വാഷിംഗ്ടൺ:ടൈറ്റാനിക്കിന്‍റെ അവശിഷ്‍ടങ്ങള്‍ കാണാൻ പോയി അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തര്‍വാഹനി ടൈറ്റൻ തകർന്നതായി സ്ഥിരീകരിച്ചുകഴിഞ്ഞു. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
അമേരിക്കൻ തീര സംരക്ഷണ സേനയാണ് തകർന്ന ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ടൈറ്റാനികിന് 1600 മീറ്റർ അകലെയായിരുന്നു അഞ്ച് ഭാഗങ്ങളായി അവശിഷ്ടങ്ങൾ കിടന്നിരുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ഓടെ ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സ്ഥിരീകരണമെത്തി. തങ്ങളുടെ സിഇഒ, സ്റ്റോക്ടൻ റഷ് ഉൾപ്പെടെ പേടകത്തിലെ അഞ്ച് യാത്രക്കാരും മരിച്ചതായി കമ്പനി സ്ഥിരീകരിച്ചു. കടലിന്നടിയിലെ മർദ്ദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഈ സാഹചര്യത്തില്‍ ഏറെ ചര്‍ച്ചയാകുകയാണ് ടൈറ്റാനിക്കുമായി ടൈറ്റനുള്ള ചില സാമ്യങ്ങള്‍. ടൈറ്റാനിക്കിന്‍റെ പേരിനോടുള്ള സാമ്യം മാത്രമല്ല അത്. ടൈറ്റാനിക്ക് മുങ്ങിയത് അതിന്‍റെ മുഖ്യ ഡിസൈനോറോട് ഒപ്പമായിരുന്നെങ്കില്‍ ടൈറ്റൻ പൊട്ടിത്തെറിച്ചത് കമ്പനിയുടെ സ്ഥാപകനോടൊപ്പമാണ്. ആഘോഷത്തോടെ തുടങ്ങി ദുരന്തത്തിൽ കലാശിച്ച ഒരു യാത്രയുടെ സ്മാരകമാണ് അക്ഷരാര്‍ത്ഥത്തില്‍ ടൈറ്റാനിക്. അറ്റ്ലാന്റിക്കിന്റെ മടിത്തട്ടിൽ വിശ്രമിക്കുന്ന ടൈറ്റാനിക്കിനെ കാണാനാണ് കോടികൾ ചെലവ് വരുന്ന ടൈറ്റാനിക് ടൂറുമായി ടൈറ്റൻ എന്ന പേടകം ഓഷൻഗേറ്റ് തയ്യാറാക്കിയത്.
1912 ഏപ്രില്‍ 15നാണ് കന്നിയാത്രക്കിടെ ടൈറ്റാനിക്ക് അറ്റ്ലാന്‍റിക്കില്‍ മുങ്ങിയത്. 111 വർഷങ്ങൾക്കിപ്പുറം, ടൈറ്റാനിക് സന്ദർശനത്തിനായുള്ള യാത്രയിൽ ടൈറ്റാനിക്കിന്റെ പേരിനോട് സാമ്യമുള്ള ടൈറ്റനെയും യാത്രികരെയും കടലെടുത്തു. യാദൃശ്ചികമായി സംഭവിച്ചതാണ് എങ്കിൽക്കൂടി അതിൽ ചില സമാനതകൾ കാണാം. ടൈറ്റാനിക്ക് അപകടത്തിൽപ്പെട്ടത് അതിന്റെ ശിൽപ്പിയുമായിട്ടാണ്. ടൈറ്റനും തന്റെ നിർമാണത്തിൽ പ്രധാന പങ്കുവഹിച്ചിരുന്ന ആളുമായാണ് കടലില്‍ മുങ്ങിയത്.
തോമസ് ആൻഡ്രൂസ്
ടൈറ്റാനിക്കിന്റെ ഡിസൈനിങ്ങിൽ മുഖ്യ പങ്ക് വഹിച്ച ആര്‍ക്കിടെക്ടും കപ്പല്‍ നിര്‍മ്മാതാവുമായിരുന്നു തോമസ് ആൻഡ്രൂസ്. മഞ്ഞുമലയില്‍ തട്ടി ടൈറ്റാനിക്ക് മുങ്ങുമെന്ന് ഉറപ്പായിട്ടും രക്ഷപ്പെടാൻ ശ്രമിക്കാതെ മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിച്ച തോമസ് ആൻഡ്രൂസിന്റെ കഥ വിഖ്യാതമാണ്. ടൈറ്റാനിക്കിന്‍റെ കന്നിയാത്രയിൽ ടിക്കറ്റ് നമ്പർ 112050-ൽ ഫസ്റ്റ് ക്ലാസ് യാത്രക്കാരനായി അദ്ദേഹവും കപ്പലിൽ ഉണ്ടായിരുന്നു. താൻ നിര്‍മ്മിച്ച് കപ്പലിന്‍റെ പോരായ്‍മകൾ അറിയുന്നതിനായിരുന്നു ആ യാത്ര. യാത്രയ്ക്കിടെ അദ്ദേഹം കുറിപ്പുകൾ തയാറാക്കുന്നുണ്ടായിരുന്നു. ഒടുവിൽ കപ്പൽ മഞ്ഞുമലയിൽ ഇടിച്ചപ്പോൾ കപ്പൽ മുങ്ങുമെന്ന് മനസിലാക്കി രക്ഷാപ്രവർത്തനത്തിന് പ്രേരിപ്പിച്ചതും തോമസ് ആൻഡ്രൂസ് ആയിരുന്നു. കപ്പലിലെ വെള്ളം കയറിയ സ്ഥലങ്ങൾ, മെയിൽ റൂമും റാക്കറ്റ് കോർട്ടും ഉൾപ്പെടെ പരിശോധിക്കുകയും രണ്ട് മണിക്കൂറിനുള്ളിൽ കപ്പൽ മുങ്ങുമെന്ന് ആൻഡ്രൂസ് പ്രവചിക്കുകയും ചെയ്‍തു.
