പാട്‌ന: ബീഹാറില്‍ കനത്ത നാശം വിതച്ച് ഇടി മിന്നല്‍.കഴിഞ്ഞ 24 മണിക്കൂര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 83 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ മിന്നലേറ്റ് നിരവധി കര്‍ഷകര്‍ മരണപ്പെട്ടെന്ന് വാര്‍ത്താ ഏജന്‍സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ 83 മിന്നലേറ്റ് മരിച്ചതായി ബീഹാര്‍ സര്‍ക്കാര്‍ അറിയിച്ചു. ജില്ല തിരിച്ചുള്ള മരണസംഖ്യയും സര്‍ക്കാര്‍ പുറത്ത് വിട്ടു. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗോപാല്‍ഗഞ്ച ജില്ലയിലാണ്.
ഗോപാല്‍ഗഞ്ചില്‍ മാത്രം 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.നവാഡയില്‍ എട്ടുപേര്‍ മരിച്ചു.സിവാന്‍,ഭഗല്‍പ്പൂര്‍,എന്നിവിടങ്ങളില്‍ ആറുപേര്‍ വീതവും ദാര്‍ഭംഗ,ബങ്ക എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതവും മരിച്ചു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നാലുലക്ഷം വീതം പ്രഖ്യാപിച്ചു.
ഇടിമിന്നല്‍ സാധ്യതയേത്തുടര്‍ന്ന് ബീഹാറിലെ മിക്ക ജില്ലകളിലും കേന്ദ്രകലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.മഴ സമയത്ത് ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ ഇരിയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.