24.7 C
Kottayam
Sunday, May 19, 2024

10 മിനിറ്റിനിടെ മൂന്ന് കവർച്ച, ഒരാളെ കുത്തിക്കൊന്നു; ലക്ഷ്യമിടുന്നത് വയോധികരെ

Must read

ന്യൂഡല്‍ഹി: തലസ്ഥാനനഗരിയെ നടുക്കി വീണ്ടും കൊലപാതകവും കവര്‍ച്ചയും. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സാഗര്‍പുര്‍ മേഖലയിലാണ് പത്തുമിനിറ്റിനുള്ളില്‍ മൂന്ന് വ്യത്യസ്ത അക്രമസംഭവങ്ങളുണ്ടായത്. കവര്‍ച്ചാശ്രമത്തിനിടെ ഒരു വയോധികനെ കുത്തിക്കൊല്ലുകയും ചെയ്തു.

കഴിഞ്ഞദിവസം നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലും വയോധികരാണ് കൊള്ളയടിക്കപ്പെട്ടത്. ഇതില്‍ ഒരാള്‍ക്ക് ജീവനും നഷ്ടമായി. കുപ്രസിദ്ധ ഗുണ്ടയായ അക്ഷയ്കുമാറും കൂട്ടാളികളുമാണ് സാഗര്‍പുര്‍ മേഖലയില്‍ മാരത്തോണ്‍ കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇയാളെയും കൂട്ടുപ്രതികളായ വൈഭവ് ശ്രീവാസ്തവ, സോനു എന്നിവരെയും കഴിഞ്ഞദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. അറസ്റ്റിലായ അക്ഷയ്കുമാര്‍ 42 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം.

ഞായറാഴ്ച രാവിലെ ഫിസിയോതെറാപ്പിസ്റ്റിനെ സന്ദര്‍ശിക്കാനായി പോയ 74-കാരനായ മോഹന്‍ലാല്‍ ഛബ്രയെയാണ് പ്രതികള്‍ ആദ്യം കൊള്ളയടിച്ചത്. കവര്‍ച്ചാശ്രമത്തിനിടെ വയോധികനെ കുത്തിക്കൊലപ്പെടുത്തിയ പ്രതികള്‍, സ്വര്‍ണാഭരണവും പണവും മോഷ്ടിച്ചാണ് കടന്നുകളഞ്ഞത്. കുത്തേറ്റ് റോഡില്‍വീണ വയോധികനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവം നടന്ന് പത്തുമിനിറ്റിനുള്ളിലാണ് സാഗര്‍പുര്‍മേഖലയില്‍ രണ്ട് വയോധികര്‍ കൂടി കൊള്ളയടിക്കപ്പെട്ടത്. 74-കാരനെ കൊന്ന് സ്വര്‍ണവും പണവും കവര്‍ന്ന പ്രതികള്‍ തൊട്ടുപിന്നാലെ അശോക് എന്ന 54-കാരനെ ആക്രമിച്ചു. ഇതിനുശേഷം 70-കാരനായ ഓംദത്തിനെയും പ്രതികള്‍ കൊള്ളയടിച്ചു. ഇദ്ദേഹത്തില്‍നിന്ന് 500 രൂപയും ചില രേഖകളുമാണ് സംഘം മോഷ്ടിച്ചത്. ഇരുവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഒരേസ്ഥലത്ത് മിനിറ്റുകള്‍ക്കുള്ളില്‍ മൂന്ന് കവര്‍ച്ചകളും ഒരു കൊലപാതകവും അരങ്ങേറിയതോടെ ഡല്‍ഹി പോലീസ് പ്രതികള്‍ക്കായി വ്യാപകതിരച്ചില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് പ്രാദേശികമായി ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുപ്രസിദ്ധ ക്രിമിനലായ അക്ഷയ്കുമാര്‍ അടക്കമുള്ളവരെ പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും മോഷണമുതലും കണ്ടെടുത്തു. സംഭവസമയത്ത് പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കമുള്ളകാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

അതിനിടെ, നഗരത്തില്‍ വയോധികരെ ലക്ഷ്യമിട്ടുള്ള ആക്രമണം ഡല്‍ഹി പോലീസിന് പുതിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി മുതിര്‍ന്നപൗരന്മാരാണ് രാവിലെ നഗരത്തില്‍ നടക്കാനിറങ്ങുന്നത്. പ്രഭാതസവാരിക്കിറങ്ങുന്നവരെയും ഒറ്റപ്പെട്ട സ്ഥലങ്ങളിലൂടെ പോകുന്നവരെയും ലക്ഷ്യമിട്ടാണ് കവര്‍ച്ചാസംഘങ്ങള്‍ നഗരത്തില്‍ തമ്പടിക്കുന്നത്. വയോധികരെ ലക്ഷ്യമിട്ടുള്ള ആക്രമണം നഗരത്തിലെ കവര്‍ച്ചാസംഘങ്ങളുടെ പുതിയ പ്രവര്‍ത്തനരീതിയാണെന്നും പോലീസ് കരുതുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ഇതിന് തടയിടാനുള്ള ശ്രമത്തിലാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week