കൊച്ചി: എറണാകുളം ടൗണിലെ മയക്കുമരുന്ന് മൊത്ത വിതരണക്കാരായ തുമ്പിപ്പെണ്ണിനേയും ശിങ്കിടികളെയും എക്സൈസ് അതിസാഹസികമായി പിടികൂടി. കോട്ടയം ചിങ്ങവനം സ്വദേശിനി തുമ്പിപ്പെണ്ണ് എന്ന് വിളിക്കുന്ന സൂസിമോൾ എം സണ്ണി (24), ആലുവ ചെങ്ങമനാട് സ്വദേശി അമീർ സുഹൈൽ (23), കൊച്ചി മാലിപ്പുറം സൗത്ത് പുതുവൈപ്പ് സ്വദേശി അജിപ്പായി എന്ന് വിളിക്കുന്ന അജ്മൽ കെ എ (24), അങ്കമാലി മങ്ങാട്ട്കര സ്വദേശി എൽറോയ് വർഗ്ഗീസ് (21) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
പ്രതികളുടെ പക്കൽ നിന്ന് 327.43 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന അഡംബര കാറും കസ്റ്റഡിയിൽ എടുത്തു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്ത് ഏജന്റുമാരെ കാത്ത് നിൽക്കവെ നാൽവർ സംഘം സഞ്ചരിച്ചിരുന്ന കാർ എക്സൈസ് ടീം വളയുകയായിരുന്നു. മാരക ലഹരിയിലായിരുന്ന നാല് പേരെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്സൈസ് സംഘത്തിന് കീഴ്പ്പെടുത്താനായത്.
എറണാകുളം ടൗണിലെ ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള സൂസി മോളാണ് മയക്കുമരുന്നിന്റെ മൊത്തവിതരണം നേരിട്ട് നിയന്ത്രിച്ചിരുന്നത്. സംഘാംഗങ്ങളായ മൂന്ന് പേരും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. പ്രതികളെ ചോദ്യം ചെയ്തപ്പോൾ ഹിമാചൽ പ്രദേശിൽ നിന്ന് വൻ തോതിൽ രാസലഹരി എറണാകുളത്ത് എത്തിച്ചു വില്പന നടത്തുന്ന റാക്കറ്റിന്റെ രഹസ്യങ്ങൾ ചുരുളഴിഞ്ഞു. കൊല്ലം സ്വദേശി സച്ചിൻ എന്നയാളാണ് ഇവരുടെ സംഘത്തലവൻ. ഇയാളാണ് ഹിമാചൽ പ്രദേശിൽ നിന്ന് മയക്കുമരുന്നുകൾ വാങ്ങി എറണാകുളത്ത് എത്തിച്ചിരുന്നത്.
ഇതിനായി ഇയാൾ ഉപയോഗിച്ചിരുന്ന മാർഗ്ഗം ആരുടേയും ശ്രദ്ധയിൽ പെടാത്ത രീതിയിൽ മയക്കുമരുന്ന് പാക്കറ്റുകൾ പോളിത്തീൻ കവറിലാക്കി മാലിന്യം ഉപേക്ഷിക്കുന്നത് പോലെ എയർപോർട്ട് പരിസരത്ത് ഉപേക്ഷിക്കുക എന്നതായിരുന്നു. അതിന് ശേഷം കൃത്യമായ ലൊക്കേഷൻ സൂസിക്ക് അയച്ചു കൊടുക്കും. സൂസിയും സംഘവും ഇത് ശേഖരിച്ചു ചില്ലറ വില്‍പ്പനക്കാർക്ക് കൈമാറുന്നതാണ് രീതി.
മയക്കുമരുന്ന് വിറ്റു കിട്ടുന്ന പണം ഇവരുടെ കമ്മീഷൻ കഴിച്ചു ഓൺലൈൻ വഴി സച്ചിന് കൈമാറും. ഹിമാലയൻ മെത്ത് എന്ന് വിളിപ്പേരുള്ള ഈ രാസലഹരിക്ക് ഡിമാന്റ് അനുസരിച്ച് ഗ്രാമിന് 4000 മുതൽ 7000 രൂപ വരെ ഇവർ ഈടാക്കിയിരുന്നു. ഇതിൽ അജിപ്പായ് എന്ന് അറിയപ്പെടുന്ന അജ്മൽ അടിപിടി, ഭവനഭേദനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയാണ്.
ഹൈവേ റോബറി നടത്തി വരുന്ന എൽറോയ് ആയിരുന്നു കൂട്ടത്തിൽ ഏറ്റവും അപകടകാരി. അതിവേഗത്തിൽ മാരകമായി പരിക്കേപ്പിക്കാൻ സാധിക്കുന്ന സ്പ്രിംഗ് ബാറ്റൺ അടക്കം വ്യത്യസ്ത ഇനം വിദേശ നിർമ്മിത കത്തികൾ ഇവർ സഞ്ചരിച്ച കാറിൽ ഉണ്ടായിരുന്നു. അസിസ്റ്റന്‍റ് കമ്മീഷണറുടെ സ്പെഷ്യൽ ആക്ഷൻ ടീം, എറണാകുളം ഐ ബി, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, എറണാകുളം റേഞ്ച് പാർട്ടി എന്നിവർ സംയുക്തമായിട്ടാണ് ഓപ്പറേഷൻ നടത്തിയത്.
സംഘത്തലവൻ സച്ചിനെ പിടികൂടുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വ്യാവസായിക അളവിലുള്ള സിന്തറ്റിക് ലഹരി കൈവശം വയ്ക്കുന്നത് 20 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.