ഡൽഹി: ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ശ്രീലങ്കൻ ബാറ്റർ എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായി പുറത്തായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. പിന്നാലെ ടൈംഡ് ഔട്ടിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും തുടരുകയാണ്. മത്സര ശേഷം ഇരു ടീമുകളുടെയും താരങ്ങളും ഷെയ്ക്ക് ഹാൻഡ് നൽകാതെയാണ് ഗ്രൗണ്ട് വിട്ടത്.
ഒരു ബാറ്റർ ഔട്ടായാൽ അടുത്ത താരത്തിന് ക്രീസിലെത്താൻ മൂന്ന് മിനിറ്റാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ലോകകപ്പിൽ ഇത് രണ്ട് മിനിറ്റ് മാത്രമാണ്. എന്നാൽ താൻ കൃത്യ സമയത്ത് ക്രീസിലെത്തിയിരുന്നതായാണ് ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസിന്റെ വാദം.
I rest my case! Here you go you decide 😷😷 pic.twitter.com/AUT0FGffqV
— Angelo Mathews (@Angelo69Mathews) November 7, 2023
ഇതിന് തെളിവായി മത്സരത്തിന്റെ ദൃശ്യങ്ങളും മാത്യൂസ് പങ്കുവെച്ചു. അടുത്ത പന്ത് നേരിടാനായി താൻ അഞ്ച് സെക്കന്റ് മുമ്പെ തയ്യാറായിരുന്നുവെന്നാണ് മാത്യൂസ് പറയുന്നത്. ഹെൽമറ്റിന്റെ തകരാറാണ് കൂടുതൽ സമയം നഷ്ടപ്പെടുത്തിയതെന്നും മാത്യൂസ് വ്യക്തമാക്കുന്നു.
ഷാക്കിബ് എറിഞ്ഞ ശ്രീലങ്കന്‍ ഇന്നിംഗ്സിലെ 26-ാം ഓവറിലാണ് മാത്യൂസ് ക്രീസിലെത്തി ആദ്യ പന്ത് നേരിടാന്‍ വൈകിയതിന് ബംഗ്ലാദേശ് ടൈംഡ് ഔട്ട് അപ്പീല്‍ ചെയ്ത് പുറത്താക്കിയത്. സഹതാരങ്ങളിലൊരാളാണ് ടൈംഡ് ഔട്ടിനെക്കുറിച്ച് തന്നെ ഓര്‍മിപ്പിച്ചതെന്നും ഇക്കാര്യം ഞാന്‍ അമ്പയര്‍മാരോട് സംസാരിച്ചശേഷമാണ് അപ്പീല്‍ ചെയ്തെതന്നും ഷാക്കിബ് മത്സരശേഷം പറഞ്ഞിരുന്നു.
അമ്പയര്‍മാര്‍ അപ്പീലില്‍ ഉറച്ചു നില്‍ക്കുന്നോ അതോ മാത്യൂസിനെ തിരിച്ചുവിളിക്കണോ എന്ന് എന്നോട് ചോദിച്ചിരുന്നു. ഒരിക്കല്‍ ഔട്ടായ ആളെ നിങ്ങള്‍ തിരിച്ചുവിളിക്കുമോ എന്നായിരുന്നു ഞാന്‍ തിരിച്ചു ചോദിച്ചത്. നിമയപ്രകാരം ഔട്ടാണെങ്കില്‍ ഔട്ട് തന്നെയാണ്. അല്ലാതെ തിരിച്ചു വിളിക്കുന്നത് ശരിയല്ല. ഞാന്‍ തിരിച്ചുവിളിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞുവെന്നും ഷാക്കിബ് പറഞ്ഞിരുന്നു