തൃക്കാക്കരയിൽ ചുവരെഴുത്ത് നിർത്തിവച്ച് എൽഡിഎഫ്; സ്ഥാനാർഥി പ്രഖ്യാപനം നാളെ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഇടതു സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ഥിയെ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഇടതുമുന്നണി യോഗം ചേര്‍ന്ന ശേഷമാകും തീരുമാനം. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും മന്ത്രി പി.രാജീവും പറഞ്ഞു.
സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗം കെ.എസ്.അരുണ്‍കുമാര്‍ ആണ് സ്ഥാനാർഥിയെന്നായിരുന്നു നേരത്തെയുള്ള വാർത്തകൾ. പിന്നാലെ, മണ്ഡലത്തിൽ അരുണ്‍കുമാറിനുവേണ്ടി ചുവരെഴുത്തുകളും ആരംഭിച്ചിരുന്നു. എന്നാൽ, സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് നേതാക്കൾ പ്രതികരിച്ചതോടെ ചുവരെഴുത്തുകൾ നിർത്തിവച്ചു. ചിലയിടത്തു മായിക്കുകയും ചെയ്തു.
‘ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര’ എന്ന ഹാഷ്‌ടാഗുമായി പ്രചാരണങ്ങളില്‍ നിറയുന്ന ഇടതുമുന്നണി ഇത്തവണ സീറ്റുപിടിക്കാം എന്ന ഉറച്ച പ്രതീക്ഷയിലാണ്. ഉപതിരഞ്ഞെടുപ്പുകളിലെ മേല്‍ക്കൈ തൃക്കക്കരയിലും ഉറപ്പിക്കാനാണ് ശ്രമം.
യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് പ്രചാരണ രംഗത്ത് സജീവമാണ്. പുലർച്ചെ 1 മണിയോടുകൂടി പി ടി തോമസിൻ്റെ ഇടുക്കിയിലെ തറവാട്ടുവീട്ടിലേക്ക് യാത്ര പുറപ്പെട്ടു. രാവിലെ പിടിയെ അടക്കംചെയ്ത ഉപ്പുതോട് സെൻറ് ജോസഫ് ദേവാലയത്തിൽ കുർബാനയില് പങ്കെടുക്കുകയും സെമിത്തേരിയിൽ ഒപ്പീസ് ചൊല്ലി പിടിയുടെ കബറിങ്കൽ പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് ഇടുക്കി ബിഷപ്പിനെ കണ്ട്, അനുഗ്രഹം വാങ്ങി , എറണാകുളം ഡിസിസിയില് യുഡിഎഫ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ സംസാരിച്ചു.
മൂന്ന് മണിയോടുകൂടി എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് കരി യിൽ പിതാവിനെ കാണുകയും അനുഗ്രഹം വാങ്ങുകയും തുടർന്ന് ഇടപ്പള്ളി പള്ളിയിലെ പെരുന്നാളിൽ സംബന്ധിക്കുകയും ചെയ്തു. തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർജിയെ സന്ദർശിക്കുകയും ശേഷം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ സംസാരിച്ചു. അതിനെ തുടർന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി. ശേഷം മുസ്ലിം ലീഗ് ജന സെക്രട്ടറി പി എം എ സലാം നെ സന്ദർശിച്ചു. തുടർന്ന് വിവിധ മണ്ഡലങ്ങളിലെ യുഡിഎഫ് യോഗങ്ങളിൽ സംബന്ധിച്ചു.
തൃക്കാക്കരയിൽ
വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള മൽസരം
വി.ഡി.സതീശൻ
കൊച്ചി: വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള മൽസരമാണ് തൃക്കാക്കരയിൽ നടക്കുന്നതെന്ന്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
യുഡിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെടുമ്പാശേരി എയർപോർട്ടിന് സിപിഎം എതിരായിരുന്നു. തൻ്റെ നെഞ്ചിലായിരിക്കും ആദ്യ വിമാനം ഇറങ്ങുന്നതെന്നു പറഞ്ഞ നേതാവിനെ നമുക്ക് അറിയാം.
