സുൽത്താൻബത്തേരി : കൂടല്ലൂരിലെ നരഭോജിക്കടുവയ്ക്കുശേഷം വനംവകുപ്പിനെ വട്ടംകറക്കി സി.സി.യിലെ കടുവ. ശനിയാഴ്ച രാത്രി മീനങ്ങാടി സി.സി.യിൽ പശുക്കിടാവിനെ കൊന്ന കടുവയെ കൂട് സ്ഥാപിച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങൾക്കിടെ വീണ്ടും ജനവാസ മേഖലയിലിറങ്ങിയ കടുവ ആടിനെ കൊന്നു.
താഴെ അരിവയൽ കാക്കനാട്ട് വർഗീസിന്റെ മൂന്ന് വയസ്സുള്ള ആടിനെയാണ് കടുവ കൊന്നത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. സി.സി.യിൽ പശുക്കിടാവിനെ കൊന്നിടത്തുനിന്ന് ഒരുകിലോമീറ്റർ അകലെയാണ് ബുധനാഴ്ച ആടിനെ കൊന്നത്.
വീടിന് പിറകിലുള്ള ആട്ടിൻകൂട്ടിൽനിന്ന് ശബ്ദംകേട്ട് വർഗീസ് വീടിന് പുറത്തേക്കിറങ്ങി നോക്കിയപ്പോൾ ആട്ടിൻകുട്ടികൾ ഓടുന്നതാണ് കണ്ടത്. ഉടനെ കൂട്ടിലെത്തിയെങ്കിലും ആട് ചത്തിരുന്നു. സമീപത്ത് കടുവയുടെ കാൽപ്പാടുകളും കണ്ടു. വനംവകുപ്പിനെ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തി രാത്രി 12 മണിയോടെ കൂട് സ്ഥാപിക്കുകയായിരുന്നു. ആട്ടിൻകൂട്ടിൽനിന്ന് അല്പം മാറി തോട്ടത്തിലാണ് കൂടുവെച്ചത്.
സി.സി.യിൽ കടുവ പശുക്കിടാവിനെ കൊന്നതിനെത്തുടർന്ന് പ്രദേശത്താകെ വളർത്തുമൃഗങ്ങളുള്ളവർ ജാഗ്രതയിലായിരുന്നു. വനംവകുപ്പിന്റെ നിർദേശമനുസരിച്ച് മിക്ക വീടുകളിലെയും തൊഴുത്തുകളിൽ രാത്രി മുഴുവൻ ലൈറ്റിടാറുണ്ട്. വർഗീസിന്റെ ആട്ടിൻകൂട്ടിലും ലൈറ്റിട്ടിരുന്നു. എന്നാൽ രാത്രി എട്ടരയോടെ കടുവയെത്തി ആടിനെ കൊന്നു. ലൈറ്റിട്ടാലും കടുവയ്ക്ക് പ്രശ്നമില്ലെങ്കിൽ ഇനിയെങ്ങനെ മുന്നോട്ടുപോവുമെന്നാണ് വർഗീസ് ചോദിക്കുന്നത്. 40 വർഷത്തോളമായി താഴെ അരിവയലിലെ വീട്ടിലാണ് വർഗീസ് താമസിക്കുന്നത്. കടുവപ്രശ്നം അടുത്തകാലത്താണ് തുടങ്ങിയതെന്ന് ഈ കർഷകൻ പറയുന്നു.
രാത്രി എട്ടരയോടെയാണ് വീടിനുപിറകിലുള്ള കൂട്ടിലെത്തി കടുവ ആടിനെ കൊന്നത്. ഈ സമയം വർഗീസ് വീടിനുള്ളിൽ കുടുംബാംഗങ്ങളുമായി സംസാരിച്ചിരിക്കുകയായിരുന്നു. ഈ സമയത്തെല്ലാം വീടിന് മുമ്പിലുള്ള റോഡിലൂടെ ആളുകൾ നടക്കുന്നുമുണ്ടായിരുന്നു.
ബീനാച്ചി – പനമരം റോഡിൽനിന്ന് 500 മീറ്റർ മാത്രം മാറി പാതിരിപ്പാലത്തേക്കെത്തുന്ന റോഡരികിലാണ് വർഗീസിന്റെ വീട്. അരക്കിലോമീറ്ററോളം റോഡിന് ഇരുവശവും തോട്ടങ്ങളാണ്. ഭൂരിഭാഗവും കാപ്പിത്തോട്ടമാണ്. തോട്ടംകഴിഞ്ഞാൽ നൂറുകണക്കിന് വീടുകളുണ്ട്. ഇവരെല്ലാം ഉപയോഗിക്കുന്ന റോഡാണിത്. രാത്രി അധികംവൈകാതെ കടുവയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ തുടങ്ങിയതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.
അഞ്ചുദിവസത്തിനിടെ രണ്ടാമത്തെ വളർത്തുമൃഗത്തെയാണ് കടുവ കൊന്നത്. വർഗീസിന്റെ വീടിന് പിറകിലെ തോട്ടത്തിൽനിന്ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെ മാനിന്റെ ശബ്ദംകേട്ടിരുന്നു. മാനിനെ കടുവ പിടിച്ചതാകാമെന്നാണ് പ്രദേശവാസികൾ കരുതുന്നത്.
സി.സി.യിൽ പശുക്കിടാവിനെ കൊന്ന കടുവ വനംവകുപ്പിന്റെ രേഖകളിലുള്ള ഡബ്ല്യു.വൈ.എസ്. 09 എന്ന ആൺകടുവയാണെന്ന് തിരിച്ചറിഞ്ഞു. സൗത്ത് വയനാട് ഡിവിഷനിലെ കടുവയാണിത്. കഴിഞ്ഞദിവസം കടുവയെ തിരിച്ചറിഞ്ഞെന്നും ഡബ്ല്യു.വൈ.എസ്. 17 എന്ന കടുവയാണ് സി.സി.യിലെത്തിയതെന്നും അവകാശപ്പെട്ട് ചില സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇവർ പശുക്കിടാവിനെ കടുവകൊന്ന തൊഴുത്തിൽ സ്ഥാപിച്ച ക്യാമറയിൽനിന്ന് ലഭിച്ച കടുവയുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞുവെന്നാണ് അവകാശപ്പെട്ടത്.
ഇക്കാര്യങ്ങൾ ദൃശ്യങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് കടുവയെ തിരിച്ചറിഞ്ഞെന്ന വിവരം പുറത്തുവിടാൻ വനംവകുപ്പ് തയ്യാറായത്. തിങ്കളാഴ്ച പുലർച്ചെ കടുവയുടെ ദൃശ്യങ്ങൾ വനംവകുപ്പിന് ലഭിച്ചിരുന്നു. പിന്നീട് കടുവയെ തിരിച്ചറിഞ്ഞിരുന്നെങ്കിലും വനംവകുപ്പ് വിവരം പുറത്തുവിട്ടിരുന്നില്ല. കടുവയുടെ ദൃശ്യങ്ങൾ വ്യക്തമായി ലഭിച്ചില്ലെന്നാണ് വനംവകുപ്പ് അധികൃതർ പറഞ്ഞിരുന്നത്.