ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന പേരില്‍ വീഡിയോകോൾ, ഡിജിറ്റൽ അറസ്റ്റ് ഭീഷണി; സ്ത്രീയിൽനിന്ന് തട്ടിയത് 93 ലക്ഷം, 3 പേർ കൂടി പിടിയിൽ

മലപ്പുറം: ഡിജിറ്റല്‍ അറസ്റ്റ് ചെയ്തുവെന്ന് ഭീഷണിപ്പെടുത്തി എടപ്പാള്‍ സ്വദേശിനിയില്‍നിന്ന് 93 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍. നെടിയിരിപ്പ് മുസ്ലിയാരങ്ങാടി സ്വദേശി കെ. സജീര്‍ (34), പുല്‍പ്പറ്റ കാരാപറമ്പ് മൂലക്കടവന്‍ സല്‍മാന്‍ മൂസ (33), മൊറയൂര്‍ പൂന്തലപ്പറമ്പ് ചെമ്പന്‍കുന്ന് ശിഹാബുദ്ദീന്‍ (36) എന്നിവരെയാണ് മലപ്പുറം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

എടപ്പാള്‍ സ്വദേശിനിയുടെ മൊബൈല്‍ നമ്പറിലേക്ക് വിവിധ നമ്പറുകളില്‍നിന്ന് വിളിച്ച് മുംബൈ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരിയുടെ പേരില്‍ മുംബൈയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് മുംബൈ പോലീസ് ഓഫീസറുടെ വേഷത്തില്‍ വാട്സാപ്പിലൂടെ വീഡിയോ കോള്‍ ചെയ്ത് പണം ആവശ്യപ്പെടുകയായിരുന്നു. മാനസിക സമ്മര്‍ദത്തിലായ അവര്‍ ഭീതി മൂലം 93 ലക്ഷം രൂപ പ്രതികള്‍ക്ക് അയച്ചുകൊടുത്തിരുന്നു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കേസില്‍ നേരത്തെ നാലുപേര്‍ പിടിയിലായിരുന്നു. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ജയചന്ദ്രന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഐ.സി. ചിത്തരഞ്ജനാണ് കേസ് അന്വേഷിക്കുന്നത്. സൈബര്‍ പോലീസ് ടീം എസ്ഐമാരായ അബ്ദുല്‍ ലത്തീഫ്, കെ.വി.എം. നജുമുദ്ധീന്‍, എഎസ്ഐ അനീഷ് കുമാര്‍, എസ്സിപിഒ ഷിബിന്‍, സിപിഒമാരായ മന്‍സൂര്‍ അയ്യോളി, റിജില്‍ രാജ്, വിഷ്ണു ശങ്കര്‍, ജയപ്രകാശ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ട്.

ബാങ്ക് അക്കൗണ്ടുകള്‍ പ്രതിഫലം നല്‍കി വാടകക്കെടുത്ത് തട്ടിപ്പുകള്‍ക്ക് നല്‍കുന്ന ഇടനിലക്കാരായ സംഘങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത് കേസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരം തട്ടിപ്പിലൂടെ സമ്പാദിച്ച പണം പിന്‍വലിച്ച ആളുകളെയാണ് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News