തൃശൂര്‍ ജില്ലയില്‍ നാലു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ രോഗം ബാധിച്ച് തൃശൂര്‍ ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ആറായി. ഇന്ന് രോഗം സ്ഥിരീകരിച്ച നാലുപേരും നിരീക്ഷണത്തില്‍ കഴിയുന്നവരാണ്.
അബുദാബിയില്‍ നിന്ന് വന്ന പെരിങ്ങോട്ടുകര സ്വദേശികളായ രണ്ടു സഹോദരങ്ങള്‍, മുളങ്കുന്നത്തുകാവ് തിരൂര്‍ സ്വദേശിയായ യുവാവ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നു പേരും ഗുരുവായൂരില്‍ ക്വാറന്റിനില്‍ കഴിയുന്നവരാണ്. മാലിദ്വീപില്‍ നിന്ന് വന്ന ചാലക്കുടി വി.ആര്‍. പുരം സ്വദേശിയാണ് രോഗം ബാധിച്ച നാലാമന്‍. ചാലക്കുടി സ്വദേശി വീട്ടിലായിരുന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. കുടുംബാംഗങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
ജില്ലയില്‍ നിരീക്ഷണത്തിലുളളത് 5688 പേരാണ്.കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 5663 പേരും ആശുപത്രികളില്‍ 25 പേരും ഉള്‍പ്പെടെ ആകെ 5688 പേരാണ് നിരീക്ഷണത്തിലുളളത്. ശനിയാഴ്ച (മെയ് 16) നിരീക്ഷണത്തിന്റെ ഭാഗമായി രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
ശനിയാഴ്ച (മെയ് 16) അയച്ച 15 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 1498 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 1431 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 67 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. സാമ്പിള്‍ പരിശോധന ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലുളളവരുടെ 291 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.303 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്.
ശനിയാഴ്ച (മെയ് 16) 79 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 1615 പേരെയും മത്സ്യചന്തയില്‍ 1127 പേരെയും ബസ് സ്റ്റാന്റിലെ പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 123 പേരെയും സ്‌ക്രീന്‍ ചെയ്തു.