ബിഹാറിൽ മൂന്നു വയസ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു. കോപാ മർഹ നദിക്കരികിലെ സെമിത്തേരിയിലാണ് കുഞ്ഞിനെ കുഴിച്ചിട്ടത്. കുറച്ച് സ്ത്രീകൾ പതിവുപോലെ സെമിത്തേരി സന്ദർശിച്ചതാണ്. എന്നാൽ, പെട്ടെന്നാണ് അവിടെ മണ്ണ് അനങ്ങുന്നതായി ശ്രദ്ധയിൽ പെട്ടത്. എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ച് സ്ത്രീകൾ മണ്ണ് നീക്കി. എന്നാൽ, അതിനകത്തെ കാഴ്ച കണ്ട് അവർ ഞെട്ടിപ്പോയി. അതിനകത്ത് ജീവനോടെ ഒരു മൂന്നുവയസുകാരിയെ കുഴിച്ചിട്ടിരിക്കുകയായിരുന്നു.
എന്നാൽ, ഇതിനേക്കാളൊക്കെ ആളുകളെ ഞെട്ടിച്ചത് അത് ആരാണ് ചെയ്തത് എന്നതാണ്. ദൈനിക് ഭാസ്കറിന്റെ റിപ്പോർട്ട് പ്രകാരം കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട് കൊല്ലാൻ ശ്രമിച്ചത് അവളുടെ അമ്മയും അമ്മയുടെ അമ്മയും ചേർന്നാണ്. ഈ വിവരം കുട്ടി തന്നെയാണ് വെളിപ്പെടുത്തിയത്.
അവളുടെ അമ്മ അവളുടെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. ശേഷം അവളുടെ വായിൽ മണ്ണ് നിറച്ചു. പിന്നീട് ജീവനോടെ കുഴിച്ചിടുകയായിരുന്നു. കുട്ടിക്ക് അവളുടെ ഗ്രാമം ഏതാണ് എന്ന് ഓർത്തെടുത്ത് പറയാൻ സാധിച്ചില്ല. എന്നാൽ, ഈ ഹൃദയഭേദകമായ സംഭവം അവളുടെ ഓർമ്മയിലുണ്ടായിരുന്നു. അവൾ പൊലീസിനോട് ഈ വിവരങ്ങളെല്ലാം പറഞ്ഞു. സ്ത്രീകൾ എത്തുന്നതിന് കുറച്ച് മുമ്പ് മാത്രമായിരിക്കണം അവളെ അവിടെ കുഴിച്ചിട്ടിരിക്കുക. അതിനാൽ മാത്രമാണ് അവളുടെ ജീവൻ രക്ഷിച്ചെടുക്കാൻ സാധിച്ചത്.
വിവരമറിയിച്ചതിനെ തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട എഎസ്ഐ രവീന്ദർ സിംഗ് സ്ഥലത്തെത്തുമ്പോൾ കുട്ടിയോട് ഗ്രാമവാസികൾ സംസാരിക്കുകയായിരുന്നു. അവർ കൊടുത്ത വെള്ളവും അവൾ കുടിക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ ആരോഗ്യാവസ്ഥ വളരെ മോശമായിരുന്നു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തന്റെ പേര് ലാലി എന്നാണെന്നും അച്ഛന്റെ പേര് രാജു എന്നും അമ്മയുടെ പേര് രേഖാ ദേവി എന്നാണെന്നും കുട്ടി പറഞ്ഞു. അമ്മയും അമ്മമ്മയും തന്നെ ഉപദ്രവിച്ചു, താൻ കരഞ്ഞപ്പോൾ വായിൽ മണ്ണ് നിറച്ചു, പിന്നീട് കുഴിച്ചിട്ടു എന്നും കുട്ടി പറഞ്ഞു.