കൊച്ചി:പി ടി തോമസിന്‍റെ (PT Thomas) പൊതുദർശനത്തിന് പണം ചെലവഴിച്ചതിൽ അഴിമതി ആരോപിച്ച് തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ ബഹളം. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ കണക്ക് സമർപ്പിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ചെയർപേഴ്സന്‍റെ ഓഫീസ് ഉപരോധിച്ചു. ആരോപണം അടിസ്ഥാനരഹിതമെന്ന് ചെയർപേഴ്സൻ വിശദീകരിച്ചു.
അന്തരിച്ച പിടി തോമസിന്‍റെ മൃതദേഹം തൃക്കാക്കര നഗരസഭയിൽ പൊതുദർശനത്തിന് വയ്ക്കാനായി ചെലവഴിച്ചത് നാല് ലക്ഷത്തി മൂവായിരം രൂപ. ഇതിൽ പൂ വാങ്ങാനായി ചെലവാക്കിയത് 1,17,000 രൂപ. കൗൺസിലിന്‍റെ അനുമതിയില്ലാതെയാണ് പണം ചെലവാക്കിയതെന്നാണ് പ്രതിപക്ഷ ആരോപണം. മാത്രമല്ല പണം ചെലവിട്ട് ഒരു മാസം കഴിഞ്ഞിട്ടും ഭരണപക്ഷം ഇതിന്‍റെ കണക്ക് സമർപ്പിച്ചിട്ടില്ല. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും കണക്ക് സർപ്പിക്കാതെ ചെയർപേഴ്സൻ ഫയൽ പിടിച്ച് വച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചെയർപേഴ്സന്‍റെ ഓഫീസ് ഉപരോധിച്ചു.
ഇടത് അംഗങ്ങൾ കൂടി പങ്കെടുത്ത അടിയന്തര കൗണ്‍സിൽ യോഗമാണ് തുക ചെലവാക്കാൻ തീരുമാനിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും ഭരണപക്ഷം. മുഖ്യമന്ത്രിയടക്കം വിഐപികൾ പങ്കെടുത്തതുകൊണ്ടാണ് അലങ്കാരത്തിന് പൂക്കൾ വാങ്ങിയതെന്നും ന്യായീകരിക്കുന്നു. വിവാദത്തിന് താത്പര്യമില്ലാത്തതിനാൽ കോൺഗ്രസ് പ്രഖ്യാപിച്ച പോലെ നഗരസഭയ്ക്ക് ചെലവായ തുക രണ്ട് ദിവസത്തിനകം പാർട്ടി തിരിച്ചടക്കുമെന്നും ചെയർപേഴ്സൻ അറിയിച്ചു. എന്നാൽ തുക തിരിച്ചടച്ചാലും അഴിമതി ഇല്ലാതാകില്ലല്ലോ എന്നാണ് പ്രതിപക്ഷത്തിന്‍റെ മറുപടി.
അതേസമയം പി ടി തോമസിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും കോൺഗ്രസ് പാർട്ടിയാണ് വഹിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ വിശദമാക്കിയിരുന്നു. മറിച്ചെന്തെങ്കിലും സംഭവിച്ചിട്ടുണ്ടങ്കിൽ തിരുത്താൻ നിർദേശം കൊടുത്തിട്ടുണ്ടെന്നും പിടിയുടെ സംസ്കാരവുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിനുമില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.
മൃതദേഹത്തിൽ പൂക്കൾ വയ്ക്കേണ്ടെന്ന് അന്ത്യാഭിലാഷത്തിൽ വ്യക്തമാക്കിയ പി ടിക്കായി കോൺഗ്രസ് ഭരണസമിതി ഒരുലക്ഷത്തി ഇരുപത്തിയേഴായിരം രൂപയാണ് പൂക്കൾക്കായി മാത്രം ചിലവാക്കിയത്. പൊതുദർശന ദിവസം ചിലവഴിച്ച തുകയിൽ പരിശോധന വേണെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭ സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.