എന്നാല്‍ കപ്പല്‍ ഒരിക്കലും മുങ്ങില്ലെന്നും ഒന്നും സംഭവിക്കില്ല എന്നുമുള്ള ധാരണയിലായിരുന്നു പലരും. എന്നാൽ അപകടത്തിന്റെ ആഴം മനസിലാക്കി രക്ഷപ്പെടാൻ ആൻഡ്രൂസ് ആളുകളോട് നിർദേശിച്ചു. എന്നാൽ ഈ ഘട്ടത്തിലൊന്നും സ്വയം രക്ഷപ്പെടാൻ അദ്ദേഹം ശ്രമിച്ചില്ലെന്ന് അന്ന് ജീവനോടെ രക്ഷപ്പെട്ടവർ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ യാത്രക്കാർക്കും വേണ്ട ലൈഫ് ബോട്ട് കപ്പലിൽ ഉണ്ടായിരിക്കണമെന്ന് യാത്രയ്ക്ക് മുമ്പേ തോമസ് ആൻഡ്രൂസ് കപ്പല്‍ കമ്പനിയായ വൈറ്റ് സ്റ്റാർ ലൈനിനോട് പറഞ്ഞിരുന്നു. എന്നാൽ വൈറ്റ് സ്റ്റാർ ലൈൻ അതിനു തയാറായില്ല.
അധിക ബോട്ടുകൾ മുകളിലെ ഡെക്കിന്റെ മനോഹരമായ സ്ഥലം നഷ്‍ടപ്പെടുത്തുമെന്നും അവിടെ ഫസ്റ്റ് ക്ലാസ് യാത്രക്കാർ നടക്കാൻ ആഗ്രഹിക്കുന്നതായുമാണ് കമ്പനിയുടെ വാദം. കൂടുതൽ ലൈഫ് ബോട്ടുകൾ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ യാത്രക്കാരെ രക്ഷപ്പെടുത്താമായിരുന്നു. കപ്പൽ മുങ്ങിത്താഴുമ്പോൾ തന്റെ അധ്വാനം ഒരു ദുരന്തമായി മാറിയത് കണ്ട് രക്ഷപ്പെടാൻ തയാറാകാതെ ലൈഫ് ജാക്കറ്റുകൾ പോലും ഉപേക്ഷിച്ച് മരണം വരിച്ച് തോമസ് ആൻഡ്രൂസും ടൈറ്റാനിക്ക് ജീവനെടുത്ത അനേകം പേരിൽ ഒരാളായി ഇന്നും ഓര്‍മ്മിക്കപ്പെടുന്നു.
സ്കോട്ടൻ റഷ്
ടൈറ്റൻ പേടകത്തെയും അതിന്റെ നിർമ്മാതാവിനൊപ്പമാണ് അറ്റ്ലാന്‍റിക്ക് സമുദ്രം വിഴുങ്ങിയത് എന്നത് യാദശ്‍ചികം. ടൈറ്റൻ നിർമിച്ച ഓഷൻഗേറ്റ് കമ്പനിയുടെ ഉടമയാണ് സ്കോട്ടൻ റഷ് എന്ന 61 കാരൻ. 19–ാമത്തെ വയസ്സിൽ യുണൈറ്റഡ് എയർലൈൻസ് ജെറ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പൈലറ്റ് ലൈസൻസ് നേടി അദ്ദേഹം. ടൈറ്റന്റെ യാത്ര നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന വിഡിയോ ഗെയിം കൺട്രോളർ റഷ് പരിചയപ്പെടുത്തുന്ന വിഡിയോ പുറത്തു വന്നിരുന്നു. ടൈറ്റാനിക് ദുരന്തത്തിൽ മരിച്ച ഇസിദോർ–ഐഡ ദമ്പതികളുടെ പിൻമുറക്കാരിയായ വെൻഡിയാണ് സ്കോട്ടൻ റഷിന്റെ ഭാര്യ .
