തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ള മൂന്നു പോലീസുകാരെ പിരിച്ചുവിട്ടു. സിഐ അഭിലാഷ്, പോലീസ് ഡ്രൈവര്‍ ഷെറി എസ് രാജ്, ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ റെജി ഡേവിഡ് എന്നിവരെയാണ് പിരിച്ചുവിട്ടത്. രണ്ടുപേര്‍ പീഡനക്കേസില്‍ പ്രതിയായതിനും ഒരാള്‍ പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിനുമാണ് നടപടി.
ശ്രീകാര്യം എസ്എച്ച്ഒ ആയിരിക്കെ പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിനാണ് അഭിലാഷിനെ പിരിച്ചുവിട്ടത്. റെയില്‍വേ പോലീസില്‍ സിഐ ആയിരുന്ന അഭിലാഷ് നിലവില്‍ ഗുണ്ടാബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായിരുന്നു. ലൈംഗീക പീഡനക്കേസിലും വയോധികയെ മര്‍ദിച്ച കേസിലും പ്രതിയായതിനാലാണ് നന്ദാവനം എആര്‍ ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ് രാജിനെതിരേ നടപടി സ്വീകരിച്ചത്. മെഡിക്കല്‍ കോളേജ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് റെജി ഡേവിഡിനെ പിരിച്ചുവിട്ടത്.
ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാല്‍ തിരുവനന്തപരുത്ത് രണ്ട് ഡിവൈഎസ്പിമാരെയും വ്യാഴാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ജെ ജോണ്‍സണ്‍, വിജിലന്‍സ് ഡിവൈഎസ്പി പ്രസാദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുണ്ടാബന്ധത്തിന്റെ പേരില്‍ തലസ്ഥാനത്ത് നാല് സിഐ അടക്കം അഞ്ച് ഉദ്യോഗസ്ഥരേയും അടുത്തിടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.