പാര്‍ട്ടി വിട്ടതിന് യുവാവിനെ കെട്ടിതൂക്കി മര്‍ദിച്ചു: എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊണ്ടോട്ടി : എസ്ഡിപി ഐ വിട്ടതിന് യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദിച്ചു. യുവാവിനെ മര്‍ദിച്ച വധിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പുളിക്കല്‍ ചെറുകാവ് കൂണ്ടേരിയാലുങ്ങല്‍ കോടംവീട്ടില്‍ നൗഷാദ്(36), പള്ളിക്കല്‍ റൊട്ടി പീടികകുണ്ട് മുസ്തഫ(40) ആണൂര്‍ പള്ളിക്കല്‍ ബസാര്‍ ചാലെപാടി സഹീര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി ഡി വൈ എസ് പി അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് മൂവരെയും അറസ്റ്റ് ചെയ്തത്.

പള്ളിക്കല്‍ സ്വദേശി മുജീബ് റഹ്‌മാനാ(40)ണ് മര്‍ദനത്തിനിരയായത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞമാസം 20നാണ് മുജീബ് ഹ്‌മാനെ വീട്ടില്‍നിന്നും തട്ടിക്കൊണ്ട്പോയി കരിപ്പൂരിലെ എസ്ഡിപിഐയുടെ ഒരു പ്രമുഖ നേതാവിന്റെ വീട്ടില്‍ എത്തിച്ച് നഗ്നനാക്കി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിച്ചത്. അവശനായ മുജീബ് വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചതായും പോലീസ് പറയുന്നു.

മാരകമായി പരുക്കേറ്റ ഇയാളെ പുലര്‍ച്ചെ വീട്ടില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. സംഭവം പോലീസില്‍ പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. ഭീഷണി ഭയന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രി മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം ഇയാളുടെ വീട്ടിലെത്തി വധഭീഷണി മുഴക്കുകയും ചെയ്തു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതോടെ പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News