അഗർത്തല:കോൺഗ്രസ് ത്രിപുര സംസ്ഥാന അധ്യക്ഷൻ പിജുഷ് കാന്തി ബിശ്വാസ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.
ത്രിപുരയിലെ മറ്റു ചില കോൺഗ്രസ് നേതാക്കളും വരും ദിവസങ്ങളിൽ തൃണമൂലിൽ ചേർന്നേക്കും. ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ പ്രവർത്തനങ്ങൾ സജീവമാക്കിയിരുന്നു തൃണമൂൽ. ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെപ്പ് നടത്തുന്ന തൃണമൂലിന് ത്രിപുര പരീക്ഷശാലയാണ്. അഭിഷേക് ബാനർജിയും മുകുൾ റോയിയുടേയും നേതൃത്വത്തിലാണ് തൃണമൂൽ ത്രിപുരയിലെ നീക്കങ്ങൾ നടത്തിവരുന്നത്.
ഒരാഴ്ചയ്ക്കിടെ കോൺഗ്രസിന്റെ രണ്ടാമത്തെ പ്രബല നേതാവാണ് പാർട്ടി വിട്ട് തൃണമൂലിൽ ചേരാനിരിക്കുന്നത്. മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് ദിവസങ്ങൾക്ക് മുമ്പ് കോൺഗ്രസ് വിട്ടിരുന്നു. പിന്നാലെ അവർ തൃണമൂലിൽ ചേരുകയുണ്ടായി.
‘ഞാൻ ടിപിസിസി പ്രസിഡന്റ് (ആക്ടിങ്) ആയിരുന്ന സമയത്ത് നിങ്ങൾ നൽകിയ സഹകരണത്തിന് എല്ലാ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും ഞാൻ ആത്മാർത്ഥമായ ന്ദി പറയുന്നു. ഇന്ന് ഞാൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. സോണിയ ഗാന്ധിക്ക് എന്റെ ആത്മർത്ഥമായ നന്ദി’ പിജുഷ് കാന്തി ബിശ്വാസ് ട്വിറ്ററിൽ കുറിച്ചു