കോഴിക്കോട്: തൃക്കാക്കര ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ സിഐ പി ആര്‍ സുനുവിനോട് അവധിയിൽ പോകാൻ നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആണ് അവധിയിൽ പോകാൻ നിർദേശം നൽകിയത്. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ മൂന്നാം പ്രതിയായ സുനു ഇന്ന് രാവിലെയാണ് ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിൽ തിരികെ പ്രവേശിച്ചത്.
ഒരാഴ്ച്ച മുൻപാണ് പീഡനക്കേസിൽ ആരോപണ വിധേയനായ സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മതിയായ തെളിവുകളുടെ അഭാവത്തിൽ സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു.
ബലാത്സംഗം അടക്കം നിരവധി കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൻ ഇൻസ്പെക്ടർ പി ആർ സുനുവിനെതിരായ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്ന് ഡിജിപി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു.
ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസിലെയും പ്രതിയാണ് ഇയാള്‍. നിലവിൽ അവസാനിപ്പിച്ച കേസ് ഉൾപ്പെടെ പുനഃപരിശോധിക്കണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സുനു സേനയിൽ തുടർന്നത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടിക്കുള്ള നീക്കം.
തൃക്കാക്കരയിൽ അടുത്തിടെ രജിസ്റ്റർ ചെയ്ത കൂട്ടബലാത്സംഗം കേസിലും സുനു ആരോപണവിധേയനായതോടെയാണ് ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥൻ സേനയിൽ തുടരുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വകുപ്പ് തല അന്വേഷണങ്ങളിൽ ചെറുവും വലതുമായ അച്ചടക്ക നടപടികള്‍ നേരിട്ടെങ്കിലും കടുത്ത നടപടിയിലേക്ക് കടന്നില്ല.
തൃക്കാക്കര കേസിൽ സുനു സംശയ നിഴലിലാണെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. നേരത്തെ തൃശൂർ പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ സുനു റിമാൻഡിൽ കഴിഞ്ഞിരുന്നു. സുനുവിനെതിരായ ക്രിമിനൽ കേസുകള്‍ കോടതിയുടെയും പരിഗണനയിലാണ്. ക്രിമിനൽ കേസിൽ പ്രതിയായാലും ശിക്ഷിച്ചാൽ മാത്രമേ സർവ്വീസിൽ നിന്നും പിരിച്ചുവിടുകയുള്ളൂ എന്ന പഴുത് ഉപയോഗിച്ചാണ് സുനു പൊലീസിൽ തുടരുന്നത്.
പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നേരത്തെ അവസാനിപ്പിച്ച നടപടികള്‍ പുനഃപരിശോധിക്കാനുള്ള തീരുമാനം. കേരള പൊലീസ് ഡിപ്പാറ്റ്മെന്‍റൽ ഇൻക്വറി പണിഷ്മെൻ്റ് ആൻ്റ് അപ്പീൽ റൂള്‍സ് 36 (എ) പ്രകാരമാണ് പുനഃപരിശോധന. പൊലീസ് പരിശോധിച്ച് അവസാനിപ്പിച്ച അച്ചടക്ക നടപടികളിൽ പുനഃപരിശോധനാധികാരം സർക്കാരിനാണ്.
അതുകൊണ്ടാണ് ആഭ്യന്തര സെക്രട്ടറിയോട് പുനഃപരിശോധനക്ക് റിപ്പോർട്ട് നൽകിയത്. പുനഃപരിശോധയിൽ സുനുവിന്‍റെ പ്രവർത്തനം തൃപ്തിമല്ലെങ്കിൽ തരംതാഴ്ത്താനും പിരിച്ചുവിടാനുമുള്ള അധികാരം സർക്കാരിനുണ്ട്. നീണ്ട നടപടിക്രമങ്ങളായത് കൊണ്ട് 36 എ വകുപ്പ് പ്രകാരമുള്ള നടപടികളിലേക്ക് ആഭ്യന്തരവകുപ്പ് കടക്കാറില്ല.