യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; കേസിൽ ഭർത്താവും അമ്മയും കുറ്റക്കാർ

കൊല്ലം :സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരെന്നു കോടതി കണ്ടെത്തി. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി എസ്.സുഭാഷ് കുറ്റക്കാരെന്നു കണ്ടെത്തിയത്.

ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ (66) ഒന്നര വർഷം മുൻപ് ഇത്തിക്കര ആറിനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയതോടെ കേസിൽ നിന്നൊഴിവാക്കി.

വിവാഹം കഴിഞ്ഞ് അഞ്ചര വർഷം കഴിഞ്ഞാണ് തുഷാര (28) കൊല്ലപ്പെട്ടത്. പോസ്റ്റ്‌മോർട്ടത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹത്തിന്റെ ഭാരം 21 കിലോഗ്രാം ആയിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

2013ൽ ആയിരുന്നു ചന്തുലാലിന്റെയും കരുനാഗപ്പള്ളി അയണിവേലിൽ സൗത്ത് തുഷാര ഭവനിൽ തുഷാരയുടെയും വിവാഹം. മൂന്നാം മാസം മുതൽ സ്ത്രീധനത്തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു കണ്ടെത്തിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News