കൊച്ചി: ഇരട്ട പാത പൂർത്തിയായ ശേഷം വേണാട് തൃപ്പൂണിത്തുറ വരെ കൃത്യസമയം പാലിച്ചിരുന്നു പക്ഷേ വേഗവർദ്ധനവിന്റെ ഭാഗമായി സമയക്രമം മാറ്റിയതോടെ അടിമുടി താളം തെറ്റിയ വേണാടിനെ പാടെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ഇതോടെ ഇരട്ടപാതകൊണ്ട് യാതൊരു വിധത്തിലുള്ള പ്രയോജനവും ലഭിച്ചില്ലെന്ന് മാത്രമല്ല, കോട്ടയം വഴിയുള്ള യാത്ര കൂടുതൽ ദുസ്സഹമാകുകയാണ് ചെയ്തത്. ഓഫീസിൽ ഒരു മിനിറ്റ് എങ്കിലും നേരെത്തെ എത്താമെന്ന് കരുതിയിരുന്ന സ്ഥിരയാത്രക്കാരെ കടുത്ത നിരാശയിലാക്കിക്കൊണ്ടാണ് റെയിൽവേ പുതിയ സമയക്രമം പ്രസിദ്ധീകരിച്ചത്.
വേണാട് എറണാകുളം ജംഗ്ഷനിൽ ഓഫീസ് സമയം പാലിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. നിരവധി തവണ ഇത് നിവേദനങ്ങളിലൂടെ റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽ പ്പെടുത്തിയതാണ്. ഇരട്ട പാത പൂർത്തിയായതോടെ വേണാട് എറണാകുളം ജംഗ്ഷൻ ഔട്ടർ വരെ വളരെ കൃത്യതയോടെ സർവീസ് നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എറണാകുളം ജംഗ്ഷനിൽ 09.30 ന് എത്തിച്ചേരുന്ന സാഹചര്യം ഉണ്ടായപ്പോൾ തിരുവനന്തപുരത്ത് നിന്ന് 10 മിനിറ്റ് വൈകി പുറപ്പെടുന്ന വിധം പുതിയ സമയക്രമം ചിട്ടപ്പെടുത്തിയത് യാത്രക്കാരോട് ചെയ്ത അനീതിയാണ്. 09.35 ന് എറണാകുളം ജംഗ്ഷൻ ഔട്ടർ എത്തുന്ന ട്രെയിൻ സിഗ്നലിനായി അരമണിക്കൂറിലധികം കാത്തുകിടക്കേണ്ട സാഹചര്യമാണ് ഇപ്പോഴും നിലവിൽ ഉള്ളത്.
ഒക്ടോബർ 1 മുതൽ പുതുക്കിയ സമയക്രമത്തിൽ യാത്ര ആരംഭിച്ചപ്പോൾ തിരുവനന്തപുരത്തിനും തൃപ്പൂണിത്തുറയ്ക്കും ഇടയിൽ ഒരു സ്റ്റേഷനിലും സമയക്രമം പാലിക്കാൻ വേണാടിന് കഴിഞ്ഞിട്ടില്ല. ഇന്ന് വേണാട് തൃപ്പൂണിത്തുറ എത്തിയത് 09.46 നാണ്. എറണാകുളം ജില്ലയിലെ ഒരു ഓഫീസിലേയ്ക്കും 10.00 ന് മുമ്പ് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണ്. സമയമാറ്റത്തിന് മുമ്പ് വരെ 09.10 ന് തൃപ്പൂണിത്തുറയിൽ എത്തുന്ന വേണാടിൽ ഇൻഫോ പാർക്കിലേയ്ക്കും മറ്റു ഓഫീസുകളിലേയ്ക്കും മാനസിക സമ്മർദ്ദമില്ലാതെ യാത്ര ചെയ്യാമായിരുന്നു. ആ സമയത്ത് മെട്രോ മാർഗ്ഗം എറണാകുളത്തെ പല ഓഫീസുകളിലും പഞ്ചിങ് സമയം പാലിക്കാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ ഒന്നും നടക്കാത്ത അവസ്ഥയാണ്.
ഏറ്റവും കൂടുതൽ യാത്രക്കാർ ജോലി സംബന്ധമായ യാത്രചെയ്യുന്ന പ്രഭാതസമയങ്ങളിൽ കായംകുളം മുതൽ കോട്ടയം വഴി എറണാകുളം വരെ 16791 പാലരുവി എക്സ്പ്രസ്സിന് ശേഷം ഒരുമണിക്കൂറിധികം ഇടവേളയിലാണ് വേണാട് സർവീസ് നടത്തുന്നത്. മറ്റു മാർഗ്ഗമില്ലാത്ത യാത്രക്കാരെ കടുത്ത സമ്മർദ്ദത്തിലാക്കുന്ന തീരുമാനമാണ് സമയമാറ്റത്തിലൂടെ റെയിൽവേ നടപ്പാക്കിയത്. പാലരുവി കോട്ടയത്ത് നിന്ന് 07.08 ന് പുറപ്പെടുന്നതിനാൽ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും പുലർച്ചെ വീടുകളിൽ നിന്ന് എത്തിച്ചേരാൻ കഴിയുന്നില്ല.
