തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്ററിലെ (വിഎസ്എസ്സി) ടെക്നിക്കൽ- ബി തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ മൂന്ന് പേര് കൂടി അറസ്റ്റില്‍. ഹരിയാന സ്വദേശികളായ ലഖ്വിന്ദർ, ഋഷിപാൽ, ദീപക് ഷിയോകന്ദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹരിയാനയില്‍ നിന്നാണ് കേരള പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി കേരളത്തില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ദീപകാണ് തട്ടിപ്പിന്റെ സൂത്രധാരനെന്ന് പൊലിസ് പറഞ്ഞു. പ്രതികളെ കേരളത്തിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും.
നേരത്തെ ഈ സംഭവവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. തട്ടിപ്പ് നടന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പരീക്ഷ നേരത്തെ റദ്ദാക്കിയിരുന്നു.
ആൾമാറാട്ടവും ഹൈടെക് കോപ്പിയടിയും കണ്ടെത്തിയ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷ വീണ്ടും നടത്തുമെന്ന് വിഎസ്എസ്സി അധികൃതർ അറിയിച്ചു.
സുനിൽ എന്ന പേരിൽ പരീക്ഷ എഴുതിയ ഗൗതം ചൗഹാനും സുമിത്ത് എന്ന പേരിൽ പരീക്ഷക്കെത്തിയ മനോജ് കുമാറുമാണ് ആദ്യം പിടിയിലായത്. ചോദ്യ പേപ്പറിന്റെ ചിത്രം പകർത്തി, ഫോൺ വഴി ആള്‍മാറാട്ടക്കാർ ഹരിയാനയിലെ ഹൈടെക് സംഘത്തിന് അയച്ചു കൊടുത്താണ് പരീക്ഷയില്‍ തട്ടിപ്പ് നടത്തിയത്.
പുറത്തുള്ള സംഘം ഉത്തരങ്ങള്‍ പരീക്ഷാ ഹാളിലുള്ളവരുടെ ചെവിക്കുള്ളിലെ ചെറിയ ബ്ലൂ ടൂത്ത് വഴി പറഞ്ഞു നൽകി. തട്ടിപ്പിന് സംഘം ഉപയോഗിച്ച സിം കാർഡ് യഥാർത്ഥ ഉദ്യോഗാർത്ഥിയുടേതാണ്. വിമാനത്തിൽ വന്ന് വിമാനത്തിൽ തിരിച്ചുപോകാനായിരുന്നു പ്രതികളുടെ പദ്ധതി.
വിമാന ടിക്കറ്റ് അടക്കമായിരുന്നു ഓഫർ. തിരുവനന്തപുരം മ്യൂസിയം എസ്ഐ ജിജുവിന് ലഭിച്ച രഹസ്യ വിവരമാണ് വൻ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലിസിന്റെ നിഗമനം.