തൃശ്ശൂർ: പോലീസ് സല്യൂട്ട് നൽകുന്നില്ലെന്ന പരാതിപ്പെട്ട തൃശ്ശൂർ മേയർ എം.കെ.വർഗീസിനെ കൗൺസിൽ യോഗത്തിനിടെ സല്യൂട്ട് ചെയ്ത് പ്രതിപക്ഷാംഗങ്ങളുടെ പരിഹാസം. ചിരിച്ചുകൊണ്ട് സല്യൂട്ട് ചെയ്ത് മേയറും തിരിച്ചടിച്ചു. പോലീസ് മേയറെ സല്യൂട്ടു ചെയ്യുന്നില്ലെന്ന് ഡി.ജി.പി.യോടു പരാതിപ്പെട്ടതിനെ പരിഹസിച്ച് പിന്നീട് പ്രസംഗങ്ങളിലും പ്രതിപക്ഷം മേയറെ പലതവണ സല്യൂട്ട് ചെയ്തു.
തൃശ്ശൂരിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുളള മാസ്റ്റർപ്ലാൻ വിഷയമായ പ്രത്യേക കൗൺസിൽ യോഗത്തിനിടെയാണ് സംഭവം. യോഗം ആരംഭിച്ചത് തന്നെ സംഘർഷത്തോടെയായിരുന്നു. പ്രതിപക്ഷമായ കോൺഗ്രസ്, ബി.ജെ.പി. അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. മേയർ എം.കെ. വർഗീസ് കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അവസരം നൽകിയില്ലെന്നാരോപിച്ച് കോൺഗ്രസ് ബഹളം തുടങ്ങി.
വിഷയം വിശദീകരിക്കാൻ ടൗൺ പ്ലാനർക്ക് അവസരം നൽകിയതോടെയാണിത്. വൈകാതെ ബി.ജെ.പി. അംഗങ്ങളും നടുത്തലത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ചെറുക്കാൻ ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ സംഘർഷാവസ്ഥയായി. ഇതിനിടയിലാണ് പ്രതിപക്ഷാംഗങ്ങൾ മേയറെ വളഞ്ഞ് സല്യൂട്ട് അടിച്ച് പരിഹസിച്ചത്. തിരിച്ച് സല്യൂട്ട് നൽകി മേയറും പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജോൺ ഡാനിയേൽ, ലാലി ജയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മേയറെ വളഞ്ഞത്.
സർക്കാർ അംഗീകരിച്ച മാസ്റ്റർപ്ലാനിൽ പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാമെന്ന് മേയർ ഉറപ്പുനൽകി. 47 വർഷമായി നടപ്പാക്കാൻ കഴിയാതിരുന്ന മാസ്റ്റർപ്ലാൻ ആണ് മുൻമന്ത്രി എ.സി. മൊയ്തീൻ ഇടപെട്ട് അംഗീകാരം നൽകിയതെന്നും മേയർ പറഞ്ഞു. പ്ലാൻ റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ബി.ജെ.പി.യുടെ പ്രതിഷേധത്തിന് വിനോദ് പൊള്ളഞ്ചേരി, പൂർണിമാ സുരേഷ്, എൻ. പ്രസാദ് എന്നിവരും നേതൃത്വം നൽകി.
ചർച്ചയ്ക്കു തയ്യാറുണ്ടോയെന്നായിരുന്നു പി.കെ. ഷാജന്റെയും വർഗീസ് കണ്ടംകുളത്തിയുടെയും നേതൃത്വത്തിൽ ഭരണപക്ഷത്തിന്റെ വെല്ലുവിളി. മുക്കാൽ മണിക്കൂറിനുശേഷമാണ് സ്ഥിതി ശാന്തമായത്. ഒടുവിൽ ടൗൺപ്ലാനറെ സംസാരിക്കാനനുവദിച്ചു.