അതുകൊണ്ട് തന്നെ വേണാട് മാത്രമാണ് ഏക ആശ്രയം. വേണാട് വൈകുന്നത് മൂലം പലരുടെയും പകുതി സാലറി ദിവസവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒപ്പം യാത്ര ചെയ്തിരുന്ന നല്ലൊരു ശതമാനം സ്ത്രീസഹയാത്രികരും ജോലി ഉപേക്ഷിച്ചെന്നും ബസിൽ സ്ഥിരം എറണാകുളത്ത് ജോലിയ്ക്ക് പോകുന്നത് ശാശ്വതമല്ലെന്നും എറണാകുളത്തെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ശാലു മോഹനൻ, രജനി, മഞ്ജുഷ,അംബികാദേവി എന്നിവർ അഭിപ്രായപ്പെട്ടു.
വൈകിയെത്തിയ വേണാടിനെ ഇന്നും എറണാകുളം ജംഗ്ഷൻ ഔട്ടറിൽ പിടിച്ചത് യാത്രക്കാരിൽ കടുത്ത അമർഷത്തിന് ഇടയാക്കി. മറ്റു ഗതാഗത മാർഗ്ഗമില്ലാത്ത സ്റ്റേഷൻ ഔട്ടറുകളിൽ അരമണിക്കൂറിലധികം ബന്ദികളാക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. പാളത്തിലൂടെ ഇറങ്ങി ഓടുന്നവരുടെ മനസ്സിൽ വേണാടിനെ പഴിക്കാത്ത ദിവസങ്ങളില്ല. ദക്ഷിണ റെയിൽവേയിൽ കേരള ഡിവിഷന്റെ പ്രീമിയം സർവീസാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിൽ ഒന്നാമത് എന്ന് പറയേണ്ടിയിരിക്കുന്നു.
തിരുവനന്തപുരം – കൊല്ലം ജില്ലകളിൽ നിന്ന് കോട്ടയം ജില്ലയുടെ വിവിധ ഓഫീസുകളിലേയ്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കും ജോലിയ്ക്കായും പഠന ആവശ്യങ്ങൾക്കായി യാത്ര ചെയ്തോണ്ടിരുന്നവരും ഈ സമയ മാറ്റത്തോടെ ദുരിതം അനുഭവിക്കുകയാണ്. നേരത്തെ 08.15 ന് എന്നും കോട്ടയം എത്തിക്കൊണ്ടിരുന്ന വേണാട് ഇപ്പോൾ പതിവായി 08.40 ന് ശേഷമാണ് എന്നും എത്തിച്ചേരുന്നത്. കോട്ടയത്തെ എഞ്ചിനീയറിങ് കോളേജിലും എം ജി യൂണിവേഴ്സിറ്റിയിലും ദിവസവും വന്നുമടങ്ങിയിരുന്ന നിരവധി വിദ്യാർത്ഥികൾ ഇതോടെ അക്ഷരാർത്ഥത്തിൽ വെട്ടിലായിരിക്കുകയാണ്.
കൊല്ലം, കോട്ടയം സ്റ്റേഷനുകളിൽ അരമണിക്കൂറിലധികം വൈകി എത്തിയാലും എറണാകുളം ജംഗ്ഷനിൽ കൃത്യസമയം പാലിക്കുന്നതിനായി തൃപ്പൂണിത്തുറയ്ക്കും എറണാകുളം ജംഗ്ഷനുമിടയിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ 40 മിനിറ്റാണ് റെയിൽവേ നൽകിയിരിക്കുന്നത്. ഇത്തരത്തിൽ റെയിൽവേ ഡിവിഷനുകളിൽ കൃത്യസമയം പാലിക്കുന്ന ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ റെയിൽവേയുടെ നടത്തുന്ന കപട നാടകത്തിന് ഇരയാകേണ്ടി വരുന്നത് കേരളത്തിലെ സാധാരണക്കാരായ യാത്രക്കാരാണ്.
വേണാട് ഒക്ടോബറിന് മുമ്പ് ഉണ്ടായിരുന്നപോലെ 05.05 ന് തന്നെ പുറപ്പെടുന്ന വിധം ക്രമീകരിച്ചാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളു. അതുപോലെ എറണാകുളം ജംഗ്ഷൻ ഔട്ടറിൽ 09.30 ന് എത്തിച്ചേരുന്ന വേണാടിന്റെ സമയം 10.00 എന്നത് പിന്നോട്ടാക്കണം. നിരാശരും നിസ്സഹായരുമായ യാത്രക്കാർ അസോസിയേഷൻ മുഖേന ജനപ്രതിനിധികളെ സമീപിക്കാൻ ഒരുങ്ങുകയാണ്. നിലനിൽപ്പിന്റെ പ്രശ്നമാണ്, സാധാരണക്കാരന്റെ അന്നം മുടക്കുന്ന പരിഷ്കാരങ്ങളിൽ നിന്ന് റെയിൽവേ പിന്മാറണമെന്നും ആത്മഹത്യയുടെ വക്കിലെത്തിയ യാത്രക്കാരെ പ്രതിഷേധത്തിലേക്ക് നയിക്കുന്ന നയങ്ങളാണ് റെയിൽവേ ഇപ്പോൾ പിന്തുടരുന്നതെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് കോട്ടയം പ്രതിനിധികളായ ശ്രീജിത്ത് കുമാർ, അജാസ് വടക്കേടം എന്നിവർ കോട്ടയത്ത് ചേർന്ന യോഗത്തിൽ അഭിപ്രായപ്പെട്ടു