2009 ലാണ് റഷ് ഓഷ്യൻഗേറ്റ് കമ്പനി സ്ഥാപിച്ചത്. ആഴക്കടലിലേക്കുള്ള യാത്ര സുഗമമാക്കുകയായിരുന്നു ലക്ഷ്യം. 2015ല്‍ ഓഷൻഗേറ്റ് ആദ്യമായി ‘സൈക്ലോപ്സ്’ എന്ന സമുദ്രപേടകം പരീക്ഷിച്ചു. തുടർന്ന് ടൈറ്റാനിക്കിന്റെ ദുരന്ത കാഴ്ചകൾ വരുമാനമാക്കി മാറ്റാനുള്ള ചിന്തയിൽ ടൈറ്റൻ പേടകം നിർമിക്കുകയും ഒരാൾക്ക് രണ്ട്കോടി രൂപ ടിക്കറ്റ് ചാർജ് എന്ന നിലയിൽ ടൈറ്റാനിക്ക് സന്ദർശന യാത്രകൾ ആരംഭിക്കുകയുമായിരുന്നു.
ഒടുവിൽ അന്ത്യയാത്രയിൽ ടൈറ്റനോടൊപ്പം സ്റ്റോക്ക്‌ടൺ റഷും മരണത്തെ പുല്‍കി. ടൈറ്റാനിക്കുമായി ടൈറ്റന്റെ അപകടത്തിന് സമാനതയുണ്ടെന്ന് ടൈറ്റാനിക് എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെ വിഖ്യാതനായി മാറിയ ജെയിംസ് കാമറൂണും ചൂണ്ടിക്കാട്ടുന്നു. മഞ്ഞുമലകൾ സംബന്ധിച്ച മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും ടൈറ്റാനിക് ആ ദുരന്തം ചോദിച്ചുവാങ്ങിയെന്നാണ് കഥകള്‍. അതേപോലെ നിർമാണത്തിലെ അപാകത ചൂണ്ടിക്കാണിച്ചിട്ടും തിരിച്ചറിയാതെ ടൈറ്റനും നാശത്തിലേക്ക് പോയി എന്നും പലരുംചൂണ്ടിക്കാട്ടുന്നു.
സുരക്ഷാ പിഴവ്
ടൈറ്റാനിക് അപകടത്തിൽ പെട്ടതിന് പിന്നാലെ ഡിസൈനര്‍ തോമസ് ആൻഡ്രൂസ് ഉന്നയിച്ച സുരക്ഷാ പ്രശ്‍നം ചർച്ചയായതിന് സമാനമായി ടൈറ്റൻ അപകടത്തിന് പിന്നാലെ ടൈറ്റന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു എന്ന മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. ടൈറ്റന്റെ മാതൃകമ്പനിയായ ഓഷ്യന്‍ഗേറ്റിന്റെ മുന്‍ജീവനക്കാരനായ ഡേവിഡ് ലോക്‌റിഡ്‍ജാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ടൈറ്റന്‍ പ്രവര്‍ത്തനക്ഷമമാകുന്നതിന് മുമ്പേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഓഷ്യന്‍ഗേറ്റ് മുന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡേവിഡ് ലോക്‌റിഡ്‍ജ് പറഞ്ഞു.
പുതിയ സംഘത്തിന് കൈമാറുന്നതിന് മുമ്പ് കൂടുതല്‍ പരിശോധനകള്‍ നടത്തണമായിരുന്നുവെന്ന് ആവശ്യപ്പെട്ട ലോക്‌റിഡ്‍ജ്, പരമാവധി ആഴത്തിലെത്തിയാല്‍ യാത്രക്കാര്‍ക്ക് ഉണ്ടാവാവുന്ന അപകടസാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പറയുന്നു. കമ്പനിയുടെ സി.ഇ.ഒ. സ്റ്റോക്ടണ്‍ റഷ്, പേടകം ഏതെങ്കിലും ഏജന്‍സികളെക്കൊണ്ട് പരിശോധിപ്പിക്കുന്നതിനും സര്‍ട്ടിഫൈ ചെയ്യുന്നതിനും എതിരായിരുന്നുവെന്നും ലോക്‌റിഡ്‍ജ് ഇപ്പോള്‍ ആരോപിക്കുന്നു.
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്‍ടങ്ങള്‍ ഉള്ള അത്രയും ആഴത്തില്‍ പോയാല്‍, മര്‍ദ്ദത്തെ മറികടക്കാനുള്ള ശേഷി പേടകത്തിന്‍റെ പുറംതോടി(Hull)ന് ഇല്ലെന്ന് കാണിച്ച് ലോക്‌റിഡ്‍ജ് കോടതിയെ സമീപിച്ചിരുന്നു. ആവശ്യമായ പരീക്ഷണ പര്യവേഷണങ്ങള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 2018-ലാണ് ലോക്‌റിഡ്‍ജ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ തനിക്ക് കമ്പനിയിലെ ജോലി നഷ്‍ടമായെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.