കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ (AMMA) നിലവിലെ ഭാരവാഹികൾക്കെതിരെ കടുത്ത ഭരണഘടനാ ലംഘനവും അധികാര ദുർവിനിയോഗവും ആരോപിച്ച് എക്‌സിക്യൂട്ടീവ് അംഗവും നടനുമായ ടിനി ടോം രംഗത്ത്. അഡ്മിനിസ്‌ട്രേഷൻ എന്തെന്ന് അറിയാത്തവർ സംഘടന നിയന്ത്രിക്കാൻ തുടങ്ങിയതോടെയാണ് പുതിയ വിവാദങ്ങൾ ഉടലെടുത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഘടനയുടെ ഫ്രണ്ട് ഓഫീസിലെ ജീവനക്കാരി ട്രഷറർ ഉണ്ണി ശിവപാലിനെതിരെ തൊഴിൽ പീഡന പരാതി ഉന്നയിച്ച പശ്ചാത്തലത്തിൽ കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു ടിനി ടോമിന്റെ തുറന്നുപറച്ചിൽ. മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു, എക്‌സിക്യൂട്ടീവ് അംഗം കൈലാഷ് എന്നിവരും ടിനി ടോമിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സംഘടനയുടെ ട്രഷറർ സ്വന്തം ചുമതലകൾ മറന്ന് ഭരണപരമായ കാര്യങ്ങളിലേക്ക് കടന്നുകയറിയതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായതെന്ന് ടിനി ടോം ചൂണ്ടിക്കാണിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ സംയുക്ത തീരുമാനപ്രകാരം നിയമിച്ച ജീവനക്കാരിയെ കമ്മിറ്റിയെപ്പോലും അറിയിക്കാതെ ഏകപക്ഷീയമായി പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണ്. വിദേശത്തായിരുന്ന താൻ ഈ സന്ദേശം കണ്ട് ഞെട്ടിപ്പോയെന്നും പ്രസിഡന്റ് പോലും ഈ വിവരം മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. തുടർന്ന് അടിയന്തരമായി യോഗം ചേർന്നാണ് പിരിച്ചുവിടൽ ഉത്തരവ് റദ്ദാക്കിയത്. ജീവനക്കാരിയുടെ പരാതിയിൽ പ്രാഥമികമായി തെളിവ് കണ്ടെത്തിയതിനെത്തുടർന്ന് ട്രഷററോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടവേള ബാബുവിനെപ്പോലെയുള്ള പരിചയസമ്പന്നരായ നേതാക്കൾ മാറിയപ്പോഴാണ് സംഘടന മുന്നോട്ടുകൊണ്ടുപോകുന്നതിലെ യഥാർത്ഥ ബുദ്ധിമുട്ട് പുതിയ ഭാരവാഹികൾ അറിഞ്ഞതെന്ന് ടിനി ടോം പരിഹസിച്ചു. ഒരു പരിപാടി നടത്തിയപ്പോൾ തന്നെ തങ്ങൾ ചക്രശ്വാസം വലിക്കുന്ന അവസ്ഥയിലായെന്നും ‘അമ്മ’യുടെ ഘടന തികച്ചും വ്യത്യസ്തമായതിനാൽ മറ്റ് സംഘടനകളുടെ തലപ്പത്തിരിക്കുന്നവർക്ക് ഇത് നിയന്ത്രിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബൈലോ പ്രകാരം പൂർണ്ണ അധികാരം ജനറൽ സെക്രട്ടറിക്കാണെങ്കിലും നിലവിൽ ആ അധികാരം ദുരുപയോഗം ചെയ്യപ്പെടുകയാണ്. മുൻപ് ഇടവേള ബാബു ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ ഒരു ബൾബ് മാറ്റിയാൽ പോലും കമ്മിറ്റിയിൽ ചർച്ച ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ പല തീരുമാനങ്ങളും ആരാണ് എടുക്കുന്നതെന്ന് എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് പോലും അറിയില്ലെന്നും പ്രസിഡന്റിന് നിലവിൽ യാതൊരു അധികാരവുമില്ലെന്നും അദ്ദേഹം വെറും സ്റ്റാമ്പ് മാത്രമായി മാറിയെന്നും ടിനി കുറ്റപ്പെടുത്തി.
സംഘടനയിൽ ഉണ്ടായ ആഭ്യന്തര അസ്വാരസ്യങ്ങളെത്തുടർന്ന് ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് അൻസിബ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. എന്നാൽ അൻസിബയുടെ രാജിയുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അവർ വ്യക്തിപരമായ തിരക്കുകൾ കാരണമാണ് പിന്മാറുന്നതെന്ന് മാത്രമാണ് കത്തിൽ അറിയിച്ചിട്ടുള്ളതെന്നും മറ്റ് കാരണങ്ങൾ അറിയില്ലെന്നും ടിനി ടോം വ്യക്തമാക്കി. ഇടവേള ബാബുവും സിദ്ധിഖും ആവശ്യപ്പെട്ടതുകൊണ്ടാണ് സംഘടന അന്യാധീനപ്പെട്ടുപോകാതിരിക്കാൻ താൻ എക്സിക്യൂട്ടീവിലേക്ക് മത്സരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടന തകർന്നടിയുന്നത് കാണാൻ കഴിയില്ലെന്നും നിരാലംബരായ ഒരുപാട് പഴയകാല കലാകാരന്മാർ ‘അമ്മ’യുടെ കൈനീട്ടവും സംരക്ഷണവും പ്രതീക്ഷിച്ച് കഴിയുന്നുണ്ടെന്നും അവർക്ക് വേണ്ടിയാണ് തങ്ങൾ പോരാടുന്നതെന്നും വ്യക്തമാക്കിയ ടിനി ടോം, പ്രതിസന്ധി മറികടക്കാൻ മുതിർന്ന നേതാക്കളുടെ സഹായം തേടിയിട്ടുണ്ടെന്നും അറിയിച്ചു.
Actor and executive member Tini Tom launched a scathing attack on AMMA’s current leadership, alleging administrative incompetence and abuse of power following a harassment complaint against Treasurer Unni Shivapal. Speaking at a press conference alongside Innocent-era veteran Idavela Babu and Kailash, Tini Tom revealed that the Treasurer illegally terminated an employee without the committee’s or the President’s knowledge, which was later revoked. He criticized the current management, stating that the President has been reduced to a mere “rubber stamp” and added that seniors’ help has been sought to stabilize the association.


