തിരുവനന്തപുരം:ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ആദ്യ രണ്ട് മല്‍സരവും ജയിച്ച് ഇന്ത്യ പരമ്പര നേടിയതിനാല്‍ വലിയ പ്രാധാന്യമൊന്നും ഈ മല്‍സരത്തിനില്ല.
ഇന്ത്യന്‍ ടീമില്‍ ആദ്യ രണ്ട് മല്‍സരങ്ങളിലും കളിക്കാതിരുന്ന താരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ഉറപ്പായിട്ടുണ്ട്. ഒരു ജയത്തോടെ പരമ്പര അവസാനിപ്പിക്കുകയാണ് ലങ്കയുടെ ലക്ഷ്യം. എന്നാല്‍ മല്‍സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ അത്ര സുഖകരമായ വാര്‍ത്തകളല്ല പുറത്തുവരുന്നത്.
മല്‍സരത്തോട് ആരാധകര്‍ ഇതുവരെ തണുത്ത പ്രതികരണമാണ് പ്രകടിപ്പിക്കുന്നത്. ടിക്കറ്റ് വില്പനയിലും ഈ മെല്ലപ്പോക്ക് പ്രകടമാണ്. ശനിയാഴ്ച്ച ഉച്ചവരെ ഏകദേശം 6,000 ടിക്കറ്റ് മാത്രമാണ് വിറ്റുപോയിരിക്കുന്നത്. 40,000 ത്തോട് അടുത്ത് കാണികളെ ഉള്‍ക്കൊള്ളാവുന്ന സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തിനാണ് ഈ ഗതി.
ടിക്കറ്റ് വില്പന കുറഞ്ഞതോടെ കോംപ്ലിമെന്ററി ടിക്കറ്റായി ഫ്രീയായി നല്‍കി ഗ്യാലറിയിലേക്ക് ആളെ കയറ്റാനുള്ള നീക്കങ്ങള്‍ കെസിഎ തുടങ്ങിയിട്ടുണ്ട്. ഗ്യാലറി നിറഞ്ഞില്ലെങ്കില്‍ ഒരുപക്ഷേ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് അനുവദിക്കുന്ന അവസാന അന്താരാഷ്ട്ര മല്‍സരമായി ഇത് മാറാനും സാധ്യതയുണ്ട്.
സാധാരണയായി ഇന്ത്യയിലെ മറ്റൊരു സ്റ്റേഡിയത്തിലും ഇത്തരത്തില്‍ ശൂന്യമായ സ്റ്റേഡിയത്തില്‍ കളി നടന്നിട്ടുണ്ടാകില്ല. ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റു തീര്‍ന്നില്ലെങ്കില്‍ ബിസിസിഐയില്‍ നിന്നും നടപടി വരാന്‍ സാധ്യതയുണ്ട്.
ഈ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ഒന്നോ രണ്ടോ മല്‍സരം കേരളത്തിന് അനുവദിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ ആളു കയറിയില്ലെങ്കില്‍ ആ സാധ്യത അസ്തമിക്കുമെന്ന് ഉറപ്പാണ്.
കാണികള്‍ എത്താത്ത വേദികളില്‍ ലോകകപ്പ് പോലൊരു ലോക ഇവന്റ് നടത്താന്‍ ബോര്‍ഡ് താല്‍പര്യപ്പെടില്ലെന്നത് തന്നെ കാരണം. അവസാന മണിക്കൂറുകളില്‍ ടിക്കറ്റുകള്‍ എങ്ങനെയെങ്കിലും വില്‍ക്കാനുള്ള ശ്രമത്തിലാണ് കെസിഎ.
ടിക്കറ്റ് വില കുറച്ചിട്ടും നികുതി വന്‍തോതില്‍ കൂട്ടിയതാണ് ആരാധകരുടെ നിസഹകരണത്തിന് പ്രധാന കാരണം. കളി കാണുന്ന സാധാരണക്കാരെ അപമാനിക്കുന്ന തരത്തില്‍ കായികമന്ത്രി പ്രസ്താവന നടത്തിയതും ആരാധകരുടെ വിട്ടുനില്‍ക്കലിന് കാരണമായി.