സർക്കാർ അംഗീകരിച്ച മാസ്റ്റർപ്ലാൻ കോർപ്പറേഷനിൽ ഉണ്ടെന്ന് ടൗൺ പ്ലാനിങ് ഓഫീസർ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 26-നാണ് പ്ലാൻ അംഗീകരിച്ചത്. ചീഫ് ടൗൺ പ്ലാനിങ് ഓഫീസറുമായി രണ്ടുദിവസം ചർച്ച നടത്തിയ ശേഷം പുനഃപ്രസിദ്ധീകരിക്കേണ്ട കാര്യങ്ങൾ ഒഴിവാക്കിയാണ് മാസ്റ്റർപ്ലാൻ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. നെൽപ്പാടം എന്നു പറഞ്ഞിരിക്കുന്നത് ഏത് സോണാക്കി മാറ്റിയാലും തണ്ണീർത്തട വികസന നിയമത്തിന് വിധേയമായിട്ടേ നടപ്പാക്കാനാകൂവെന്നും അദ്ദേഹം വിശദീകരിച്ചു.
മാസ്റ്റർപ്ലാൻ പൂർണതയിലേയ്ക്ക് എത്തിക്കുന്നതോടെ ചരിത്ര നിമിഷത്തിലൂടെയാണ് കോർപ്പറേഷൻ കടന്നുപോകുന്നതെന്നും ചാരിതാർത്ഥ്യമുണ്ടെന്നും മേയർ എം.കെ. വർഗ്ഗീസ് അറിയിച്ചു.
രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ട ചർച്ചയ്ക്കൊടുവിൽ മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്യണമെന്ന ആവശ്യം വോട്ടിനിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ മേയർ ബെല്ലടിച്ച് യോഗം പിരിച്ചുവിട്ടു. കൗൺസിലിന്റെ അംഗീകാരമില്ലാത്ത പ്ലാൻ നടപ്പാക്കാൻ ഭരണസമിതിക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ചോദിച്ചു. കൗൺസിൽ അറിയാതെയാണ് മുൻ മേയർ അജിതാ വിജയനും സെക്രട്ടറിയും ഒപ്പിട്ട മാസ്റ്റർ പ്ലാൻ സർക്കാരിന് സമർപ്പിച്ചത്. ജനങ്ങളെ ചതിക്കുന്നതിന് കൂട്ടുനിൽക്കാനാകില്ല. തൃശ്ശൂരിലെ എം.എൽ.എ. ആയിരുന്ന മന്ത്രി വി.എസ്. സുനിൽകുമാറിനെപ്പോലും മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട ഒരു ചർച്ചയിലും പങ്കെടുപ്പിച്ചിട്ടില്ലെന്നും രാജൻ പല്ലൻ പറഞ്ഞു.
സർക്കാർ അംഗീകരിച്ച മാസ്റ്റർപ്ലാൻ നടപ്പാക്കുമെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ കോടതിയിൽ പോകാം. ചീഫ് ടൗൺ പ്ലാനിങ് ഉദ്യോഗസ്ഥനെ വരച്ചവരയിൽ നിർത്തി പ്ലാൻ അംഗീകരിപ്പിച്ചത് അഴിമതിയാണെങ്കിൽ അത് ഞങ്ങൾ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീരുമാനിച്ചാൽ നടപ്പാക്കിയിരിക്കും. പത്തു ദിവസത്തിനുള്ളിൽ റോഡുകളുടെ മാപ്പുണ്ടാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിക്കഴിഞ്ഞു.
പള്ളികളും വിദ്യാഭ്യാസസ്ഥാപനങ്ങളുമൊക്കെ കീറിമുറിച്ച് റോഡുകളുണ്ടാക്കുന്ന പ്ലാൻ നടപ്പാക്കുന്നതിനു പിന്നിൽ ഭൂമാഫിയയാണെന്ന് ലാലി ജെയിംസ് പറഞ്ഞു. തണ്ണീർത്തട നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് മേയർ പറഞ്ഞത് ശരിയല്ലെന്ന് ജോൺ ഡാനിയേൽ പറഞ്ഞു.
മാസ്റ്റർപ്ലാൻ ഇടതുപക്ഷം തന്നെയാണ് തയ്യാറാക്കിയതെന്നും ഉത്തരവാദിത്വത്തിൽ നിന്ന് പിൻമാറുന്നില്ലെന്നും അനൂപ് ഡേവിസ് കാട പറഞ്ഞു. ഭരണകക്ഷിയിലെ ഷീബാ ബാബു, എം.എൽ. റോസി, സാറാമ്മാ റോബ്സൺ, പ്രതിപക്ഷത്തെ കെ. രാമനാഥൻ, ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കളപറമ്പിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.