തിരുവനന്തപുരം∙ കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്തത് പലിശക്കുരുക്കിൽപ്പെട്ട്. 12 ലക്ഷം രൂപ വിവിധ ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തികളിൽനിന്നും കടമെടുത്ത കുടുംബം പലിശ അടക്കം 40 ലക്ഷംരൂപയാണ് തിരികെ നൽകാനുണ്ടായിരുന്നത്. വസ്തുവും വീടും വിറ്റ് കടം വീട്ടാൻ ശ്രമിച്ചെങ്കിലും നടക്കാതായതോടെയാണ് കുടുംബം ആത്മഹത്യ ചെയ്തത്. കഠിനംകുളം പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കൽ കാർത്തിക വീട്ടിൽ രമേശൻ (48), ഭാര്യ സുലജ കുമാരി (46), മകൾ രേഷ്മ (23) എന്നിവരാണ് കിടപ്പുമുറിയില്‍ തീ കൊളുത്തി മരിച്ചത്. ഇന്നലെയാണ് രമേശൻ വിദേശത്തുനിന്ന് നാട്ടിലെത്തിയത്.
സുലജ കുമാരിയുടെ അച്ഛൻ വിദേശത്തുപോകാനായി വർഷങ്ങൾക്കു മുൻപ് പണം പലിശയ്ക്കെടുത്തിരുന്നു. പിന്നീട് വിവിധ ആവശ്യങ്ങൾക്കായും കടം വാങ്ങിയ പണം തിരികെ നൽകാനും പലിശയ്ക്കു പണം വാങ്ങി. കടം തീർക്കാനായി ഗൾഫിൽപോകാൻ രമേശനും കടം വാങ്ങിയിരുന്നു. മുതൽ തിരിച്ചടച്ചതായാണ് ബന്ധുക്കൾ പറയുന്നത്. പലിശയിനത്തിൽ ഭീമമായ തുക തിരിച്ചടയ്ക്കണമെന്ന് ഭീഷണിയുണ്ടായി. പണം കടം നൽകിയവർ വീട്ടിലെത്തി ബഹളമുണ്ടാക്കി. 22 പേർക്കാണ് പണം നൽകാനുണ്ടായിരുന്നത്.
പണം തിരിച്ചടയ്ക്കാനാണ് രമേശൻ ഗൾഫിലേക്ക് പോയത്. എന്നാൽ, ഭീമമായ പലിശ തുക ശമ്പളത്തിൽനിന്ന് തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. വസ്തുവും വീടും വിറ്റ് പണം തിരികെ നൽകാൻ ആലോചിച്ചെങ്കിലും പണം കടം കൊടുത്തവരിൽ ചിലർ യോജിച്ചില്ല. പണവുമായി സ്ഥലം വിടുമെന്ന് ആരോപിച്ച് അവരിൽ ചിലർ കേസ് കൊടുത്തതോടെ വീടും സ്ഥലവും വാങ്ങാനെത്തിയവർ പിൻവാങ്ങി. ലോൺ എടുത്ത് കടം അടയ്ക്കാനുള്ള ശ്രമവും വിജയിച്ചില്ല.
ഇന്നലെയാണ് രമേശൻ വിദേശത്തുനിന്നെത്തിയത്. ലോൺ ശരിയായെന്നാണു പറഞ്ഞിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഉച്ചയ്ക്കും രാത്രിയും കുടുംബാംഗങ്ങൾ ഒന്നിച്ചു ഭക്ഷണം കഴിച്ചു. മറ്റു പ്രശ്നങ്ങളുള്ളതായി ബന്ധുക്കൾക്കു തോന്നിയില്ല. പിന്നീടാണു കിടപ്പുമുറിയിൽ തീ കൊളുത്തി മൂന്നു പേരും മരിച്ചത്. മകൻ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. 8 വർഷം മുൻപ് കടം വാങ്ങിയ 12 ലക്ഷത്തിന്റെ കടമാണ് പലിശ കയറി വലിയ തുകയായതെന്നു ബന്ധുക്കൾ പറഞ്ഞു. മുതൽ കൊടുത്തെങ്കിലും പലിശ കൊടുക്കാൻ കഴിഞ്ഞില്ല. ഒരാൾക്കും മാത്രം 46,000 രൂപ മാസം പലിശ കൊടുത്തിരുന്നു. സ്ഥലം വില്‍ക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് രമേശൻ ഗൾഫിൽ ഡ്രൈവറായി പോയത്.
കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. രാത്രി പന്ത്രണ്ട് മണിയോടെ ജനൽ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയൽവാസികൾ നോക്കിയപ്പോഴാണ് കിടപ്പ് മുറിക്കുള്ളിൽ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്.വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. മുൻവാതിൽ തകർത്ത് സമീപവാസികൾ അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതിൽ തുറക്കാതിരിക്കാൻ അലമാരയും മറ്റും ചേർത്ത് വച്ചിരിക്കുകയായിരുന്നു. പുറത്തെ ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രമേശന്‍റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. സുലജയുടെയും രേഷ്മയുടെയും മൃതദേഹങ്ങൾ കട്ടിലിലാണ് കിടന്നിരുന്നത്. മകൻ തമിഴ്നാട്ടിൽ ചെണ്ടമേളത്തിന് പോയിരിക്കുകയായിരുന്നു.