കലൂർ സ്റ്റേഡിയത്തെയും അവർ എതിർത്തു.
ദ്വീപു സമൂഹത്തിൻ്റെ തലവര മാറ്റി എഴുതിയ ഗോശ്രീ പാലത്തിനെതിരെ കേസ് കൊടുത്തത് സിപിഎമ്മാണ്.
ഗെയിൽ പദ്ധതി ഭുമിക്കടിയിലെ ബോബ് ആണെന്നു പറഞ്ഞ് എതിർത്തത് ജില്ലയിൽ നിന്നുള്ള മന്ത്രിയുടെ നേതൃത്വത്തിലാണ്.
മെട്രോ, വാട്ടർ മെട്രൊ,സിറ്റി ഗ്യാസ് പദ്ധതി,ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ്,സ്മാർട്ട് സിറ്റി,ഇൻഫോ പാർക്ക് തുടങ്ങി എണ്ണമറ്റ വികസന പദ്ധതികൾ യുഡിഎഫിൻ്റെ സംഭവനയാണ്.
യുഡിഎഫ് ആറു വർഷം മുൻപ് വിഭാവനം ചെയ്ത മെട്രോ രണ്ടാം ഘട്ടം കാക്കനാട്ടേക്ക് നീട്ടാൻ കഴിയാത്തവരാണ് ഒരിക്കലും നടക്കാത്ത കമ്മീഷൻ റയിൽ പിന്നാലെ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ഉമ തോമസ് എല്ലാവരുടെയും സ്ഥാനാർഥിയാണ്.ഉമ ആയിരിക്കും അടുത്ത തൃക്കാക്കരയുടെ എംഎൽഎയെന്ന് സംശയമില്ലാതെ പറയാൻ കഴിയുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയർമാൻ ഡൊമിനിക് പ്രസൻ്റേഷൻ പറഞ്ഞു.
9ന് നിയോജക മണ്ഡലം കൺവഷൻ നടത്തും.
7,8,10,11 തിയതികളിൽ മണ്ഡലം കൺവൻഷനുകളും
8,10,11,12 തിയതികളിൽ ബൂത്ത് കൺവൻഷൻ പൂർത്തിയാക്കും.
16 മുതൽ കുടുംബയോഗങ്ങൾ സംഘടിപ്പിക്കും.
17 മുതൽ 21 വരെ സ്ഥാനാർഥി പര്യടനം നടത്താനും തിരുമാനിച്ചു.
സ്ഥാനാർഥി ഉമ തോമസ്,എംപിമാരായ ബെന്നി ബഹ് നാൻ,ഹൈബി ഈഡൻ,ജെബി മേത്തർ,എംഎൽഎമാരായ അനൂപ് ജേക്കബ്,ടി.ജെ.വിനോദ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി എം.ജോൺ,കെപിസിസി ഭാരവാഹികളായ വി.പി.സജീന്ദ്രൻ,വി.ജെ.പൗലോസ്,കെ.പി.ധനപാലൻ, അബ്ദുൾ മുത്തലിഫ്, ദീപ്തി മേരി വർഗീസ്,ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, കേരളകോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഹംസ പറക്കാട്ട്,യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, ഡിസികെ സംസ്ഥാന പ്രസിഡൻ്റ് സലിം പി.മാത്യു, ആർഎസ്പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ, ജെഎസ്എസ് ജില്ലാ പ്രസിഡൻറ് വി.കെ.സുനിൽകുമാർ, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ബൈജു മേനാച്ചേരി,സിഎംപി ജില്ലാ സെക്രട്ടറി പി.രാജേഷ്, ജനതാദൾ നാഷണൽ ജില്ലാ പ്രസിഡൻ്റ് സുഗുതൻ മാല്യങ്കര, ജനതാദൾ പ്രസിഡൻ്റ് തമ്പി ചെള്ളാത്ത്, കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന സെക്രട്ടറി രാജു പാണാലിക്കൽ,ഇ.എം.മൈക്കിൾ എന്നിവർ പ്രസംഗിച്ചു.