തൃശൂര്‍: തൃശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പ്രാഥമിക നിഗമനം. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് ഈ വിലയിരുത്തല്‍ നടത്തിയത്. ഷോര്‍ട് സര്‍ക്യൂട്ട് സാധ്യതയില്‍ ഉള്‍പ്പടെയാണ് പരിശോധന നടക്കുന്നത്. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടട്രേറ്റ് പരിശോധന പൂര്‍ത്തിയായി. അപകട കാരണം എന്താണ് എന്നതില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകം ആകും. ലൈസന്‍സ് ഉണ്ടെങ്കിലും സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ചിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്.
അതേസമയം, വെടിക്കെട്ട് സ്‌ഫോടനത്തില്‍ ശരീര ഭാഗങ്ങള്‍ തേടിയുള്ള പരിശോധന പൂര്‍ത്തിയായി. പ്രാഥമിക തെളിവെടുപ്പ് എഡിഎം പൂര്‍ത്തിയാക്കി. വെടിക്കെട്ട് നിര്‍മാണ ശാലയുടെ സമീപത്തുണ്ടായിരുന്ന കുളത്തിലെ പരിശോധനയും പൂര്‍ത്തിയായി. അവിടെ നിന്നും ശരീര ഭാഗങ്ങളൊന്നും കണ്ടെത്താനായില്ല. ചില വസ്തുക്കള്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സാമ്പിള്‍ ഫോറന്‍സിക് എടുത്ത ശേഷം പൊലീസ് നിര്‍ദേശം അനുസരിച്ചായിരിക്കും ബാക്കി തീരുമാനം.
മുണ്ടത്തിക്കോട് വെടിമരുന്ന് സ്‌ഫോടന ദുരന്തത്തില്‍ 14 മരണമാണ് സ്ഥിരീകരിച്ചത്. 8 പേരെ തിരിച്ചറിഞ്ഞു. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന 5 പേരുള്‍പ്പെടെ 13 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഇതുവരെ മോര്‍ച്ചറിയില്‍ എത്തിയത് 9 മൃതദേഹമാണ്. ഏഴുപേരെ തിരിച്ചറിഞ്ഞു.
പഴയന്നൂര്‍ വെണ്ണൂര്‍ പാറക്കണ്ടില്‍ വീട്ടില്‍ അറുമുഖന്റെ മകന്‍ സുദര്‍ശന്‍ (54), പാലക്കാട് കുമരനെല്ലൂര്‍ കച്ചൂര്‍ മാടിപുറത്ത് വീട്ടില്‍ കോര്‍മന്റെ മകന്‍ വാസുദേവന്‍ (54), തൃശ്ശൂര്‍ കുണ്ടന്നൂര്‍ സ്വദേശി മുതുകാട്ടില്‍ വീട്ടില്‍ സുവിന്‍ (40), മലപ്പുറം എടപ്പാള്‍ സ്വദേശി മണികണ്ഠന്‍ (60), തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശി മണികണ്ഠന്‍ (33), മലപ്പുറം കുളത്തൂര്‍ സ്വദേശി സുബ്രമണ്യന്‍ (50), മലപ്പുറം എടപ്പാള്‍ സ്വദേശി വിജയന്‍ (60), തൃശ്ശൂര്‍ ഇഞ്ചമുടി സ്വദേശി ബിജീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. ഇതില്‍ തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശി മണികണ്ഠന്‍ വെടിക്കെട്ട് കാണാനെത്തിയ പ്രദേശവാസിയാണ്.
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടനത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. ജില്ലാ കലക്ടറേറ്റില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അടിയന്തരമായി ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തതിനു ശേഷം തൃശൂര്‍ കലക്ടറേറ്റില്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ അടിയന്തര സഹായം എന്ന നിലയില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 50 ലക്ഷം രൂപ സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടനത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ നിന്ന് 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപയും അടക്കം 14 ലക്ഷം രൂപ നല്‍കും. പരിക്കേറ്റവര്‍ക്ക് ദുരന്ത പ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പ്രത്യേക സഹായമായി രണ്ട് ലക്ഷം രൂപയും നല്‍കും. പരിക്കേറ്റവരെ ആറുമാസ കാലത്തേക്ക് സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ചെയ്യേണ്ടി വരുന്നതിന്റെ പൂര്‍ണ്ണമായ ചിലവും കേരള സര്‍ക്കാര്‍ ഏറ്റെടുക്കും. ആവശ്യമായ സംഖ്യ ജില്ലാ കളക്ടര്‍ക്ക് ദുരന്ത പ്രതികരണനിധിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിക്കാനുള്ള തീരുമാനം എടുത്തതായി മന്ത്രി കെ രാജന്‍ പറഞ്ഞു.
ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവരികയാണെങ്കില്‍ പൂര്‍ണ്ണമായ ചിലവും സി.എം. ഡി.ആര്‍.എഫ്- ല്‍ നിന്നും നല്‍കും. തിരച്ചിലും ചികിത്സയും നടപ്പിലാക്കുന്നതിന് വേണ്ടി പ്രദേശത്തെ മതിലുകള്‍ പൊളിക്കുകയും വയല്‍ നികത്തുകയും ചെയ്തിട്ടുണ്ട്. അത് പൂര്‍വസ്ഥിതിയില്‍ ആക്കുന്നതിന് വേണ്ടി ചിലവാകുന്ന തുക ജില്ലാ കളക്ടര്‍ നല്‍കുന്ന പ്രൊപ്പോസലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നല്‍കും. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള കെട്ടിടത്തിന് നാശനഷ്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ തോത് കണക്കാക്കി അടിയന്തരമായി കളക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അതിനും ആവശ്യമായ നഷ്ടപരിഹാരം നല്‍കും.
സ്ഫോടനം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജസ്റ്റിസ് സി.എം രാമചന്ദ്രന്‍ നായര്‍ ആയിരിക്കും ജുഡീഷ്വല്‍ അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന ഓഫീസര്‍. ദുരന്തവുമായി ബന്ധപ്പെട്ട് മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്നതിനും ഡി.എന്‍. എ സാമ്പിളുകള്‍ ശേഖരിക്കുന്നതിനും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജര്‍ (ീുെ) അടിയന്തരമായി പുറത്തിറക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്താനും ക്യാബിനറ്റ് നിശ്ചയിച്ചു.
മെഡിക്കല്‍ ബോര്‍ഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വളരെ വേഗത്തില്‍ നടത്തപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ചിന്നിച്ചിതറിയ മൃതദേഹ ഭാഗങ്ങളാണ് ലഭിക്കുന്നത്. ഡി.എന്‍.എ സാമ്പിളുകള്‍ പരിശോധിച്ചാല്‍ മാത്രമേ മരിച്ച വ്യക്തികളെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളു. അതിനു വേണ്ടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം ജില്ലയില്‍ എത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കും. തിരച്ചില്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. മൂന്ന് കഡാവര്‍ നായകളെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. സംഭവസ്ഥലത്ത് മൃതശരീരങ്ങളുടെ ഭാഗങ്ങളോ മറ്റോ ഉണ്ടോ എന്നറിയാന്‍ വേണ്ടി വ്യത്യസ്ത തലത്തിലുള്ള പരിശോധനകള്‍ നടന്നുവരുന്നതായും മന്ത്രി പറഞ്ഞു.
അപകട സ്ഥലത്തേക്ക് പോകാന്‍ സാധ്യതയുള്ളവര്‍ വീട്ടിലേക്ക് എത്താത്തതോ, കാണാതാവുകയോ ബന്ധപ്പെടാന്‍ സാധിക്കാതെയോ ഉണ്ടെങ്കില്‍ ജില്ലാ ഭരണകൂടത്തെയോ നാലിടങ്ങളില്‍ ആരംഭിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലോ അറിയിക്കണമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്നവരെ സംരക്ഷിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഏറ്റവും പ്രധാനമായും ചെയ്യുന്നത്. അതിന് യുദ്ധകാല അടിസ്ഥാനത്തിലുള്ള ട്രീറ്റ്‌മെന്റ് ഉറപ്പാക്കുന്നുണ്ടെന്ന് സഹകരണം, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വാസവന്‍ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം സ്ഥലത്തുണ്ട്. അവരുടെ നേതൃത്വത്തില്‍ മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് കൃത്യമായ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പോലീസ്, ഫയര്‍ഫോഴ്‌സ്, ജില്ലാ ഭരണകൂടം, ഫോറന്‍സിക് വിദഗ്ധര്‍, പെസോ ടീം, സ്‌കൂബ ടീം എന്നിവര്‍ എല്ലാവരും ചേര്‍ന്ന് ഒരു ടീമായി പരിസരപ്രദേശങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ന് (23/4/26) രാവിലെ 10. 30 ന് കേരള ഹൈക്കോടതിയുടെ അനുമതിയോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ദേവസ്വം ഭാരവാഹികളുമായി യോഗം ചേര്‍ന്ന് പൂരവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ എങ്ങനെയാകുമെന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, രജിസ്‌ട്രേഷന്‍, മ്യൂസിയങ്ങള്‍, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, തദ്ദേശ സ്വയംഭരണ വകുപ്പ്, എക്‌സൈസ്, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്, ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
PESO’s preliminary assessment indicates that the Thrissur fireworks accident was not caused by extreme heat, shifting focus to potential electrical failures. Official reports confirm 13 deaths so far, with several body parts recovered and many workers still undergoing identification. Authorities are strictly investigating whether safety protocols were violated during the storage and handling of the explosives.

