തൃശൂർ: തൃശൂർ പൂരത്തിനിടെ ആൽമരംമരത്തിന്റെ ശിഖരം പൊട്ടിവീണ് അപകടം. രണ്ട് പേർ മരണപ്പെട്ടതായി പോലീസ് പറഞ്ഞു. തിരുവമ്പാടി ദേവസ്വം ബോർഡ് അംഗങ്ങളായ രമേശ്, രാമചന്ദ്രൻ എന്നിവരാണ് മരണപ്പെട്ടത്. ഇരുപത്തിയഞ്ചു പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സി.ഐ ഉൾപ്പെടെ ഏതാനും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യത്തിനിടെയാണ് അപകടം. രാത്രി 12.20ഓടെ ബ്രഹ്മസ്വം മഠത്തിന് സമീപത്താണ് അപകടം നടന്നത്. പഞ്ചവാദ്യസംഘത്തിന് മേലേക്ക് സമീപത്തെ ആലിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു. ബഹളത്തിനിടെ ആന ഭയപ്പെട്ടോടിയെങ്കിലും ഉടൻ തളയ്ക്കാനായി. വൈദ്യുതി ലൈനിന് മുകളിലേക്കാണ് മരം പൊട്ടിവീണത്. ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇരുട്ടായതിനാൽ ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം ചെറിയ രീതിയിൽ തടസപ്പെട്ടു.
സംഭവസ്ഥലത്ത് പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ജില്ലാ കളക്ടറും പോലീസ് മേധാവിയും സ്ഥലത്തെത്തി. ആൾക്കൂട്ടം കുറവായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടക്കാനാരിക്കുന്ന മറ്റ് ചടങ്ങുകൾ നടത്തിയേക്കില്ല. വെടിക്കെട്ട് നടത്തുന്നതിൽ നിന്ന് തിരുവമ്പാടി പിന്മാറി. കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. വെടിക്കോപ്പുകൾ കൂട്ടമായി കത്തിച്ചു കളഞ്ഞു.