കിടക്കപങ്കിടാൻ വിസമ്മതിച്ചു; 19കാരിയെ കൊന്നു: ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ

ഹരിദ്വാര്‍∙ ഉത്തരാഖണ്ഡിലെ റിസോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന 19 വയസുള്ള റിസപ്ഷനിസ്റ്റ് അങ്കിതയുടെ കൊലപാതകത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്ന് റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരവിട്ടു. 

പുല്‍കിതിന്റെ ഉടമസ്ഥതയില്‍ പൗരി ജില്ലയിലുള്ള യംകേശ്വറിലെ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കനാലില്‍നിന്നാണ് കണ്ടെത്തിയത്. റിസോര്‍ട്ടില്‍ എത്തിയവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന. പെണ്‍കുട്ടിയുടെ പിതാവ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. 

പെണ്‍കുട്ടിയെ കാണാനില്ലെന്ന് പുല്‍കിത് തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തിലാണ് റിസോര്‍ട്ടിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ പുല്‍കിത് കൊന്നതാണെന്ന് കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു. പുല്‍കിതിന് പുറമേ റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസി. മാനേഷര്‍ അങ്കിത് ഗുപ്ത എന്നിവരെയും അറസ്റ്റ് ചെയ്തു. 

പുല്‍കിതിന്റെ പിതാവ് വിനോദ് ആര്യക്ക് ഒരു വകുപ്പിന്റെയും ചുമതലമില്ലെങ്കിലും ക്യാബിനറ്റ് പദവിയാണ് നല്‍കിയിരിക്കുന്നത്. ഉത്തരാഖണ്ഡ് മട്ടി കലാ ബോര്‍ഡ് ചെയര്‍പെഴ്‌സണായ വിനോദിന്റെ മറ്റൊരു മകനായ അങ്കിതും ബിജെപി നേതാവാണ്.

 

ഋഷികേശി ല്‍നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന റിസോര്‍ട്ട്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കേസ് റജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് പ്രതികളെ കണ്ടെത്തി. 

എന്നാല്‍ സെപ്റ്റംബര്‍ 18-ന് പെണ്‍കുട്ടിയെ കാണാതായിട്ട് 21നാണ് പൊലീസ് കേസെടുത്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി അധികാരദുര്‍വിനിയോഗമാണ് നടത്തുന്നതെന്നും കോണ്‍ഗ്രസ് വക്താവ് ഗരിമ മെഹ്‌റ പറഞ്ഞു. കൊലപാതകത്തില്‍ പങ്കാളികളായത് ആരായിരുന്നാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News