NationalNews

‘ജഡ്ജി നിയമനത്തിന് കേന്ദ്രം പട്ടിക നൽകുന്നു; സ്ഥലമാറ്റ തീരുമാനത്തിൽ ബാഹ്യ ഇടപെടലെന്ന പ്രതീതി’

ന്യൂഡല്‍ഹി: ജഡ്ജി നിയമനത്തിന് പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്രം നല്‍കുന്നുവെന്ന് സുപ്രീംകോടതി. കൊളീജിയം ശുപാര്‍ശ ചെയ്യാത്ത പേരുകളാണ് പട്ടികയിലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍. കൊളീജിയം രണ്ടാമതും അയക്കുന്ന ജഡ്ജി നിയമന ശുപാര്‍ശ കേന്ദ്രം മടക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലമാറ്റം സംബന്ധിച്ച കൊളീജിയം ശുപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടല്‍ ആണെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നല്‍കിയ 22 ശുപാര്‍ശകള്‍ കേന്ദ്ര നിയമമന്ത്രാലയം നവംബറില്‍ മടക്കിയിരുന്നു. ഇതില്‍ ഒമ്പത് എണ്ണം കൊളീജിയം രണ്ടാമതും നല്‍കിയ ശുപാര്‍ശകളാണ്. അവര്‍ത്തിച്ച് നല്‍കുന്ന ശുപാര്‍ശകള്‍ കേന്ദ്രം മടക്കുന്നത് വിഷയമാണെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ചൂണ്ടിക്കാട്ടി. കേന്ദ്രം നല്‍കിയ പട്ടികയില്‍ ചില പേരുകള്‍ കൊളീജിയം പരിഗണിക്കാത്തവയാണ്. ഈ പേരുകള്‍ കൊളീജിയം പരിഗണിക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ശുപാര്‍ശ മടക്കിയതെന്നും ജസ്റ്റിസ് കൗള്‍ ചൂണ്ടിക്കാട്ടി.

ഇങ്ങനെ മടക്കിയ ശുപാര്‍ശകളില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് കൊളീജിയം യോഗം ചേര്‍ന്ന് ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരള ഹൈക്കോടതി ജഡ്ജിമാരായി അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ.എ. സഞ്ജീത എന്നിവരെ നിയമിക്കുന്നതിനുള്ള കൊളീജിയം രണ്ടാമത് നല്‍കിയ ശുപാര്‍ശയും കേന്ദ്ര സര്‍ക്കാര്‍ മടക്കിയിരുന്നു. ജഡ്ജിമാരുടെ സ്ഥലമാറ്റം സംബന്ധിച്ച ശുപാര്‍ശകള്‍ കൊളീജിയം തയ്യാറാക്കുന്നത് വിവിധ ഭരണപരമായ ഘട്ടങ്ങള്‍ ഉള്‍പ്പടെ കണക്കിലെടുത്താണ്. സ്ഥലംമാറ്റം സംബന്ധിച്ച കൊളീജിയത്തിന്റെ പത്തോളം ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് കാര്യമായ പങ്കില്ല. എന്നാല്‍, തീരുമാനം വൈകുകയാണ്. ഇത് അസ്വീകാര്യമാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റുന്നതിനുള്ള കൊളീജിയം ശുപാര്‍ശകളില്‍ ഉള്‍പ്പടെ തീരുമാനം വൈകുന്ന കാര്യവും ബെഞ്ച് ചൂണ്ടിക്കാട്ടി. ഗുവാഹാട്ടിക്ക് പുറമെ, ഝാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍, ലഡാക് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നതിനുള്ള ശുപാര്‍ശയാണ് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ളത്. എന്നാല്‍ വിവിധ ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പടെ അഞ്ച് പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശയിലും കൊളീജിയം തീരുമാനം വൈകുകയാണ്. അതിനാലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം സംബന്ധിച്ച തീരുമാനവും വൈകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ജഡ്ജി നിയമനം സംബന്ധിച്ച ശുപാര്‍ശകളില്‍ തീരുമാനം ഉണ്ടാക്കുന്ന കാര്യം ഉറപ്പുവരുത്താന്‍ കോടതി അറ്റോര്‍ണി ജനറലിനോട് നിര്‍ദേശിച്ചു.

സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ തന്നെ കൊളീജിയം ശുപാര്‍ശകളില്‍ തീരുമാനം എടുക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി വ്യക്തമാക്കി. ഹൈക്കോടതികളിലെ ഉള്‍പ്പെടെ ജഡ്ജി നിയമനത്തിനായുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ 44 ശുപാര്‍ശകളില്‍ ശനിയാഴ്ച തീരുമാനം എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൊളിജീയം നല്‍കിയ 104 ശുപാര്‍ശകളാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. മറ്റ് ശുപാര്‍ശകളും പരിശോധിച്ച് വൈകാതെ തീരുമാനം ഉണ്ടാകുമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker