അതിരപ്പിള്ളി: അതിരപ്പള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ വെട്ടിക്കുഴി ഭാഗത്ത് കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. പത്തുമിനിറ്റിനുള്ളില്‍ കൂടിന്റെ ഇരുമ്പുകമ്പികള്‍ തകര്‍ത്ത് പുലി രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. കൂട്ടിലുണ്ടായിരുന്ന അന്‍പതോളം കോഴികളെ പുലി കൊന്നു. ചിലതിനെ തിന്നു.
പണ്ടാരംപാറ ചക്കാലയ്ക്കല്‍ റോയിയുടെ വീട്ടിലെ കോഴിക്കൂട് തകര്‍ത്താണ് പുലി അകത്തുകയറിയത്. പിന്നീട് പുറത്തിറങ്ങാനാകാതെ കുടുങ്ങിയെങ്കിലും കൂടിന്റെ മറുവശം തകര്‍ത്ത് പുലി രക്ഷപ്പെട്ടു. കോഴികളുടെ കരച്ചില്‍ കേട്ട് റോയ് കൂടിന്റെ അടുത്തെത്തി ടോര്‍ച്ച് തെളിച്ച് നോക്കിയപ്പോഴാണ് പുലി കുടുങ്ങിയത് കണ്ടത്. ഉടനെ വനപാലകരെ വിവരം അറിയിച്ചെങ്കിലും അവരെത്തുംമുന്‍പ് കൂടിന്റെ മറുവശം തകര്‍ത്ത് പുലി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം റോയിയുടെ വീടിന് സമീപം താമസിക്കുന്ന ആച്ചാണ്ടി യാക്കോബിന്റെ വളര്‍ത്തുനായയെ പുലി പിടിച്ചിരുന്നു.
സംഭവത്തെത്തുടര്‍ന്ന് കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശവാസികളുടെ ആശങ്ക കണക്കിലെടുത്ത് പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അനൂപ് അറിയിച്ചു.


