിൽ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാൻ പോയതിനാലാണ് കൃത്യസമയത്ത് യോഗത്തിനെത്താതിരുന്നതെന്ന പ്രതിരോധ വാദമാണ് തൃണമൂൽ കോൺഗ്രസ് നേതൃത്വം ഉയർത്തുന്നത്. എങ്കിലും തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയൊരു പിളർപ്പിലേക്കാണ് പോകുന്നതെന്ന സൂചനകളാണ് നിലവിലെ സംഭവവികാസങ്ങൾ നൽകുന്നത്.
English Summary
Following its defeat in the West Bengal Assembly elections, the Trinamool Congress (TMC) is facing a severe internal crisis and mass defection. In a swift disciplinary action, the party has expelled two MLAs, Sandipan Saha and Ritabrata Banerjee, for anti-party activities. The decision comes right after a crucial meeting of newly elected TMC MLAs scheduled for Sunday had to be canceled as the majority of lawmakers boycotted it. Out of 80 MLAs, only 20 turned up for the meeting, which was called amidst rising tensions and attacks on TMC National General Secretary Abhishek Banerjee and MP Kalyan Banerjee. The expulsion letter was signed by Party Vice President Chandrima Bhattacharya. Meanwhile, the party leadership downplayed the low attendance, claiming that MLAs were busy attending pre-scheduled protest programs.


