കല്‍പ്പറ്റ: വയനാട് തവിഞ്ഞാല്‍ മക്കിക്കൊല്ലി ജനവാസമേഖലയില്‍ ഭീതി പടര്‍ത്തിയ കടുവയെ പിടികൂടി. വനപാലകര്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കടുവ കൂട്ടിലകപ്പെട്ടത്. രാത്രി എട്ടു മണിയോടെ കടുവയുടെ സാന്നിധ്യമുള്ള പ്രദേശത്ത് കൂട് സ്ഥാപിച്ചത്. പശുവിന്റെ ശരീരാവശിഷ്ടം തിന്നാന്‍ എത്തിയ കടുവ കൂട്ടില്‍ കുടുങ്ങുകയായിരുന്നു.
കടുവയെ വനപാലകര്‍ മുത്തങ്ങയിലേക്ക് കൊണ്ടുപോയി. കടുവയുടെ ആരോഗ്യനില പരിശോധിച്ച ശേഷം ഉള്‍വനത്തിലോ മൃഗശാലയിലേക്കോ മാറ്റും. നിരവധി വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശവാസികള്‍ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരം വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
അതേസമയം സിംഹത്തെ ഉപദ്രവിച്ച സംഭവത്തില്‍ മൂന്ന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് തടവ് ശിക്ഷ. ഗുജറാത്തിലെ ഗിര്‍ വനത്തില്‍ പെണ്‍ സിംഹത്തെ ആക്രമിച്ച സംഭവത്തിലാണ് നടപടി.
2018ലാണ് സംഭവം. അഹമ്മദാബാദ് സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികള്‍ ഉള്‍പ്പടെ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. കോഴിയെ കാണിച്ച് സിംഹത്തെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നായിരുന്നു നടപടി.
സോംനാഥ് ജില്ലയിലെ കോടതിയാണ് ആറ് പേര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും ഒരാള്‍ക്ക് ഒരുവര്‍ഷത്തെ തടവ് ശിക്ഷയും വിധിച്ചത്. തടവിന് പുറമേ പ്രതികള്‍ 10,000 രൂപവീതം പിഴ അടയ്ക്കാനും ലയണ്‍ വെല്‍ഫയര്‍ ഫണ്ടിലേക്ക് 35,000 രൂപ അടയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.